കോവിഡിനൊപ്പം ജീവിക്കാം

post

തിരുവനന്തപുരം: കൊറോണ വൈറസ് നമുക്കിടയിൽ നിന്നും പൂർണ്ണമായും ഇല്ലാതാക്കാൻ നാളുകളേറെ എടുത്തേക്കാം. നിലവിലെ സാഹചര്യത്തിൽ ഉരുത്തിരിഞ്ഞുവരുന്ന സിദ്ധാന്തമാണ് കോവിഡിനൊപ്പം ജീവിക്കുക എന്നത്. കൊറോണ വൈറസ് കൊണ്ടുണ്ടാകുന്ന രോഗാവസ്ഥ ഭീതിജനകമായൊന്നല്ല. കാരണം ഇതിനെതിരെ ഫലപ്രദമായ പ്രതിരോധ മാർഗങ്ങൾ നമുക്കിടയിലുണ്ട്. സാമൂഹിക അകലം, സാനിറ്റൈസർ, മാസ്ക് എന്നിവകൊണ്ട് വൈറസ്‌ബാധയെ തടഞ്ഞുനിര്‍ത്താം. കോവിഡ് പശ്ചാത്തലത്തിൽ പൊതുപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി തിരുവനന്തപുരം മെഡിക്കല്‍ കോളജ് സൈക്കോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. മോഹന്‍ റോയ് കരുതല്‍ നടപടികള്‍ വിശദീകരിക്കുന്നു -

കോവിഡ് പശ്ചാത്തലത്തിൽ ഭയത്തോടെ പരീക്ഷയെ നേരിടേണ്ട ആവശ്യം ഇല്ല. ശരിയായ കരുതല്‍ നടപടികള്‍ സ്വീകരിച്ച് ആശങ്കയില്ലാതെ പരീക്ഷ എഴുതാം. സമൂഹിക അകലം പാലിച്ച് വേണം പരീക്ഷക്ക് പോകാൻ. പരീക്ഷാ സെന്ററിലേക്ക് പ്രവേശിക്കുമ്പോഴും ഇത് പാലിക്കണം. പ്രവേശന കവാടത്തില്‍ തെര്‍മ്മല്‍ സ്കാനിങ് ഉണ്ടാകും. ഹാളില്‍ പ്രവേശിക്കുമ്പോള്‍ സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കാം. സാധാരണ പരീക്ഷാ ഹാളിലേക്ക് കൊണ്ടുപോകുന്ന പരീക്ഷാ ബോര്‍ഡ്, പേന, പെന്‍സില്‍, തുടങ്ങിയ എഴുത്തുപകരണങ്ങള്‍, കുടിവെള്ളം എന്നിവക്ക് പുറമെ ഇത്തവണ സാനിറ്റൈസർ, മാസ്ക് (മുഖത്ത് വച്ചിട്ടുള്ളതിന് പുറമെ ഒരെണ്ണം കൂടി), 2 തൂവാലകള്‍ എന്നിവയും കൈയിൽ കരുതണം. ഉപയോഗിക്കുന്ന മാസ്കിന് എന്തെങ്കിലും കേടുപാടുകള്‍ പറ്റിയാല്‍ കൈയിൽ ഉള്ള കരുതല്‍ മാസ്ക് പ്രയോജനപ്പെടും. തുമ്മലോ ജലദോഷമോ വന്നാൽ തൂവാലകളും ഉപകരിക്കും.

പേന, പെന്‍സില്‍ എന്നിങ്ങനെ ഉള്ള എഴുത്തുപകരണങ്ങള്‍ ഒന്നിലധികം കൈയിൽ കരുതണം. കഴിവതും മറ്റുള്ളവരുടെ വസ്തുക്കള്‍ വാങ്ങി ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഇങ്ങനെ ചെയ്യേണ്ടി വന്നാൽ സാധനങ്ങൾ വാങ്ങുമ്പോഴും കൊടുക്കുമ്പോഴും സാനിറ്റൈസർ ഉപയോഗിച്ച് ശുചീകരിക്കണം. പരീക്ഷ കഴിഞ്ഞ് വീടുകളില്‍ മടങ്ങി എത്തിയാല്‍ മാസ്ക്കുകളും തൂവാലകളും വൃത്തിയായി കഴുകി ഉണക്കിയശേഷം വീണ്ടും അടുത്ത ദിവസങ്ങളില്‍ ഉപയോഗിക്കാം.