'ദിശ' ഹയര്‍ സ്റ്റഡീസ് എക്സ്പോ 2026 മന്ത്രി എ.പി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു

post

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്റ് കൗണ്‍സിലിങ് സെല്‍ (സി.ജി. ആന്‍ഡ് എ.സി.) കോഴിക്കോടിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'ദിശ' ഹയര്‍ സ്റ്റഡീസ് എക്സ്പോ 2026 റവന്യൂ വകുപ്പ് മന്ത്രി എ.പി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.


കുറ്റ്യാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നവംബര്‍ 28 വരെയാണ് എക്സ്പോ നടക്കുന്നത്. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഉന്നതവിദ്യാഭ്യാസ സാധ്യതകളെക്കുറിച്ചും വിവിധ തൊഴില്‍ മേഖലകളെക്കുറിച്ചും വ്യക്തമായ അറിവും മാര്‍ഗനിര്‍ദേശവും നല്‍കുകയാണ് പ്രദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം.


ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്റ്റാളുകള്‍, കരിയര്‍ സെമിനാറുകള്‍, കരിയര്‍ കൗണ്‍സിലിങ്, ആപ്റ്റിറ്റിയൂഡ് ടെസ്റ്റുകള്‍, എ.ഐ. ആന്‍ഡ് റോബോട്ടിക്‌സ് വര്‍ക്ക്ഷോപ്പ്, ഹാക്കത്തോണ്‍, യുവസംരംഭക സംഗമം തുടങ്ങി നിരവധി പരിപാടികള്‍ എക്സ്പോയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

ചടങ്ങില്‍ പാറക്കല്‍ അബ്ദുള്ള എം.എല്‍.എ. അധ്യക്ഷത വഹിച്ചു. കെ.എം. അഭിജിത്ത് എം.എല്‍.എ. മുഖ്യാതിഥിയായി. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. മോഹന്‍ദാസ്, സി.ജി. ആന്‍ഡ് എ.സി. കോഴിക്കോട് കണ്‍വീനര്‍ എം.ടി. ഫരീദ, കുറ്റ്യാടി ഗവ. എച്ച്.എസ്.എസ്. അധ്യാപകര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.