കുന്നംകുളം ചെമ്മണൂർ തോടിന് പുനർജന്മം

post

തൃശ്ശൂര്‍: കുന്നംകുളം നഗരസഭയിലെ മധുരക്കുളം മുതൽ ചെമ്മണൂർപാലം വരെ മൂന്ന് മീറ്റർ വീതിയിൽ അഞ്ച് കിലോമീറ്റർ ദൂരം വരുന്ന ചെമ്മണൂർ തോടിന് പുനർജന്മം. ഇതിന്റെ ഭാഗമായി തോട്ടിലെ നീരൊഴുക്ക് സുഗമമാക്കുന്നതിന് ജെ സി ബി ഉപയോഗിച്ച് അഴുക്കും മണ്ണും നീക്കം ചെയ്യാൻ തുടങ്ങി. നഗരസഭ ചെയർപേഴ്‌സൺ സീത രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻറിങ് കമ്മിറ്റി ചെയർപേഴ്‌സൺ മിഷ സെബാസ്റ്റ്യൻ, സെക്രട്ടറി കെ. കെ. മനോജ്, കൗൺസിലർമാരായ പുഷ്പ ജോൺ, ഒ. ജി. ബാജി എന്നിവർ സന്നിഹിതരായിരുന്നു. 2019-20 വർഷം കുന്നംകുളം നഗരസഭക്ക് ലഭിച്ച ഹരിത കേരളം അവാർഡ് തുക ഉപയോഗിച്ചാണ് 'ഇനി ഞാൻ ഒഴുകട്ടെ ' എന്ന പദ്ധതിയുടെ ഭാഗമായി തോട് പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുന്നത്.

ഹരിത കേരളം അവാർഡ് തുക അഞ്ച് ലക്ഷം രൂപ ശുചിത്വം /ജലസംരക്ഷണം പരിപാടികൾക്ക് ഉപയോഗപ്പെടുത്തണമെന്ന സർക്കാർ നിർദ്ദേശത്തെ തുടർന്നാണ് പ്രവൃത്തി ആരംഭിച്ചിട്ടുള്ളത്. ചെമ്മണൂർ തോട് ജല സമൃദ്ധമാകുന്നതോടെ ഇവിടുത്തെ പാടശേഖരങ്ങൾ ഹരിതാഭമാകുമെന്ന് മാത്രമല്ല പരിസരത്തെ ജല സ്രോതസുകൾ തെളിനീരിനാൽ സമ്പുഷ്ടവുമാകും.