രജിസ്റ്റര്‍ ചെയ്യാത്ത ബോട്ടുകള്‍ക്കു മല്‍സ്യബന്ധനാനുമതിയില്ല

post

കൊല്ലം : മത്സ്യബന്ധനത്തിന് നിശ്ചിത അളവിലുള്ള ബോട്ടുകള്‍ക്ക് പോകാന്‍ റെജിസ്ട്രേഷന്‍ നിര്‍ബന്ധമാണെന്ന് ഫിഷറീസ് മന്ത്രി ജെ മെഴ്‌സികുട്ടിയമ്മ. പിടിച്ചുകൊണ്ടുവരുന്ന മത്സ്യത്തിന് ഹാര്‍ബറില്‍ അടുക്കുംമുമ്പുതന്നെ വില നിചയിച്ചിരിക്കണമെന്നും മന്ത്രി പറഞ്ഞു. ബോട്ടുകള്‍ക്ക് മല്‍സ്യബന്ധനാനുമതി നല്‍കിയ സാഹചര്യത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ സംബന്ധിച്ച് ചര്‍ച്ചചെയ്യാന്‍ കലക്ട്രേറ്റില്‍ കൂടിയ  ശക്തികുളങ്ങര , നീണ്ടകര , അഴീക്കല്‍ ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റി അംഗങ്ങളുടെ യോഗത്തില്‍ അധ്യക്ഷതവഹിക്കുകയായിരുന്നു  മന്ത്രി.

രജിസ്‌ട്രേഷന് പുറമെ തൊഴിലാളികളുടെ ആധാര്‍ നമ്പറും നല്‍കണം. ഒറ്റയക്ക ഇരട്ടയക്ക ഓര്‍ഡറില്‍ വേണം ബോട്ടുകള്‍ പോകാന്‍. ശക്തികുളങ്ങരയിലും രജിസ്ട്രേഷന് സൗകര്യം ഒരുക്കിയിട്ടുണ്ട്.  പോകുന്ന ബോട്ടുകള്‍ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ തിരികെ വരണമെന്ന നിബന്ധന കൃത്യമായി പാലിക്കണം. അഴീക്കലില്‍ രജിസ്റ്റര്‍ ചെയ്ത ബോട്ടുകള്‍ അവിടെ അടുക്കാന്‍ സ്ഥലം ലഭ്യമല്ലാത്ത അവസരത്തില്‍ നീണ്ടകരയിലോ ശക്തികുളങ്ങരയിലോ അടുപ്പിക്കാം. എന്നാല്‍ മുന്‍കൂട്ടി ഫിഷറീസ് സ്റ്റേഷനില്‍ വിവരം നല്‍കണം, ഒപ്പം രെജിസ്ട്രേഷന്‍ വിവരങ്ങളും നല്‍കണം . അഴീക്കലില്‍ രജിസ്റ്റര്‍ ചെയ്യാത്ത ബോട്ടുകള്‍ക്ക് അവിടെ അടുപ്പിക്കാന്‍ അനുമതി നല്‍കുന്നതല്ല . നിലവില്‍ പതിനഞ്ചോളം കൗണ്ടറുകളാണ് നീണ്ടകരയില്‍ തുറക്കാന്‍ ഉദ്ദേശിക്കുന്നത്. ഒരു കൌണ്ടര്‍ വനിതകള്‍ക്ക് മാത്രമായി തുറക്കും . കോവിഡിന്റെ പശ്ചാത്തലത്തില്‍ അകലം പാലിക്കാതിരിക്കുകയും നിയന്ത്രണങ്ങള്‍ ലംഘിക്കുകയും ചെയ്താല്‍ മല്‍സ്യബന്ധനാനുമതി റദ്ദാക്കുന്നത് പരിഗണിക്കേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.

ബോട്ടുകളില്‍  സാനിറ്റൈസര്‍ നിര്‍ബന്ധമാണെന്നും ഹാര്‍ബറില്‍ എത്തുന്നവര്‍ പോലീസ് നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ പറഞ്ഞു.  സിറ്റി പൊലീസ് കമ്മിഷണര്‍ ടി നാരായണന്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍  പി ഗീതാകുമാരി, മത്സ്യഫെഡ് ചെയര്‍മാന്‍  പി പി ചിത്തരഞ്ജന്‍, അംഗങ്ങളായ ടി മനോഹരന്‍, രാജാദാസ്, ഡെപ്യൂട്ടി കലക്ടര്‍ എം എ റഹിം, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഇ ലിന്‍ഡ, മത്സ്യഫെഡ് ജില്ലാ മാനേജര്‍ കെ മണിരാജന്‍ പിള്ള, അസിസ്റ്റന്റ് കമ്മിഷണര്‍ പ്രദീപ്,  ഡി വൈ എസ് പി  വിദ്യാധരന്‍, ഹാര്‍ബര്‍ മാനേജ്മന്റ് സമിതി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.