മൈക്രോഗ്രീന്‍ വിളയിച്ച് അംഗന്‍വാടി പ്രവര്‍ത്തകര്‍

post

തിരുവനന്തപുരം : അരുവിക്കര ഗ്രാമപഞ്ചായത്തിലെ വനിതാ-ശിശു വികസന വകുപ്പിന് കീഴിലുള്ള അംഗന്‍വാടികളിലെ ജീവനക്കാര്‍ മൈക്രോഗ്രീന്‍ കൃഷിയുടെ തിരക്കിലാണ്. ലോക്ക് ഡൗണ്‍ കാലഘട്ടം ക്രിയാത്മകമായി വിനിയോഗിക്കാന്‍ അവര്‍ കണ്ടെത്തിയ മാര്‍ഗമായിരുന്നു മൈക്രോഗ്രീന്‍ കൃഷി. പഞ്ചായത്തിലെ 34 അംഗന്‍വാടികളിലെ അധ്യാപകരും ഹെല്‍പര്‍മാരും അവരുടെ കുടുംബാംഗങ്ങളും ചേര്‍ന്നാണ് കൃഷി ചെയ്യുന്നത്.പഞ്ചായത്തിലെ ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍  സൗമ്യ റാണിയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം. വിവിധയിനം ചെടികളുടെ വിത്ത് മുളപ്പിച്ച് പാകി ഒന്നോ രണ്ടോ ആഴ്ച കഴിയുമ്പോ തന്നെ വിളവെടുത്ത് ഉപയോഗിക്കുന്ന രീതിയാണ് മൈക്രോഗ്രീന്‍.മണ്ണ്, ടിഷ്യു പേപ്പര്‍, പഴയ കോട്ടണ്‍ തുണി, ചകിരി എന്നിവ ഏതെങ്കിലും ചെറിയ പാത്രത്തില്‍ നിറച്ച് അതിലാണ് വിത്ത് പാകുന്നത്.ഇതിലൂടെ ലഭിക്കുന്ന ഇലകളും മറ്റും ഉപയോഗിച്ച് വ്യത്യസ്തമായ ഭക്ഷണ വിഭവങ്ങള്‍ പാകം ചെയ്യും.

ലോക്ക് ഡൗണ്‍ സമയം പുറത്തിറങ്ങാന്‍ സാധിക്കാത്തതുകൊണ്ട് അംഗന്‍വാടി അധ്യാപകര്‍ക്കും ഹെല്‍പര്‍മാര്‍ക്കും വാട്സാപ്പ് വഴിയാണ് പരിശീലനവും നിര്‍ദേശവും സൂപ്പര്‍വൈസര്‍ നല്‍കിയത്.ഓണ്‍ലൈനായി ലഭിക്കുന്ന വീഡിയോ ക്ലാസ്സുകളും ചിത്രങ്ങളും ലേഖനങ്ങളും ഇതിനായി ഉപയോഗിച്ചു. കടല, ഗ്രീന്‍പീസ്, പയര്‍, ചീര, ഉലുവ, ഗോതമ്പ് മുതലായവയാണ് തുടക്കത്തില്‍ കൃഷിചെയ്തത്.ഇവ ഉപയോഗിച്ച് സാലഡ്, തോരന്‍, ഓംലെറ്റ്, ജ്യൂസ് എന്നിവയാണ് പ്രധാനമായും ഉണ്ടാക്കുന്നത്.രാസവളങ്ങളോ രാസവസ്തുക്കളോ ഉപയോഗിക്കാതെ സ്വന്തം വീടുകളില്‍ തന്നെ  ഉത്പാദിപ്പിക്കുന്ന ഇവ  ആരോഗ്യത്തിനും ഗുണകരമാണ്. ലോക്ക് ഡൗണിനുശേഷം അംഗന്‍വാടികളില്‍ കൂടി മൈക്രോഗ്രീന്‍ കൃഷിരീതി വ്യാപിപ്പിക്കാനും പഞ്ചായത്തിലെ ജനങ്ങളെ ഇതിനെക്കുറിച്ച്  ബോധവാന്മാരാക്കാനും ഐ.സി.ഡി.എസ് സൂപ്പര്‍വൈസറും പ്രവര്‍ത്തകരും ലക്ഷ്യമിടുന്നു.