കളിപ്പാട്ടത്തിനായി കരുതിയത് ദുരിതാശ്വാസത്തിന് മാതൃകയായി കുരുന്നുകള്‍

post

കൊല്ലം : കുഞ്ഞനുജത്തിക്ക്  കളിപ്പാട്ടത്തിനായി കരുതിയ നാണയത്തുട്ടുകള്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ഏഴുവയസ്സുകാരി അന്‍വിത. ഉളിയക്കോവില്‍ ശ്രീഭദ്ര നഗറില്‍ അനൂപിന്റെയും മഞ്ജുഷയുടെയും മകളാണ് കുടുക്കവഞ്ചിയിലെ 5885 രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയ കൊച്ചുമിടുക്കി. കുട്ടികള്‍പോലും മുഖ്യമന്ത്രിയുടെ നിധിയിലേക്ക് സംഭാവന നല്‍കുമ്പോള്‍ തനിക്കും നല്‍കണമെന്നായി അന്‍വിത. വൈകുന്നേരം ടി വി യില്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം കാണുമ്പോള്‍ അച്ഛനോട്  പലപ്പോഴായി ഈ ആവശ്യം ഉന്നയിച്ചു. ആദ്യം കാര്യമാക്കിയില്ലെങ്കിലും ആവശ്യം ശക്തമായതോടെ ബന്ധുകൂടിയായ കൊറ്റങ്കര പഞ്ചായത്ത് പ്രസിഡന്റ് വിനിത കുമാരിയോട് കാര്യം പറഞ്ഞു. തുടര്‍ന്ന് മൂന്നുവയസ്സുകാരി അനുജത്തി അനികയും മാതാപിതാക്കളോടുമൊപ്പം കലക്ട്രേറ്റില്‍ എത്തി പണം ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന് കൈമാറുകയായിരുന്നു. സിറ്റി സെന്‍ട്രല്‍ സ്‌കൂളില്‍ രണ്ടാം ക്ലാസില്‍ പഠിക്കുന്ന അന്‍വിത ജില്ലാ കലക് ടറെ നേരില്‍ കണ്ടതിന്റെ ത്രില്ലിലാണ് ഇപ്പോള്‍, ഒപ്പം തന്റെ കരുതല്‍ മുഖ്യമന്ത്രിയുടെ കൈകളില്‍ എത്തുമെന്നുള്ള സന്തോഷവും.