കോവിഡ് 19: ആറ് പേര്‍ കൂടി രോഗവിമുക്തരായി

കണ്ണൂര്‍ : കോവിഡ് 19 രോഗബാധയെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആറ് പേര്‍ കൂടി രോഗവിമുക്തരായി ആശുപത്രി വിട്ടു. നിലവില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള 15 പേരില്‍ ആറ് പേരാണ് ഡിസ്ചാര്‍ജ് ആയത്. ചെണ്ടയാട് സ്വദേശിയായ 51 കാരന്‍, ചെറുവാഞ്ചേരി സ്വദേശിയായ 29 കാരന്‍, ചപ്പാരപ്പടവ് സ്വദേശിയായ 39കാരന്‍, മുതിയങ്ങ സ്വദേശിയായ 61കാരന്‍, പാത്തിപ്പാലം സ്വദേശിയായ 30കാരന്‍, കോട്ടയം മലബാര്‍ സ്വദേശിയായ ഒമ്പത് വയസുകാരി എന്നിവരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ഇതോടെ 14 പേരാണ് ജില്ലാ ആശുപത്രിയില്‍ നിന്നും രോഗം ഭേദമായി ആശുപത്രി വിട്ടത്.
ജില്ലാ ആശുപത്രിയില്‍ ഡോ. സി വി ടി ഇസ്മയിലിന്റെ നേതൃത്വത്തില്‍ 10 ഡോക്ടര്‍മാര്‍, 16 സ്റ്റാഫ് നഴ്സ്, നാല് ഹെഡ് നഴ്സ്, ഒമ്പത് നഴ്സിങ്ങ് അസിസ്റ്റന്റുമാര്‍, ഒരു ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്നിവരടങ്ങിയ 53 അംഗസംഘമാണ് ഇപ്പോള്‍ ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്നത്. കുട്ടികളും പ്രായമായവരുമുള്‍പ്പെടെയുളളവര്‍ ചികിത്സയിലുണ്ടായിരുന്നുവെങ്കിലും കാര്യമായ വെല്ലുവിളികള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. വി കെ രാജീവന്‍ പറഞ്ഞു.
ജില്ലയില്‍ ആശങ്കപ്പെടേണ്ട അവസ്ഥ നിലവിലില്ലെങ്കിലും നിയന്ത്രണങ്ങളും സുരക്ഷാ മുന്‍കരുതലുകളും പാലിക്കുന്നതാണ് നല്ലതെന്ന് ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. എന്‍ അഭിലാഷ് പറഞ്ഞു. ശരീര ശുചിത്വം, സാമൂഹ്യ അകലം എന്നിവ കര്‍ശനമായി പാലിക്കുന്നതിനൊപ്പം പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോറോണ ബാധ സംശയിച്ച് നിലവില്‍ 20 പേര്‍ ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ ഇതുവരെയായി 112 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ 64 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. കണ്ണൂര്‍ ജില്ലാ ആശുപത്രി-14, തലശ്ശേരി ജനറല്‍ ആശുപത്രി-17, അഞ്ചരക്കണ്ടി ജില്ലാ കോവിഡ്-19 ചികിത്സാ കേന്ദ്രം- 24, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്- 5, കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ്- 2, കളമശേരി ഗവ. മെഡിക്കല്‍ കോളേജ്- 2 എന്നിങ്ങനെയാണ് കണക്കുകള്‍. ബാക്കി 48 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ഒമ്പത് പേരും, അഞ്ചരക്കണ്ടി ജില്ലാ കോവിഡ്-19 ചികിത്സാ കേന്ദ്രത്തില്‍ 29 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ഒമ്പത് പേരും കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ ഒരാളുമാണ് ചികിത്സയിലുള്ളത്.