'കുഞ്ഞേ നിനക്കായ്' പോക്‌സോ ബോധവത്കരണ കാമ്പയിന് തൃശൂരില്‍ തുടക്കമായി

post

കുട്ടികള്‍ക്കെതിരായ അതിക്രമം തടയുന്നതില്‍ എല്ലാവര്‍ക്കും പങ്കുണ്ട്: ലോക്‌നാഥ് ബെഹ്‌റ

തൃശൂര്‍: കുട്ടികള്‍ക്കുനേരെ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ തടയുക, സുരക്ഷിതത്വമേകുക എന്നിവ ലക്ഷ്യമാക്കി കേരള പോലീസ് നടത്തുന്ന 'കുഞ്ഞേ നിനക്കായ്' പോക്‌സോ ബോധവത്കരണ കാമ്പയിന് തൃശൂരില്‍ തുടക്കമായി. കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍വഹിച്ചു. കുട്ടികള്‍ക്കെതിരായ അതിക്രമം തടയുന്നതില്‍ എല്ലാവര്‍ക്കും പങ്കുണ്ടെന്ന് ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുകയെന്നതാണ് കേരള പോലീസിന്റെ ലക്ഷ്യം. ഇന്ത്യയില്‍ ഇതിന് സാധ്യതയുള്ള സംസ്ഥാനം കേരളമാണെന്നാണ് യുനിസെഫ് മേധാവി ചൂണ്ടിക്കാണിച്ചത്. സാംസ്‌കാരിക തലസ്ഥാനമായ തൃശൂര്‍ ജില്ലയിലെ പോക്‌സോ കേസുകള്‍ വ്യക്തിപരമായി തന്നെ വേദനിപ്പിച്ചതായി ഡി.ജി.പി പറഞ്ഞു. അതിനാലാണ് കാമ്പയിന് ഇവിടെനിന്ന് തുടക്കമിടുന്നത്. മറ്റു മുഴുവന്‍ ജില്ലകളിലും ഈ കാമ്പയിന്‍ നടത്തും. കുഞ്ഞുങ്ങള്‍ ദൈവത്തില്‍ കുറഞ്ഞൊന്നുമല്ല. അവര്‍ക്ക് സ്‌നേഹിക്കാന്‍ മാത്രമേ അറിയൂ. അവരെ ദ്രോഹിക്കാന്‍ ആര്‍ക്കും അവകാശമില്ല. കുഞ്ഞുങ്ങള്‍ക്കെതിരായ അതിക്രമം കൊലപാതക കേസുകളേക്കാള്‍ മോശമാണെന്നും അദ്ദേഹം പറഞ്ഞു. കാഞ്ഞങ്ങാട് നടക്കുന്ന കേരള സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായും പോക്‌സോ ബോധവത്കരണ കാമ്പയിന്‍ നടത്തുമെന്ന് ഡി.ജി.പി അറിയിച്ചു.

തെക്കേഗോപുര നടയില്‍ നടന്ന ചടങ്ങില്‍ തിരുവനന്തപുരം ക്രൈം ഐ.ജി എസ്. ശ്രീജിത്ത്, തൃശൂര്‍ റേഞ്ച് ഡി.ഐ.ജി എസ്. സുരേന്ദ്രന്‍, ദിവ്യ ഗോപിനാഥ്, സിറ്റി പോലീസ് കമ്മീഷണര്‍ യതീഷ്ചന്ദ്ര ജി.എച്ച്, തൃശൂര്‍ റൂറല്‍ പോലീസ് മേധാവി കെ.പി. വിജയകുമാരന്‍, ശംഖുമുഖം എ.സി.പി ഐശ്വര്യ, തൃശൂര്‍ സി.ബി.സി.ഐ.ഡി എസ്.പി കെ. സുദര്‍ശനന്‍, തൃശൂര്‍ സിറ്റി ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സി.ഡി ശ്രീനിവാസന്‍, തൃശൂര്‍ സിറ്റി എ.സി.പി വി.കെ. രാജു, സ്‌പെഷല്‍ ബ്രാഞ്ച് എ.സി.പി എസ്. ഷംസുദ്ദീന്‍, സ്‌കൂള്‍, കോളേജ്, വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

രാവിലെ സ്വരാജ് റൗണ്ടില്‍ നടന്ന സൈക്കിള്‍ റാലിയ്ക്ക് ഡി.ജി.പി നേതൃത്വം നല്‍കി. പാലക്കാട് മിഥുന്‍ അവതരിപ്പിച്ച ചാക്യാര്‍കൂത്ത് പോക്‌സോ കാമ്പയിന്റെ സന്ദേശം കുറിക്കുകൊള്ളുന്ന നര്‍മ്മത്തിലൂടെ ജനങ്ങളിലെത്തിച്ച് കൈയടി നേടി. ശക്തന്‍ തമ്പുരാന്‍ കോളേജ് ഓഫ് മാത്തമാറ്റിക്‌സ് ആന്‍ഡ് ആര്‍ട്‌സ് വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച 'മാനിഷാദ' നൃത്ത സംഗീതാവിഷ്‌ക്കാരം സമകാലിക സംഭവങ്ങളുടെ കണ്ണാടിയായി. തൃശൂര്‍ സെന്റ് മേരീസ് കോളജ് വിദ്യാര്‍ഥികള്‍ ഫ്‌ളാഷ് മോബ് അവതരിപ്പിച്ചു. കലാപരിപാടികള്‍ അവതരിപ്പിച്ചവര്‍ക്ക് ഡി.ജി.പി ഉപഹാരം നല്‍കി.

വ്യാഴാഴ്ച മുതല്‍ മൂന്ന് ദിവസങ്ങളിലായി കേരളം മുഴുവന്‍ എല്ലാ പോലീസ് സ്റ്റേഷനുകളുടെയും നേതൃത്വത്തില്‍ ബോധവത്കരണ കാമ്പയിനുകള്‍ നടക്കും. 30ന് വൈകീട്ട് നാല് മണിക്ക് തൃശൂര്‍ ശക്തന്‍ ബസ്സ്റ്റാന്‍ഡിലാണ് സമാപനം. പ്രദര്‍ശനത്തിനായി 17 മിനുട്ട് ദൈര്‍ഘ്യമുള്ള, പോക്‌സോ നിയമങ്ങളും, ശിക്ഷയും ഇടപെടലുകളും വ്യക്തമാക്കുന്ന വീഡിയോ കേരള പോലീസ് പുറത്തിറക്കി. ഇത് എല്ലായിടത്തും പ്രദര്‍ശിപ്പിക്കും. ചിത്ര പ്രദര്‍ശനം, സൈക്കിള്‍ റാലി, ഫ്‌ളാഷ്‌മോബ്, തെരുവുനാടകം, ബോധവത്കരണ ക്ലാസുകള്‍ എന്നിവയും നടക്കും. ബസ്സ്‌റ്റോപ്പുകള്‍, വിദ്യാലയങ്ങള്‍, മറ്റ് പൊതുകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ബോധവത്കരണവുമായി പോലീസ് എത്തും. രക്ഷിതാക്കള്‍, അധ്യാപകര്‍, ആരോഗ്യപ്രവര്‍ത്തകര്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരെ കേന്ദ്രീകരിച്ചു നടത്തുന്ന പദ്ധതി ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ അമ്പത് ലക്ഷം പേരിലേയ്ക്ക് നേരിട്ടെത്തും.

കുട്ടികള്‍ക്കു നേരെയുള്ള ലൈംഗിക അതിക്രമങ്ങളില്‍ സമൂഹ മനസാക്ഷിയെ ഉണര്‍ത്തുക, കുറ്റവാളികള്‍ക്ക് കഠിന ശിക്ഷ ഉറപ്പാക്കുന്നതിനായി പൊതുസമൂഹത്തിന്റെ പിന്തുണ ഉറപ്പാക്കുക എന്നിവയാണ് കാമ്പയിന്റെ ലക്ഷ്യം.