കോവിഡ് 19 : കിഴക്കന്‍ മേഖല; അതീവ ജാഗ്രതയ്ക്ക് നിര്‍ദേശം നല്‍കി മന്ത്രിമാര്‍

post

കൊല്ലം : കുളത്തൂപ്പുഴയില്‍ രണ്ട് പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിച്ചതോടെ ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ അതീവ ജാഗ്രതയ്ക്ക് നിര്‍ദേശം നല്‍കി മന്ത്രിമാരായ ജെ മേഴ്സിക്കുട്ടിയമ്മയും കെ രാജുവും. കോവിഡ് 19 വ്യാപനം തടയുന്നതിന് പഴുതടച്ചുള്ള നിയന്ത്രണ നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് കലക്ട്രേറ്റില്‍ നടന്ന അവലോകനത്തില്‍ ഇരുവരും പറഞ്ഞു. അതിര്‍ത്തി കടന്ന് ചരക്ക് വാഹനങ്ങളിലും മറ്റും അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ വരുന്നത് തടയണം. വന പാതകള്‍ പൂര്‍ണമായും അടച്ച് നിരീക്ഷണം ശക്തിപ്പെടുത്തണം. അത്യാവശ്യ ഘട്ടത്തിലല്ലാതെ വീടുകളില്‍ നിന്നും ആളുകള്‍ പുറത്തിറങ്ങരുത്. രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെയും സഞ്ചാരപഥത്തില്‍ വന്നവരെയും കൃത്യമായി കണ്ടെത്തി കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം പ്രതിരോധ നടപടികള്‍ സ്വീകരിക്കണം. നിരോധനാജ്ഞ നിലവിലുള്ള കുളത്തൂപ്പുഴ, തെന്മല, ആര്യങ്കാവ് ഗ്രാമപഞ്ചായത്തുകളില്‍ യാതൊരുവിധ ഇളവുകളും ഉണ്ടാവുന്നതല്ല. ജില്ലയിലെ ഹോട്ട് സ്പോട്ടുകളിലും ലോക്ക് ഡൗണ്‍ ഇളവുകള്‍ അനുവദിക്കാതെ കര്‍ശന നിയന്ത്രണം പുലര്‍ത്തണമെന്ന് മന്ത്രിമാര്‍ പറഞ്ഞു. ജില്ലയിലെ വിവിധ കോവിഡ് നിയ്രന്ത്രണ നടപടികള്‍ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ വിശദീകരിച്ചു.

മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ, എന്‍ കെ പ്രേമചന്ദ്രന്‍, കെ സോമപ്രസാദ്, എം മുകേഷ് എം എല്‍ എ, സിറ്റി പോലീസ് കമ്മീഷണര്‍ ടി നാരായണന്‍, എ ഡി എം പി.ആര്‍.ഗോപാലകൃഷ്ണന്‍ എന്നിവര്‍ അവലോകന യോഗത്തിന് കലക്ട്രേറ്റില്‍ നേരിട്ട് എത്തിയിരുന്നു. മന്ത്രി കെ രാജു, എ എം ആരിഫ് എം പി, എം എല്‍ എ മാരായ മുല്ലക്കര രത്നാകരന്‍, കെ ബി ഗണേഷ്‌കുമാര്‍, കോവൂര്‍ കുഞ്ഞുമോന്‍, പി അയിഷാ പോറ്റി, എം നൗഷാദ്, ആര്‍ രാമചന്ദ്രന്‍, മേയര്‍ ഹണി ബഞ്ചമിന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി തുടങ്ങിയവര്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയും പങ്കെടുത്തു.