കോവിഡ് 19: ചുമട്ടുതൊഴിലാളികള്‍ മുന്‍കരുതല്‍ സ്വീകരിക്കണം

post

തിരുവനന്തപുരം : ജില്ലയിലെ ചുമട്ടുതൊഴിലാളികള്‍ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ശക്തമായ മുന്‍കരുതല്‍ സ്വീകരിക്കാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന തൊഴിലാളി സംഘടനാ പ്രതിനിധികളുടെ യോഗത്തില്‍ ധാരണ. കോട്ടയത്ത് ചുമട്ടുതൊഴിലാളിക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് യോഗം ചേര്‍ന്നത്. അന്യസംസ്ഥാനത്തു നിന്നെത്തുന്ന ചരക്കു ലോറികളിലെ ഡ്രൈവര്‍മാരുമായും ക്ലീനര്‍മാരുമായും ഇടപെടുമ്പോള്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ഇവരുടെ പ്രാഥമിക ആരോഗ്യ പരിശോധന അതിര്‍ത്തിയില്‍ നടത്തുന്നുണ്ടെന്ന് കളക്ടര്‍ പറഞ്ഞു. ചരക്ക് ഇറക്കുന്ന വേളയിലും തിരികെ പോകുന്നതുവരെയുള്ള സമയത്തും ആളുകളുമായുള്ള സമ്പര്‍ക്കം പരമാവധി ഒഴിവാക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി ചരക്കു വാഹനത്തില്‍ വരുന്നവര്‍ക്ക് പ്രത്യേകമായ വിശ്രമസ്ഥലവും ശൗചാലയവും ഏര്‍പ്പെടുത്തുന്നത് പരിഗണിക്കും. ചരക്കു ലോറിയെത്തുന്ന പ്രധാന സ്ഥലങ്ങളിലെല്ലാം ശുചീകരണ വസ്തുക്കള്‍ ഉറപ്പാക്കും.  സാധനങ്ങള്‍ ഇറക്കുന്ന സമയത്ത് നിര്‍ബന്ധമായും മാസ്‌കും കയ്യുറയും ധരിക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനും ആവശ്യമായ ബോധവല്‍ക്കരണം നടത്താനും യോഗത്തില്‍ ധാരണയായി. കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍, തൊഴിലാളി സംഘടനാ ഭാരവാഹികള്‍, ജില്ലാ ലേബര്‍ ഓഫീസര്‍ ജി. വിജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.