അമ്പലത്തറ, കളിപ്പാംകുളം വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണം

post

തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പ്പറേഷനിലെ അമ്പലത്തറ, കളിപ്പാംകുളം വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണം ഉണ്ടാകുമെന്ന് ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രോഗബാധ സ്ഥിരീകരിച്ചയാളുണ്ടാകുകയോ രോഗവ്യാപന സാധ്യത കണക്കിലെടുക്കുകയോ ചെയ്താല്‍ ജില്ലാ ഭരണകൂടത്തിന് പ്രാദേശികമായി ഇത്തരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താം.

അമ്പലത്തറ, കളിപ്പാംകുളം വാര്‍ഡുകള്‍ ഒഴികെയുള്ള തിരുവനന്തപുരം കോര്‍പ്പറേഷനിലെ പ്രദേശങ്ങളില്‍ ഹോട്ട് സ്പോട്ട് ഒഴിവാക്കുന്നതിന് സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചിട്ടുണ്ട്. ഹോട്ട് സ്പോട്ടായ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നിലവിലെ നിയന്ത്രണങ്ങള്‍ തുടരും. വര്‍ക്കലയില്‍ രോഗം സ്ഥിരീകരിച്ച ആളുടെ റൂട്ട് മാപ്പ് തയാറാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളായ എഴു പേരുടെ സ്രവം പരിശോധനക്ക് അയച്ചിട്ടുണ്ട്. ജില്ലാ അതിര്‍ത്തിയിലും സംസ്ഥാന അതിര്‍ത്തിയിലും സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങളനുസരിച്ചുള്ള നിയന്ത്രണം ശക്തമായി തുടരുമെന്നും കളക്ടര്‍ പറഞ്ഞു.