അഗതിക്യാമ്പില്‍ അക്ഷയ്ക്ക് പിറന്നാള്‍ മധുരം

post

തൃശൂര്‍: തമിഴ്‌നാട് സ്വദേശിനിയായ അക്ഷയയുടെ പിറന്നാളിന് ഇത്തവണ ഇരട്ടിമധുരം. ലോക്ക് ഡൗണില്‍ കൊടുങ്ങല്ലൂരിലെ അഭയകേന്ദ്രത്തില്‍ അക്ഷയയുടെ ഏഴാം പിറന്നാള്‍ ഗംഭീരമായി ആഘോഷിച്ചാണ് അധികൃതര്‍ അവള്‍ക്ക് മധുരം സമ്മാനിച്ചത്. തിരുനെല്‍വേലിയില്‍ നിന്ന് തൊഴില്‍ തേടിയാണ് കുമാര്‍- പ്രേമ ദമ്പതികള്‍ മക്കളായ ശിവ (9) അക്ഷയ (7) എന്നിവരോടൊപ്പം കൊടുങ്ങല്ലൂരിലെത്തിയത്. ലോക്ക്ഡൗണ് ആരംഭിച്ചതോടെ ബുദ്ധിമുട്ടിലായ ഇവരെ നഗരസഭ അധികൃതര്‍ ഇടപെട്ട് കൊടുങ്ങല്ലൂര്‍ ഗവ ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ താത്ക്കാലിക അഭയകേന്ദ്രത്തിലെത്തിക്കുകയായിരുന്നു. ഇതിനിടെയാണ് പിറന്നാള്‍ എത്തിയത്. വിവരം അറിഞ്ഞതോടെ നഗരസഭാ അധികൃതരും പോലീസും ക്യാമ്പിലെത്തി. നഗരസഭ ചെയര്‍മാന്‍ കെ ആര്‍ ജൈത്രനും അക്ഷയയും കേക്ക് മുറിച്ച് മധുരം എല്ലാവര്‍ക്കും പങ്കുവെച്ചു. നഗരസഭ സെക്രട്ടറി ടി ആര്‍ സുജിത് ഒരു സഞ്ചി പുസ്തകങ്ങളാണ് സമ്മാനമായി നല്‍കിയത്. കൊടുങ്ങല്ലൂര്‍ എസ്.ഐ. ഇ.ആര്‍ ബൈജു കേക്കും മിഠായിയുമായെത്തി പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. 

സമൂഹ അടുക്കളയിലെ വളണ്ടിയര്‍മാരും മധുരം നല്‍കാന്‍ മടിച്ചില്ല. നഗരസഭ കൗണ്‍സിലര്‍ എം കെ സഹീറിന്റെ മകള്‍ പാച്ചി താന്‍ നിര്‍മ്മിച്ച കരകൗശല വസ്തുവും മിഠായികളുമാണ് സമ്മാനമായി നല്‍കിയത്. അവളുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം നല്‍കിയ ആഘോഷമാണിതെന്ന് അച്ഛന്‍ ചെല്ല ദുരൈ കുമാര്‍ പറഞ്ഞു. കുമാര്‍ പൊറോട്ട ഉണ്ടാക്കുന്ന പണിക്കാരനാണ്. അക്ഷയയുടെ സഹോദരന്‍ ശിവ അഞ്ചാം ക്‌ളാസ് വിദ്യാര്‍ത്ഥിയാണ്. ലോക്ക് ഡൗണ്‍ കഴിഞ്ഞാല്‍ നഗരത്തില്‍ വാടകയ്ക്ക് താമസിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് കുമാര്‍ പറഞ്ഞു.കൊടുങ്ങല്ലൂര്‍ ഗവ.ബോയ്‌സ് സ്‌കൂളിലാണ് നഗരസഭ ഒരുക്കിയ ക്യാമ്പിലായിരുന്നു പിറന്നാള്‍ ആഘോഷം.