കോവിഡ് 19: ജില്ലയിൽ 3076 പേർ നിരീക്ഷണത്തിൽ

post

പാലക്കാട്: ജില്ലയില്‍ ആരോഗ്യ വകുപ്പിന്റെ ജാഗ്രതയും നിരീക്ഷണവും  സജീവമായി തുടരുന്നു. ജില്ലയില്‍ ചികിത്സയിലുണ്ടായിരുന്ന മലപ്പുറം സ്വദേശി ഉള്‍പ്പെട്ട അഞ്ച് പേര്‍  രോഗമുക്തരായി ആശുപത്രി വിട്ട സാഹചര്യത്തില്‍ നിലവില്‍ ഒരാള്‍ മാത്രമാണ് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ളത്.  

നിലവില്‍ 3023 പേര്‍ വീടുകളിലും 39 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും 10 പേര്‍  ഒറ്റപ്പാലം താലൂക്ക്  ആശുപത്രിയിലും,4 പേര്‍ മണ്ണാര്‍ക്കാട്  താലൂക്ക്  ആശുപത്രികളിലുമായി ആകെ 3076 പേരാണ്  നിരീക്ഷണത്തിലുള്ളത്.  ആശുപത്രിയിലുള്ളവരുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡി.എം.ഒ അറിയിച്ചു.

പരിശോധനക്കായി ഇതുവരെ അയച്ച 2424 സാമ്പിളുകളില്‍ ഫലം വന്ന 2336 എണ്ണം നെഗറ്റീവും 13 എണ്ണം പോസിറ്റീവുമാണ്. ഇതില്‍ നാല് പേര്‍ ഏപ്രില്‍ 11 നും രണ്ട് പേര്‍ ഏപ്രില്‍ 15 നും ഒരാള്‍ ഏപ്രില്‍ 22 നും മലപ്പുറം സ്വദേശി ഉള്‍പ്പെട്ട അഞ്ചു പേര്‍ ഏപ്രില്‍ 30നും രോഗമുക്തരായിട്ടുണ്ട്.

ആകെ 29888 ആളുകളാണ് ഇതുവരെ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 26812 പേരുടെ നിരീക്ഷണ കാലാവധി പൂര്‍ത്തിയായി.