സൗജന്യ അന്നമൊരുക്കി ചവറ ബ്ലോക്ക് പഞ്ചായത്ത്

post

കൊല്ലം: ചവറ ബ്ലോക്ക് പഞ്ചായത്തിനുകീഴില്‍ ഒരാള്‍ പോലും പണമില്ലാത്തതിന്റെ പേരില്‍ ഇനി വിശന്നിരിക്കില്ല. വിശപ്പ്‌രഹിത ചവറ പദ്ധതിയിലൂടെ സൗജന്യഭക്ഷണം നിത്യേന ഉറപ്പാക്കുകയാണ് ബ്ലോക്ക് പഞ്ചായത്ത്. പഞ്ചായത്ത് ഓഫീസ് പരിസരത്തുള്ള കന്റീനിലാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ കനിവിന്റെ അന്ന സമൃദ്ധി ഒരുക്കുന്നത്.

മീന്‍കറിയും    വറുത്തതും ഉള്‍പ്പെടെയുള്ള   വിഭവങ്ങളാണ് ഊണിനൊപ്പം. ദാരിദ്ര്യം അനുഭവിക്കുന്നവര്‍ക്ക് സൗജന്യമായി ഊണ് കഴിക്കാം. മറ്റുള്ളവര്‍ക്ക് ചിലവ് 60 രൂപ മാത്രം. സൗജന്യമായി ആഹാരം നല്‍കുന്ന പദ്ധതിയിലേക്ക് സംഭാവന നല്‍കുന്നതിനായി ഇവിടെ പെട്ടിയും സ്ഥാപിച്ചിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പ്‌രഹിത കേരളം എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവട് വയ്പ്പാണ്  ഇവിടെ നടപ്പിലാക്കുന്നതെന്നും പദ്ധതിയുടെ നടത്തിപ്പിനായി ഒട്ടേറെ സുമനസ്സുകള്‍ സഹായം നല്‍കുന്നുണ്ടെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കൃഷ്ണകുമാര്‍ പറയുന്നു. 

വിശപ്പ്‌രഹിത ചവറ പദ്ധതി വരും വര്‍ഷങ്ങളില്‍  ബ്ലോക്കിലെ എല്ലാ പഞ്ചായത്ത് പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.  ദിവസവും  കുറഞ്ഞത് 20 പേരെങ്കിലും സൗജന്യ ഭക്ഷണത്തിന്റെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് ബി. ഡി. ഒ ജോയി റോഡ്‌സ് പറഞ്ഞു.