ആരോഗ്യമേഖലയിലെ സുരക്ഷ ഉറപ്പാക്കാന്‍ മോക് ഡ്രില്‍

post

കൊല്ലം: ഏതു അടിയന്തര സാഹചര്യവും നേരിടാനുള്ള തയ്യാറെടുപ്പുകള്‍ വിലയിരുത്തി ആരോഗ്യ വകുപ്പിന്റെയും അഗ്‌നിസുരക്ഷാ സേനയുടേയും നേതൃത്വത്തില്‍ ജില്ലാ ആശുപത്രിയില്‍ മോക്ഡ്രില്‍ നടത്തി.

ആശുപത്രിയിലെ സര്‍ജിക്കല്‍  വാര്‍ഡില്‍ 'സജ്ജീകരിച്ച' തീപിടുത്തം ആദ്യം ആശങ്ക പരത്തി. പിന്നാലെവന്ന  അഗ്‌നി സുരക്ഷാ സേനയുടെ  മോക് ഡ്രില്‍ അറിയിപ്പാണ് പിരിമുറുക്കത്തിന് അയവ്  വരുത്തിയത്.  അടിയന്തര ഘട്ടങ്ങള്‍ അതിജീവിക്കാന്‍ നേതൃത്വം നല്‍കുന്ന ജില്ലാ കലക്ടര്‍ ബി. അബ്ദുള്‍ നാസര്‍ സ്ഥലത്തെത്തി കര്‍മനിരതനായി. രക്ഷാപ്രവര്‍ത്തനത്തിന്റെ ചിട്ടയായ പ്രവര്‍ത്തനമാണ് തുടര്‍ന്ന് നടന്നത്.

ഒരു ദിവസം 3000 ലധികം ആളുകള്‍ എത്തുന്ന ജില്ലാ ആശുപത്രിയില്‍ തീപിടിത്തം ഉണ്ടായാലുള്ള രക്ഷാപ്രവര്‍ത്തനവും തീ അണയ്ക്കുന്നതും സുരക്ഷാ സേനാംഗങ്ങള്‍ പ്രദര്‍ശിപ്പിച്ചു, വിശദീകരണവും നടത്തി. ജില്ലാ  അഗ്‌നി സുരക്ഷാ സേന  അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി.  ശശിധരന്‍  നേതൃത്വം നല്‍കി.

ആശുപത്രികള്‍ക്കായി പ്രത്യേക ദുരന്തനിവാരണ പ്ലാന്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായി നടത്തിയ മോക്ഡ്രില്‍ വിലയിരുത്തിയ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. സന്ധ്യ എക്‌സിറ്റ് പോയിന്റുകള്‍ കൂടുതല്‍ സുരക്ഷിതമാക്കണമെന്ന് നിര്‍ദ്ദേശിച്ചു. അത്യാഹിത ഘട്ടത്തില്‍ അഗ്‌നിസുരക്ഷ സേനയുടെ വാഹനങ്ങള്‍ക്ക്  പെട്ടെന്ന് ആശുപത്രിയിലേക്ക് കടന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്തിന്   പ്രധാന കവാടത്തിന്റെ വീതി കൂട്ടണം. എന്നും ആവശ്യപ്പെട്ടു.

ജില്ലാ ദുരന്തനിവാരണ അതോറിറ്റി, കെ. എസ്. ഇ. ബി., ജലവിഭവം, പോലീസ് എന്നീ വകുപ്പുകളുടെ പങ്കാളിത്തത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജെ. മണികണ്ഠന്‍,  ഈസ്റ്റ് പോലീസ് എസ്.എച്ച്.ഒ പി. പ്രകാശന്‍ പിള്ള, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഡി. വസന്തദാസ്, ആര്‍.എം.ഒ ഡോ. അനുരൂപ്, അഗ്‌നി സുരക്ഷാസേന അംഗങ്ങള്‍, ജില്ലാ ദുരന്തനിവാരണ അതോറിറ്റി അംഗങ്ങള്‍, ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.