നെല്‍കൃഷിയിലെ നല്ലപാഠങ്ങളിലൂടെ വനിതാ തൊഴില്‍ സേന

post

കൊല്ലം: വനിതാ തൊഴില്‍ സേനയ്ക്ക് നെല്‍കൃഷിയുടെ പാഠങ്ങള്‍ പകര്‍ന്നുനല്‍കി കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത്. വെളിയം ഗ്രാമപഞ്ചായത്തിലെ കുടവട്ടൂര്‍ ഏലായിലാണ് നെല്‍കൃഷി ഞാറുനടീല്‍ പരിശീലനം നടത്തിയത്. പരിശീലന പരിപാടിയുടെ ഉദ്ഘാടനം പി. അയിഷാ പോറ്റി എം എല്‍ എ നിര്‍വഹിച്ചു. പരിശീലനം വഴി കര്‍ഷക തൊഴിലാളികളുടെ ദൗര്‍ലഭ്യം പരിഹരിക്കാനും ഭക്ഷ്യോത്പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനും സാധിക്കുമെന്ന് എം എല്‍ എ പറഞ്ഞു.

വെളിയം ഗ്രാമപഞ്ചായത്തിന്റെയും കെ.ആര്‍.ജി.പി.എം. ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെയും സഹകരണത്തോടെയായിരുന്നു പരിപാടി. പാലക്കാട് ഫെഡറേഷനില്‍ നിന്നുള്ള ബിന്ദുവാണ് പരിശീലനത്തിന് നേതൃത്വം നല്‍കിയത്. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അഞ്ച് ഗ്രാമപഞ്ചായത്തുകളിലും പരിശീലനം നല്‍കിവരികയാണ്. ഒരേക്കര്‍ നിലത്തിലാണ് നെല്‍കൃഷി. 10 സെന്റ് സ്ഥലം കണ്ടെത്തി മാതൃക പച്ചക്കറി തോട്ടവുമൊരുക്കുന്നുണ്ട്.  

കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ശശികുമാര്‍ അധ്യക്ഷനായി. വെളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈല സലിംലാല്‍, കരീപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്‍, ജില്ലാ വനിതാക്ഷേമ ഓഫീസര്‍ റെക്‌സി തോമസ്, ബ്ലോക്ക് പഞ്ചായത്ത് വനിതാക്ഷേമ ഓഫീസര്‍ ഐ. വി. സുമ, എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സി. സജീവ്, എം. കെ. എസ.് പി. ഈസ്റ്റ് ഫെഡറേഷന്‍ സി. ഇ. ഒ. സി. എഫ്. മെല്‍വിന്‍, ജനപ്രതിനിധികളായ എല്‍. ബാലഗോപാല്‍, അജയ കുമാര്‍, സി. രമണി, കെ.ആര്‍.ജി.പി.എം. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എച്ച്. ശ്രീലേഖ, കൃഷി ഓഫീസര്‍ സ്‌നേഹ മോഹന്‍, തൊഴില്‍സേന അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.