കൊട്ടാരക്കരയില്‍ ഫ്‌ളൈ ഓവര്‍ നിര്‍മാണം പരിഗണനയില്‍

കൊല്ലം: ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ കൊട്ടാരക്കര നഗരത്തില്‍ ഫ്‌ളൈ ഓവര്‍ നിര്‍മിക്കുന്ന കാര്യം പരിഗണനയിലാണെന്ന് മന്ത്രി ജി സുധാകരന്‍. ഫ്‌ളൈ ഓവറിന്റെ പദ്ധതി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മറ്റു നടപടിക്രമങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. താഴത്ത് കുളക്കടയില്‍ ചെട്ടിയാരഴികത്ത് പാലത്തിന്റെയും ചീരങ്കാവ് മാറനാട് പുത്തൂര്‍ താഴത്തുകുളക്കട റോഡിന്റെയും നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ വികസന നേട്ടങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാവണം. ഒരു ലക്ഷം കോടിയിലേറെ തുകയാണ് പൊതുമരാമത്ത് വകുപ്പ് കേരളത്തിലെ വികസനത്തിനായി നിക്ഷേപിച്ചിട്ടുള്ളത്. പദ്ധതികള്‍ സമയബന്ധിതവും സുതാര്യവുമായി ചെയ്തു തീര്‍ക്കാനും സര്‍ക്കാരിന് സാധിക്കുന്നുണ്ട്. പക്ഷെ നാട്ടില്‍ വികസന സമിതികളെന്ന പേരിലുള്ള സംഘങ്ങള്‍ വികസനത്തിന് തടസ്സം നല്‍ക്കുന്നത് ഭൂഷണമല്ല. ചരിത്രത്തില്‍ മുന്‍പെങ്ങുമില്ലാത്തവിധം റോഡുകളും പാലങ്ങളും കെട്ടിടങ്ങളും ഉയരുമ്പോഴും നിര്‍മാണത്തിലെ ചെറിയ അപാകതകള്‍ ചില തത്പരകക്ഷികള്‍ പെരുപ്പിച്ച് കാണിച്ച് സര്‍ക്കാരിനെ മോശപ്പെടുത്തുകയാണ്, ഇത് ശരിയല്ല.
കൊട്ടാരക്കര നിയോജക മണ്ഡലത്തില്‍ മാത്രം 300 കോടി രൂപയുടെ വികസന പദ്ധതികളാണ് പൊതുമരാമത്ത് വിഭാവനം ചെയ്യുന്നത്. ജില്ലയില്‍ 3800 കോടി രൂപയുടെ പദ്ധതികള്‍ക്കും സര്‍ക്കാര്‍ നിക്ഷേപം നടത്തുന്നു. സത്യം ഇതാണെന്നിരിക്കെ കുറ്റം മാത്രം പറയുന്നവരെ ഒറ്റപ്പെടുത്താന്‍ ജനം തയ്യാറാവണമെന്നും മന്ത്രി പറഞ്ഞു. കരാര്‍ എടുക്കുന്നവര്‍ നിശ്ചിത പ്രവൃത്തികള്‍ ചെയ്യുന്നില്ലെങ്കില്‍ ഇടപെടാന്‍ അധികാരപ്പെട്ടവര്‍ തയ്യാറാവണം. തദ്ദേശ സ്ഥാപനങ്ങളും ഇത്തരം സന്ദര്‍ഭങ്ങളില്‍ നിയമപരമായി ഇടപെടണമെന്നും മന്ത്രി പറഞ്ഞു.