പുരസ്കാരം പരീക്ഷണാത്മക സാഹിത്യത്തിനും സർഗ്ഗാത്മക സ്വാതന്ത്ര്യത്തിനുമുള്ള ആദരം- മന്ത്രി പി.സി. വിഷ്ണുനാഥ്

post

മലയാള സാഹിത്യത്തിലെ പരമോന്നത ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം മേതിൽ രാധാകൃഷ്ണന് സമ്മാനിക്കുന്നതിലൂടെ പരീക്ഷണാത്മക സാഹിത്യത്തിനും എഴുത്തുകാരുടെ സർഗ്ഗാത്മക സ്വാതന്ത്ര്യത്തിനുമാണ് സംസ്ഥാന സർക്കാർ ആദരവ് നൽകുന്നതെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞു. ഭാഷയുടെ അതിരുകൾ വികസിപ്പിച്ച സർഗ്ഗാത്മകതയ്ക്കും സ്വതന്ത്ര ചിന്തയ്ക്കും ഭാവനയുടെ അനന്തസാധ്യതകൾക്കുമുള്ള അംഗീകാരമാണ് പുരസ്കാരലബ്ധിയെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് ടൗൺ ഹാളിൽ നടന്ന 34-ാമത് എഴുത്തച്ഛൻ പുരസ്കാര സമർപ്പണ ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ചിലർ ഭാഷയിൽ എഴുതുകയും മറ്റു ചിലർ ഭാഷയെക്കൊണ്ട് എഴുതുകയും ചെയ്യുമ്പോൾ, അപൂർവ്വം ചിലർ ഭാഷയിൽ തന്നെ പുതിയൊരു ലോകം സൃഷ്ടിക്കുന്നുവെന്നും മേതിൽ രാധാകൃഷ്ണൻ അത്തരമൊരു എഴുത്തുകാരനാണെന്നും മന്ത്രി വിശേഷിപ്പിച്ചു. വാക്കുകളുടെ വാസ്തുശില്പിയാണ് മേതിൽ. സൂക്ഷ്മദർശിനിയുടെ കൃത്യതയും ദൂരദർശിനിയുടെ വിശാലതയുമുള്ള അദ്ദേഹത്തിന്റെ ഭാവന, ഒരു തുമ്പിച്ചിറകിൽ പ്രപഞ്ചത്തെയും മെഴുകുതിരി വെളിച്ചത്തിൽ ചരിത്രത്തെയും കണ്ടെത്തുന്നു.

പരമ്പരാഗത ആഖ്യാനരീതികളിൽ ഒതുങ്ങിനിൽക്കാതെ, പരിചിതമായ വാക്കുകൾക്ക് പോലും പുതിയ അർത്ഥതലങ്ങൾ സൃഷ്ടിച്ച് പതിറ്റാണ്ടുകളായി മലയാളത്തിന്റെ സാഹിത്യ ഭാവുകത്വത്തെ പുതുക്കിയ എഴുത്തുകാരനാണ് അദ്ദേഹം. മനുഷ്യകേന്ദ്രീകൃതമായ വീക്ഷണങ്ങൾക്കപ്പുറം പ്രകൃതിയിലേക്കും ചെറുജീവികളിലേക്കും പ്രപഞ്ചത്തിലേക്കും വ്യാപിക്കുന്നതാണ് മേതിലിന്റെ രചനാലോകമെന്നും മന്ത്രി കൂട്ടിച്ചേർത്തു.