ജില്ലയിലെ 33 കോവിഡ് കെയർ സെന്ററുകളിലായി നിരീക്ഷണത്തിലുള്ളത് 309 പേർ

post

പാലക്കാട്: ജില്ലയിലെ ആറ് താലൂക്കുകളിലായി പ്രവർത്തിക്കുന്ന 33 കോവിഡ് കെയർ സെന്ററുകളിലായി നിരീക്ഷണത്തിലുള്ളത് 309 പേർ. ഇതര സംസ്ഥാനങ്ങളിൽ നിന്നും മറ്റ് ജില്ലകളിൽ നിന്നും അനധികൃതമായി കടന്നുവരികയും പോലീസിന്റെയും  ആരോഗ്യവകുപ്പിന്റെയും  പിടിയിലായവരാണ് കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളത്. 

ആലത്തൂർ താലൂക്കിലെ വടക്കഞ്ചേരി, കുഴൽമന്ദം, വണ്ടാഴി,  കുളമുക്ക്, തൃപ്പാളൂർ, എന്നിവിടങ്ങളിലെ ഏഴ്  കേന്ദ്രങ്ങളിലായി ഹോട്ടലുകൾ,  ലോഡ്ജുകൾ എന്നിവിടങ്ങളിലായി 61 പേരാണ്  ആരോഗ്യ വകുപ്പിൻ്റെ നിരീക്ഷണത്തിലുള്ളത്. പാലക്കാട് താലൂക്ക് പരിധിയിൽ പാലക്കാട്,  ഒലവക്കോട്,  മലമ്പുഴ,  എലപ്പുള്ളി  തുടങ്ങിയ എട്ട് സെന്ററുകളിലായി 103 പേർ നിരീക്ഷണത്തിൽ കഴിയുന്നു. ഒറ്റപ്പാലം താലൂക്ക് പരിധിയിൽ മാങ്ങോട് , ലക്കിടി-പേരൂർ, ഷൊർണൂർ എന്നിവിടങ്ങളിലെ ആറ് കേന്ദ്രങ്ങളിലായി 86 പേരാണ് നിരീക്ഷണത്തിലുണ്ട്. മണ്ണാർക്കാട് താലൂക്ക് പരിധിയിൽ അഗളിയിൽ രണ്ടും മണ്ണാർക്കാട് ഒരു കോവിഡ് കെയർ സെന്ററും പ്രവർത്തിക്കുന്നു. ഇതിൽ 26 പേരാണ് നിരീക്ഷണത്തിലുള്ളത്. 

ചിറ്റൂർ താലൂക്കിൽ  മീനാക്ഷിപുരം, ചുള്ളിയാർ മേട്, കൊഴിഞ്ഞാമ്പാറ,  വടകരപ്പതി, പല്ലശ്ശന, എന്നിവിടങ്ങളിലും പട്ടാമ്പി താലൂക്ക് പരിധിയിൽ രണ്ടും കോവിഡ് കെയർ സെന്ററുകൾ  പ്രവർത്തിക്കുന്നു. ഇവിടെ നിലവിൽ ആളുകളെ പ്രവേശിപ്പിച്ചിട്ടില്ല. ഇതിനോടകം 350 ലധികം ആളുകൾ 14 ദിവസത്തെ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി വീടുകളിൽ നിരീക്ഷണത്തിൽ കഴിയാനായിപോയി. 

കോവിഡ് കെയർ സെന്ററുകളിൽ  ഭക്ഷണം, കുടിവെള്ളം, സാനിറ്റേഷൻ തുടങ്ങിയ കാര്യങ്ങൾ അതാത്  നഗരസഭ/ ഗ്രാമപഞ്ചായത്ത് എന്നിവരാണ് നേതൃത്വം നൽകുന്നത്. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ ആളുകളെ  പ്രവേശിപ്പിക്കുന്നതിന്റെയും വിട്ടയ്ക്കുന്നതിന്റെയും പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നു.  കോവിഡ് കെയർ സെന്ററുകളിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും സേവനം ലഭ്യമാണ്. സെന്ററുകൾ അണുവിമുക്തമാക്കുന്നതിന് ഫയർഫോഴ്സ് ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയിട്ടുള്ളതായി ജില്ലാതല കോവിഡ് കെയർ സെന്റർ നോഡൽ ഓഫീസറും ഒറ്റപ്പാലം സബ് കലക്ടറുമായ അർജുൻ പാണ്ഡ്യൻ അറിയിച്ചു.