അക്ഷര മുത്തശ്ശിക്ക് ജില്ലാ പഞ്ചായത്തിന്റെ ആദരം

post

കൊല്ലം: സാക്ഷരതാ മിഷന്റെ ചരിത്രത്തിലെ  ഏറ്റവും പ്രായം ചെന്ന  പഠിതാവ്  കെ. ഭാഗീരഥി അമ്മയ്ക്ക് ജില്ലാ പഞ്ചായത്തിന്റെ ആദരം. പ്രാക്കുളം തെക്കേതില്‍ നാമ്പിലഴികത്ത്  നന്ദ്ധാം വീട്ടിലെത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി പുരസ്‌കാര സമര്‍പ്പണം നടത്തി. മാവേലി നാട് വാണീടും കാലം എന്ന പഴം പാട്ടിന്റെ ശീലുകള്‍ പാടിക്കൊണ്ടാണ് ഭാഗീരഥി അമ്മ തന്നെ കാണാനെത്തിയവരെ സ്വീകരിച്ചത്. പത്താംതരം വരെ പഠിക്കുക എന്നതാണ് ഇപ്പോള്‍ ലക്ഷ്യമെന്ന് വിശേഷങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ 105 ന്റെ നിറവിലും 15 ന്റെ ഊര്‍ജ്ജം പ്രസരിപ്പിക്കുന്ന മുത്തശ്ശി പറഞ്ഞു.

105 വയസില്‍ നാലാംതരം തുല്യതാ പരീക്ഷ എഴുതിയ ഭാഗീരഥി അമ്മയെക്കുറിച്ചുള്ള  വാര്‍ത്തകള്‍  ദേശീയ മാധ്യമങ്ങളടക്കം പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു.  മലയാളം,  കണക്ക്,  പരിസ്ഥിതി വിഷയങ്ങളില്‍ മൂന്ന് ദിവസം കൊണ്ടാണ് അവര്‍  പരീക്ഷ  എഴുതിയത്.

ഭാഗീരഥി അമ്മയെ ജില്ലയുടെ സാക്ഷരതാ മിഷന്‍ അംബാസഡറായി ചുമതലപ്പെടുത്തിയതായി സാക്ഷരത  മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ അറിയിച്ചു.  ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ പ്രസാദ്, സാക്ഷരത മിഷന്‍ കോര്‍ഡിനേറ്റര്‍ പ്രദീപ് കുമാര്‍, ക്ഷേമകാര്യ സ്റ്റാന്റ്‌റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നന്ദിനി, വാര്‍ഡ് മെമ്പര്‍ സുധാമണി, സാക്ഷരതാ കീ റിസോഴ്‌സ് പേഴ്‌സണ്‍ കെ.ബി. വസന്തകുമാര്‍, സാക്ഷരതാ പ്രവര്‍ത്തക എസ്.എന്‍. ഷേര്‍ളി, തങ്കമണി അമ്മ എന്നിവര്‍ സന്നിഹിതരായിരുന്നു.