എറിയാട് പഞ്ചായത്തിൽ തരിശുഭൂമിയിൽ കൃഷി ആരംഭിച്ചു

post

തൃശ്ശൂര്‍: എറിയാട് ഗ്രാമപഞ്ചായത്തിൽ തരിശുഭൂമിയായി കിടക്കുന്ന പ്രദേശങ്ങളിൽ കൃഷിക്ക് തുടക്കമിട്ടു. ലോക്ക് ഡൗൺ കാലത്ത് കൃഷിയിൽ സ്വയംപര്യാപ്തത കൈവരിക്കാൻ തരിശുഭൂമി കണ്ടെത്തി കൃഷിചെയ്യാനുള്ള മുഖ്യമന്ത്രിയുടെ ആഹ്വാനപ്രകാരമാണ് പഞ്ചായത്തിൽ തരിശുഭൂമി കൃഷി ആരംഭിക്കുന്നത്. ഇതിന്റെ ആദ്യഘട്ടം മൂന്നാം വാർഡിൽ സ്വകാര്യവ്യക്തിയുടെ ഒരേക്കർ വരുന്ന തരിശുഭൂമിയിൽ വിത്തുപാകി പഞ്ചായത്ത് പ്രസിഡന്റ് പ്രസാദിനി മോഹനൻ ഉദ്ഘാടനം ചെയ്തു. മാടവന ഗ്രാമവ്യവസായ സഹകരണസംഘം പ്രസിഡന്റ് അശോകൻ, സുരേഷ് എന്നിവർ ചേർന്നാണ് നെൽകൃഷിക്ക് തുടക്കമിടുന്നത്.

പദ്ധതിയുടെ ഭാഗമായി തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെ പച്ചക്കറി കൃഷിയും നടത്താനുള്ള ഒരുക്കത്തിലാണ് അധികൃതർ. വാർഡംഗം ബേബി ജനാർദ്ദനൻ, വി ജി മോഹനൻ, കർഷകസംഘം അംഗങ്ങൾ എന്നിവർ പങ്കെടുത്തു.