കോവിഡ് 19 : സ്വയം നിയന്ത്രിച്ച് ജാഗ്രത പുലര്‍ത്തണം : മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ

post

കൊല്ലം :  ജില്ലയില്‍ കോവിഡ് ഹോട്ട്സ്പോട്ടായ ചാത്തന്നൂര്‍, ശാസ്താംകോട്ട തൃക്കോവില്‍വട്ടം, പോരുവഴി, കുളത്തൂപുഴ, നെടുമ്പന പഞ്ചായത്തു പ്രദേശങ്ങളിലുള്ളവര്‍ സ്വയം നിയന്ത്രിച്ച് ജാഗ്രത പുലര്‍ത്തണമെന്ന് ഫിഷറീസ്  മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ ഇന്നലെ കലക്ട്രേറ്റ് സമ്മേളന ഹാളില്‍ കൂടിയ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.

നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ചാത്തന്നൂര്‍ പഞ്ചായത്തിലുള്ളവര്‍ ഏറെ ശ്രദ്ധ ചെലുത്തണം. അവശ്യസാധനങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് അധികൃതരുടെയോ സന്നദ്ധ സേവകരുടെയോ സഹായം തേടാം. ഭീതി പരത്തുന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ ആരുടെ ഭാഗത്ത നിന്നും ഉണ്ടാവരുത്. ഇളവുള്ള പ്രദേശങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ കൃത്യമായ അകലം പാലിക്കണമെന്നും ജനപ്രതിനിധികള്‍ ഇക്കാര്യത്തില്‍ ശ്രദ്ധിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു

അത്യാവശ്യ സാധനങ്ങള്‍ക്ക് ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയ ഡോര്‍ ടു ഡോര്‍ ആപ്പ് ഉപയോഗിച്ച് വാങ്ങാമെന്നും ആര്‍ക്കും ഭക്ഷണം ലഭിക്കാത്ത അവസ്ഥയുണ്ടാകില്ലെന്നും ജില്ലാ കലക്ടര്‍ ബി അബ്ദുള്‍ നാസര്‍ അറിയിച്ചു. ഭക്ഷണം വിതരണം ചെയ്യാന്‍ സംഘടനകള്‍ക്കോ വ്യക്തികള്‍ക്കോ അനുവാദം ഇല്ല എന്നാല്‍ കമ്മ്യൂണിറ്റി കിച്ചണുകളിലോ ജില്ലാ ഭരണകൂടത്തെയോ അറിയിച്ച് ഭഷ്യസാധനങ്ങള്‍ നല്‍കാവുന്നതാണ്.  പ്രവാസികള്‍ വന്നാല്‍ ഒന്നാം ഘട്ടത്തില്‍ പാര്‍പ്പിക്കാന്‍ മതിയായ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയില്‍ രോഗ പരിശോധനയുടെ എണ്ണം വര്‍ധിപ്പിക്കമെന്നും കലക്ടര്‍ അറിയിച്ചു പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി.

യോഗത്തില്‍ എം പിമാരായ എന്‍ കെ പ്രേമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, കെ സോമപ്രസാദ്, എം എല്‍ എ മാരായ കോവൂര്‍ കുഞ്ഞുമോന്‍, ജി എസ് ജയലാല്‍, സിറ്റി പൊലീസ് കമ്മീഷ് ണര്‍ ടി നാരായണന്‍, റൂറല്‍ എസ് പി ഹരിശങ്കര്‍, ഡി എം ഒ ഡോ ആര്‍ ഗീതാകുമാരി, എ ഡി എം പി.ആര്‍.ഗോപാലകൃഷ്ണന്‍, തദ്ദേശ സ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.