ക്വാറി ഉത്പന്നങ്ങള്‍ക്ക് അമിതവില ഈടാക്കാന്‍ അനുവദിക്കില്ല

post

തൃശൂര്‍ : ജില്ലയില്‍ ക്വാറി ഉല്‍പ്പന്നങ്ങള്‍ക്ക് അമിതവില ഈടാക്കുന്ന സാഹചര്യം അനുവദിക്കില്ലെന്ന് ജില്ലാതല യോഗത്തിന്റെ തീരുമാനം. ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്റെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന യോഗത്തിന്റേതാണ് തീരുമാനം. ക്രഷറുകള്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമിത വില ഈടാക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് ജില്ലാ കളക്ടറുടെ ചേംബറില്‍ യോഗം വിളിച്ചുകൂട്ടിയത്.

ലോക് ഡൌണ്‍ ഇളവുകള്‍ക്ക് അനുസൃതമായി നടന്നുവരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ക്വാറി ഉല്‍പ്പന്നങ്ങള്‍ അത്യാവശ്യമെന്നിരിക്കെ, ക്വാറി ഉടമകള്‍ അമിത വില ഈടാക്കുന്നുവെന്ന ബില്‍ഡര്‍മാരുടെയും കരാറുകാരുടെയും പരാതിയുണ്ടെന്ന് മന്ത്രി അറിയിച്ചു. ക്രഷറുകളില്‍ നിന്നും സംഭരിച്ച ഉല്‍പ്പന്നങ്ങള്‍ വില കൂട്ടി സ്റ്റോക്കിസ്റ്റുകള്‍ വില്‍ക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ലോഡ് എടുത്തു കൊണ്ടു പോകുന്ന വാഹന ഉടമകളും ഉല്‍പ്പന്നങ്ങള്‍ അമിത വിലയ്ക്ക് പുറത്തു വില്‍ക്കുന്നുവെന്ന പരാതിയുമുണ്ട്. ഇതിനെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് മന്ത്രി താക്കീത് നല്‍കി.

മഴക്കാലപൂര്‍വ്വ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ നടക്കുന്ന ലൈഫ്, പുനര്‍ഗേഹം പദ്ധതികള്‍ക്കൊപ്പം തന്നെ സ്വകാര്യ വ്യക്തികള്‍ക്കും ക്വാറി ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ ആവശ്യമായി വരുന്നു. ഇതിനനുസൃതമായി ജില്ലയിലെ ക്രഷറുകള്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഒരു വില നിശ്ചയിക്കണമെന്നും ഓരോ മേഖലയിലും വില ഏകീകരിച്ച് സാധനങ്ങള്‍ ലഭ്യമാക്കണമെന്നും മന്ത്രി പറഞ്ഞു.ക്രഷര്‍ സൈറ്റുകളില്‍ അനിയന്ത്രിതമായി ടോറസുകള്‍, ടിപ്പറുകള്‍, ലോറികള്‍ എന്നിവയുടെ വരവും നിയന്ത്രിക്കും. ഒരു ദിവസം നല്‍കാവുന്ന ലോഡ് അനുസരിച്ച് മാത്രമേ വാഹനങ്ങള്‍ ഈ സൈറ്റുകളില്‍ വരാന്‍ പാടുകയുള്ളൂ.

ജില്ലാഭരണകൂടം നിശ്ചയിക്കുന്ന വിലയ്ക്ക് തന്നെ ഉല്‍പ്പന്നങ്ങള്‍ നല്‍കാന്‍ സഹകരിക്കുമെന്ന് ക്വാറി ഉടമകള്‍ പറഞ്ഞു. കോവിഡ് 19ന് മുന്‍പ് നല്‍കിയ ബില്ലും ഈ ദിവസങ്ങളില്‍ നല്‍കുന്ന ബില്ലും താരതമ്യം ചെയ്ത് അതില്‍ കൂടുതലായി വാങ്ങിയ വില ഉണ്ടെന്ന് കണ്ടാല്‍ കൂട്ടി വാങ്ങിയ വില തിരിച്ചു നല്‍കാന്‍ തയ്യാറാണെന്നും ക്വാറി ഉടമകള്‍ മന്ത്രിയെ അറിയിച്ചു.

ക്രഷറുകളില്‍ ഇതര സംസ്ഥാന തൊഴിലാളികളെ ജോലികളില്‍ ഉള്‍പ്പെടുത്തുന്നുണ്ടെങ്കില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറില്‍ നിന്നും രോഗലക്ഷണങ്ങള്‍ ഇല്ല എന്ന സാക്ഷ്യപത്രം വാങ്ങുകയും സൈറ്റുകളില്‍ ഇവരുടെ ശരീര താപനിലയും മറ്റും രേഖപ്പെടുത്തുകയും വേണം. ഇതിനും കര്‍ശനമായ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കും.

വരും ദിവസങ്ങളില്‍ ജില്ലയിലെ പ്രധാന ക്വാറികളെല്ലാം പ്രവര്‍ത്തനിരതമാകുന്നതിനാല്‍ ആവശ്യത്തിനുള്ള ക്രഷര്‍ ഉല്‍പ്പന്നങ്ങള്‍ മിതമായ വിലയ്ക്ക് തന്നെ ലഭ്യമാക്കുമെന്നും ക്രഷര്‍ ഉടമകള്‍ മന്ത്രിയെ അറിയിച്ചു.

കൂടുതല്‍ നടപടികളുടെ ഭാഗമായി അടുത്ത ദിവസം തന്നെ ജില്ലയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും വാഹന ഉടമകളുടെയും ആര്‍ടിഒ, പോലീസ് ജിയോളജിസ്റ്റ് തുടങ്ങിയവരുടെയും യോഗം കളക്ടറുടെ ചേമ്പറില്‍ ചേരുമെന്നും മന്ത്രി അറിയിച്ചു. യോഗത്തില്‍ ഗവ ചീഫ് വിപ്പ് അഡ്വ കെ രാജന്‍, ജില്ലാ കളക്ടര്‍ എസ്. ഷാനവാസ്, ബില്‍ഡേഴ്സ് അസോസിയേഷന്‍ പ്രതിനിധികള്‍, ക്വാറി ഉടമകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.