ഹോട്ട്സ്പോട്ട് പഞ്ചായത്തുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍

post

ഇടുക്കി : കൊവിഡ് - 19 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത നെടുങ്കണ്ടം, ഏലപ്പാറ, വാഴത്തോപ്പ് ഗ്രാമപഞ്ചായത്തുകളെ ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ഗ്രാമപഞ്ചായത്തുകളില്‍  മെയ് 3  വരെ  നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവിറക്കി.

1. പ്രസ്തുത ഗ്രാമപഞ്ചായത്തുകളില്‍ വളരെ അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ പൊതുജനങ്ങള്‍ പുറത്തിറങ്ങുന്നത് കര്‍ശനമായി നിരോധിക്കുന്നു.

2. പ്രസ്തുത ഗ്രാമ പഞ്ചായത്തുകളിലേക്കും, പുറത്തേക്കും അവശ്യ സര്‍വ്വീസുകള്‍ക്കായി നിശ്ചിത റോഡുകളിലൂടെ മാത്രം ഗതാഗതം അനുവദിക്കുന്നതിനും ഇവയുടെ വിവരങ്ങള്‍ പൊതുജനങ്ങളെ അറിയിക്കുന്നതിനും ജില്ലാ പോലീസ് മേധാവിയെ ചുമതലപ്പെടുത്തുന്നു. മറ്റ് റോഡുകള്‍ പൂര്‍ണ്ണമായി അടച്ചിടേണ്ടതാണ്.

3. അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ ഉള്‍പ്പെടെയുള്ളവ തുറന്നു പ്രവര്‍ത്തിക്കാന്‍ പാടില്ലാത്തതാണ്.

4. അവശ്യ വസ്തുക്കള്‍, ആവശ്യമുള്ളവരുടെ വീടുകളിലേക്ക് നേരിട്ട് എത്തിച്ച് നല്‍കുന്നതിനുള്ള നടപടികള്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകരുടെ സേവനം വിനിയോഗിച്ച്, നിര്‍വ്വഹിക്കുന്നതിന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാരെ ചുമതലപ്പെടുത്തുന്നു. ടി ആവശ്യത്തിലേക്ക് മാത്രമായി ആവശ്യമെങ്കില്‍ പ്രത്യേകം നിശ്ചയിച്ചിട്ടുള്ള കടകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് അനുവാദം നല്‍കുന്നു. ഓരോ വാര്‍ഡ് തലത്തിലും ഇത്തരം ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ള സന്നദ്ധ സേവകരുടെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കേണ്ടതാണ്.

5. പ്രസ്തുത ഗ്രാമ പഞ്ചായത്തുകളിലൂടെ അവശ്യ വസ്തുക്കളുമായി കടന്നു പോകുന്ന ചരക്ക് വാഹനങ്ങള്‍ക്ക് ഇളവ് അനുവദിക്കുന്നു.

6. മെഡിക്കല്‍ സ്റ്റോറുകള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് ഇളവ് അനുവദിക്കുന്നു.

7. നെടുങ്കണ്ടം തൂക്കുപാലം ഭാഗത്ത് പൂര്‍ണ്ണമായി ലോക്ക് ഡൌണ്‍ ഏര്‍പ്പെടുത്തേണ്ടതുണ്ടെന്ന് കാണുന്നതിനാല്‍ കരുണാപുരം ഗ്രാമ പഞ്ചായത്തിലെ വാര്‍ഡുകള്‍, പാമ്പാടുംപാറ ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് എന്നിവിടങ്ങളിലും ഈ ഉത്തരവിലെ നിയന്ത്രണങ്ങള്‍ ബാധകമായിരിക്കുന്നതാണ്.

8. വാഴത്തോപ്പ് ഗ്രാമ പഞ്ചായത്ത് പരിധിയിലുള്ള ഇടുക്കി സിവില്‍ സ്റ്റേഷന്‍, പൈനാവ്, ചെറുതോണി ടൗണ്‍ എന്നിവിടങ്ങളില്‍ ഭാഗികമായ ഇളവുകള്‍ അനുവദിക്കുന്നു.  പൈനാവ്, ചെറുതോണി ടൌണ്‍ എന്നിവിടങ്ങളില്‍ ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 07.00 മണി മുതല്‍ വൈകിട്ട് 05.00 മണി വരെയും, മെഡിക്കല്‍ സ്റ്റോറുകള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവയ്ക്ക് 24 മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്.

9. പ്രസ്തുത ഗ്രാമ പഞ്ചായത്തുകളില്‍ നിന്നും പുറത്തേക്കോ, അകത്തേക്കോ യാത്ര ചെയ്യുന്നവരെ കര്‍ശനമായി പരിശോധിക്കേണ്ടതും ഈ ഉത്തരവിന്റെ ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കേണ്ടതുമാണ്.

10. എല്ലാ വ്യക്തികളും പൊതു സ്ഥലത്ത് നിര്‍ബന്ധമായും മാസ്‌ക്കുകള്‍ ധരിക്കേണ്ടതും, സാമൂഹിക അകലം പാലിക്കേണ്ടതും മറ്റ് വ്യക്തി സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കേണ്ടതുമാണ്.