ആദിവാസി ഊരുകളില്‍ സഞ്ചരിക്കുന്ന ലൈബ്രറിയുമായി വനം വകുപ്പ്

post

തൃശൂര്‍ : ലോക്ക് ഡൗണ്‍ കാലത്തെ വിരസതയകറ്റാനും വിജ്ഞാനവും വിനോദവും പകരാനും വാഴച്ചാല്‍ വനം ഡിവിഷനിലെ ആദിവാസി ഊരുകളിലേക്ക് വനം വകുപ്പിന്റെ സഞ്ചരിക്കുന്ന ലൈബ്രറി എത്തി. കേരള വനം വകുപ്പിന്റെ വാഹനത്തിലാണ് മുതിര്‍ന്നവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒരു പോലെ ഉപയോഗപ്പെടുത്താവുന്ന അക്ഷര വണ്ടി എത്തിച്ചേര്‍ന്നത്. വാഴച്ചാല്‍ വനം ഡിവിഷനിലെ ആദിവാസി ഊരുകളിലേക്ക് ആഴ്ച്ചയിലൊരിക്കലാണ് ഈ പുസ്തകവണ്ടിയെത്തുക. കഥ, നോവല്‍, കവിത, ബാലസാഹിത്യം, പി.എസ്.സി. പഠനം, തുടങ്ങി വിവിധ വിഷയങ്ങളില്‍ 3000ല്‍ അധികം പുസ്തകങ്ങള്‍ സഞ്ചരിക്കുന്ന ലൈബ്രറിയിലുണ്ട്.

അറിവിന്റെ ലോകത്തേക്ക് വളര്‍ന്നുവരുന്ന ആദിവാസി ഊരുകളിലെ കുട്ടികള്‍ക്കു ആദ്യമായി ലഭിച്ച ഈ സംവിധാനം ഏറെ ആത്മവിശ്വാസം പകരുന്നതായി ഊരിലെ പ്ലസ്ടു വിദ്യാര്‍ഥിനിയായ സീന പറഞ്ഞു. ഇത്തരത്തില്‍ പുസ്തകങ്ങള്‍ ലഭിക്കുന്നതിലൂടെ പഠനം മെച്ചപ്പെടുത്താന്‍ കഴിയുമെന്നും സീന പറഞ്ഞു. പുസ്തകങ്ങള്‍ കിട്ടാത്തത് മൂലം മുടങ്ങിപ്പോയ പി.എസ്.സി. പഠനവും ഇതിലൂടെ സാധ്യമാകും എന്നും അവര്‍ പറഞ്ഞു. കേരള വനംവകുപ്പിന്റെ വാഹനത്തില്‍ വാഴച്ചാല്‍ ഡി.എഫ്.ഒ. എസ്.വി. വിനോദിന്റെ നേതൃത്വത്തിലാണ് ലൈബ്രറി ഒരുക്കിയിരിക്കുന്നത്. ട്രൈബല്‍ വായനശാലയില്‍ ശേഖരിച്ചിരിക്കുന്ന പുസ്തകങ്ങള്‍ ആദിവാസി ഊരുകളില്‍ എത്തിച്ച് അവര്‍ക്കു നല്‍കി ഒരാഴ്ചക്ക് ശേഷം അവിടെ ചെന്ന് കൊടുത്ത പുസ്തകങ്ങള്‍ തിരിച്ചു വാങ്ങി പുതിയവ കൊടുക്കുകയാണ് ചെയ്യുന്നതെന്ന് ശ്രീ വിനോദ് അറിയിച്ചു. നല്ല പ്രതികരണമാണ് ആളുകളില്‍ നിന്നും ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിരപ്പിള്ളി മുതല്‍ മലക്കപ്പാറ വരെയുള്ള ആദിവാസികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. വനം വകുപ്പിന്റെ നേതൃത്വത്തിലുള്ള സംസ്ഥാനത്തെ ആദ്യ സംരംഭമാണ് സഞ്ചരിക്കുന്ന ഈ അക്ഷര വണ്ടി.