കൃഷി പാഠത്തിനും സംശയ നിവാരണത്തിനും ലോക്കിടാതെ കട്ടപ്പന കൃഷിഭവന്‍

post

ഇടുക്കി : കാര്‍ഷിക രംഗത്ത് ലോക്ക് ഡൗണിടാതെ മുഴുവന്‍ സമയവും കര്‍മ്മനിരതരായിരിക്കുകയാണ് കര്‍ഷകരും കൃഷിയെ സ്‌നേഹിക്കുന്നവരും. അതുകൊണ്ടു തന്നെ കാര്‍ഷിക വിളകള്‍ക്കുണ്ടാകുന്ന വിവിധ രോഗങ്ങളുടെ പ്രതിവിധി, ഈ സീസണില്‍ ചെയ്യാവുന്ന കൃഷികള്‍, നടീല്‍ രീതികള്‍, വളപ്രയോഗം തുടങ്ങി കര്‍ഷകര്‍ക്ക് സംശയവും നിരവധിയാണ്. ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ കൃഷിഭവനുകളില്‍ കര്‍ഷകര്‍ക്ക് നേരിട്ട് എത്തുവാനോ കൃഷിയിടങ്ങളില്‍ കാര്‍ഷികോദ്യോഗസ്ഥര്‍ക്ക് സന്ദര്‍ശിക്കാനോ ഇപ്പോള്‍ സാധിക്കുന്നില്ല. എന്നാല്‍ വിദഗ്ദര്‍ നയിക്കുന്ന കൃഷിപാഠത്തോടൊപ്പം കര്‍ഷകര്‍ക്ക് സംശയ നിവാരണത്തിനും ഓണ്‍ലൈനായി അവസരമൊരുക്കുകയാണ് കട്ടപ്പന കൃഷിഭവന്റെ നേതൃത്വത്തിലുള്ള വാട്ട്‌സ് അപ് കൂട്ടായ്മ. 

ശനിയാഴ്ച (മെയ് 2) രാത്രി 8 മണിക്കാണ് ഓണ്‍ലൈന്‍ പരിശീലന പരിപാടിയുടെ ആദ്യ ക്ലാസ് നടന്നത്. വാഴകൃഷി എന്ന വിഷയത്തില്‍ കണ്ണാറ വാഴഗവേഷണ കേന്ദ്രം അസിസ്റ്റന്റ് പ്രൊഫ: ഡോ.ഗവാസ് രാഗേഷ് ആണ് ക്ലാസ് നയിച്ചത്. റെക്കോര്‍ഡ് ചെയ്ത് അയക്കുന്ന ക്ലാസ് കേട്ടതിനു ശേഷം ഗ്രൂപ്പംഗങ്ങള്‍ക്ക് കൃഷി സംബന്ധമായ സംശയങ്ങള്‍ ചോദിക്കാം. ആദ്യ ദിനത്തില്‍ തങ്ങളുടെ കൃഷിയിടത്തിലെ വാഴയ്ക്കുണ്ടായിരിക്കുന്ന വിവിധ രോഗങ്ങള്‍, ചിത്രം സഹിതം കര്‍ഷകര്‍ ഗ്രൂപ്പില്‍ പങ്കുവച്ചു. ഈ രോഗകാരണം പ്രതിവിധിയും വളപ്രയോഗവും വിശദീകരിച്ച്  പ്രൊഫ: ഡോ.ഗവാസ് രാഗേഷ് മറുപടി നല്‍കി. ഇത്തരത്തില്‍ രണ്ടു മണിക്കൂറാണ് കൃഷിപാഠം നീണ്ടുനിന്നത്. കര്‍ഷകര്‍, കര്‍ഷക സംഘം പ്രതിനിധികള്‍, മാധ്യമ പ്രവര്‍ത്തകര്‍, തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള നാനൂറോളം പേരാണ് ഇപ്പോള്‍ കൃഷിഭവന്റെ നേതൃത്വത്തിലുള്ള രണ്ട്  വാട്ട്‌സ് അപ് കൂട്ടായ്മയിലുമായി ഉള്ളത്. കൃഷി അസിസ്റ്റന്റ് എ.അനീഷ് ആണ് ഓണ്‍ലൈന്‍ കൃഷിപാഠം മോഡറേറ്റ് ചെയ്യുന്നത്. കൃഷിസംബന്ധമായ സംശയവുമായി നിരവധി കര്‍ഷകരാണ് ദിനംപ്രതി കൃഷി ഭവനിലെ ജീവനക്കാരെ ഫോണ്‍ ചെയ്യുന്നത്. ഇത്തരത്തില്‍ ഓരോരുത്തര്‍ക്കും നല്കുന്ന മറുപടി മറ്റുള്ളവര്‍ക്കും കൂടി പ്രയോജനപ്പെടുവാനും ഓരോ കാര്‍ഷിക വിളകളെ കുറിച്ചും അതില്‍ വിദഗ്ധരായവരുടെ നിര്‍ദ്ദേശവും സേവനവും കര്‍ഷകര്‍ക്ക് ലോക്ക് ഡൗണില്‍ ലഭ്യമാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് നവ മാധ്യമത്തിലൂടെയുള്ള കൃഷിപാഠം പരീക്ഷിച്ചതെന്ന് കട്ടപ്പന കൃഷി ഓഫീസര്‍ ബോന്‍സി ജോസഫ് പറഞ്ഞു. അടുത്ത ദിവസത്തെ ക്ലാസ്, വിഷയം, സമയം എന്നിവ സംബന്ധിച്ച് നേരത്തെ തന്നെ ഗ്രൂപ്പില്‍ അറിയിപ്പ് ഇടും. അതുകൊണ്ട് ആ വിളയെ സംബന്ധിച്ച സംശയവും രോഗബാധയുള്ള വിളയുടെയും സസ്യ ഭാഗത്തിന്റെയും ഫോട്ടോയും ഉള്‍പ്പെടെ കര്‍ഷര്‍ക്ക് ചോദ്യങ്ങള്‍ നേരത്തെ തയ്യാറാക്കി വയ്ക്കാനാകും. ഇന്ന് ( 4/5/20) വൈകിട്ട് 8 മണിക്ക് പച്ചക്കറി കൃഷി സംബന്ധിച്ചാണ് ക്ലാസ് നടക്കുന്നത്. കേരള കാര്‍ഷിക സര്‍വ്വകലാശാല അസി.പ്രൊഫ: ഡോ. ബെറിന്‍ പത്രോസ്  ക്ലാസ് നയിക്കും.

തുടര്‍ ദിനങ്ങളില്‍ കൃഷി വിദഗ്ദരായ  ഡോ. എ. കെ വിജയന്‍, ഡോ. സുധാകര്‍, സൗന്ദര്‍ രാജന്‍ എന്നിവരും വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിക്കും. ഇത്തരത്തില്‍ കൃഷി വിദഗ്ദരുടെ ലഭ്യത അനുസരിച്ച് ക്ലാസുകള്‍ ക്രമീകരിക്കാനാണ് കൃഷിഭവന്‍ ഉദ്ദേശിക്കുന്നത്.ജില്ലാ കൃഷി ഓഫീസര്‍ ബാബു. റ്റി. ജോര്‍ജ് , ഡെപ്യൂട്ടി ഡയറക്ടര്‍ ബിജു. പി. മാത്യു, കട്ടപ്പന കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സൂസന്‍ ബെഞ്ചമിന്‍ എന്നിവരുടെ പിന്തുണയോടെ കട്ടപ്പന കൃഷി ഓഫീസര്‍ ബോന്‍സി ജോസഫ്, കൃഷി അസിസ്റ്റന്റ്മാരായ അനീഷ് എ, അനീഷ് പി കൃഷ്ണന്‍, സോണി ജോസഫ് എന്നിവരാണ് ലോക്ക് ഡൗണിലും കര്‍ഷകര്‍ക്ക് കൈത്താങ്ങായി കര്‍മ്മനിരതരായിരിക്കുന്നത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ പൈനാപ്പിള്‍ കര്‍ഷകരെ സഹായിക്കുവാന്‍ കട്ടപ്പന എ ഡി എ ഓഫീസിന്റെ നേതൃത്വത്തില്‍ പൈനാപ്പിള്‍ ചലഞ്ചും കാര്‍ഷികോല്പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ പ്രാദേശിക വിപണിയും  ഏറ്റെടുത്ത് വിജയിപ്പിച്ചിരുന്നു. കൂടാതെ കര്‍ഷകര്‍ക്കും റസിഡന്‍സ് അസോസിയേഷനുകള്‍ക്കും ആവശ്യമായ പച്ചക്കറി വിത്തുകളും തൈകളും വീടുകളിലെത്തിച്ച് വിതരണം ചെയ്തു.  

ഇത്തരത്തില്‍ കോവിഡ് പ്രതിരോധത്തിനൊപ്പം തന്നെ കാര്‍ഷികോല്പ്പാദനത്തിനും മികച്ച പരിഗണന നല്‍കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്, പൂര്‍ണ്ണമായും ഏറ്റെടുത്ത് പ്രാവര്‍ത്തികമാക്കുകയാണ് കൃഷി വകുപ്പ് ജീവനക്കാരും കര്‍ഷകരും