കൊയിലാണ്ടിയിലെ വിദ്യാഭ്യാസ മേഖലയിൽ പുതിയ പദ്ധതികൾ പരിഗണിക്കും- മന്ത്രി എൻ. ഷംസുദ്ദീൻ
കൊയിലാണ്ടി മണ്ഡലത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് തയ്യാറാക്കുന്ന 'വിഷൻ കൊയിലാണ്ടി @ 2040' വികസനരേഖയിൽ ഉരുത്തിരിയുന്ന ആശയങ്ങൾ ഉൾക്കൊണ്ട് മണ്ഡലത്തിൽ പുതിയ പദ്ധതികൾ പരിഗണിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ. കോൺക്ലേവിന്റെ ഭാഗമായി നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

മണ്ഡലത്തിലെ സാഹചര്യങ്ങൾ വിലയിരുത്തി സ്കൂളുകളുടെ പദവി ഉയർത്തുന്നതും ഹയർ സെക്കൻഡറി ബാച്ചുകൾ വർധിപ്പിക്കുന്നതും പരിഗണിക്കും. ഹൈസ്കൂളുകളുടെ ആധുനികവത്കരണത്തിന് ആവശ്യമായ ലാബ്, ലൈബ്രറി, ഡിജിറ്റൽ സംവിധാനങ്ങൾ ഒരുക്കുന്നതിനും കെട്ടിടസൗകര്യമില്ലാത്ത എൽ.പി. സ്കൂളുകളുടെ നിർമാണത്തിനും അർഹമായ പ്രാതിനിധ്യം നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ 6,000 എൽ.പി., യു.പി. സ്കൂളുകളിൽ ഡിജിറ്റൽ സ്ക്വയറുകൾ സ്ഥാപിക്കാനും രണ്ടായിരത്തിലധികം ഹൈസ്കൂളുകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പഠനത്തിന് സംവിധാനമൊരുക്കാനും നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കുന്നവർക്ക് തൊഴിൽനൈപുണി ഉറപ്പാക്കാൻ സ്കിൽ ഡെവലപ്മെന്റ് സെന്ററുകൾ വ്യാപിപ്പിക്കും. മലബാറിലെ ഹയർ സെക്കൻഡറി സീറ്റ് ക്ഷാമം പരിഹരിക്കാൻ കഴിഞ്ഞ അധ്യയനവർഷം 120 പുതിയ ബാച്ചുകൾ അനുവദിച്ച് ഏഴായിരത്തോളം വിദ്യാർഥികൾക്ക് അധിക പഠനസൗകര്യം ഒരുക്കിയതായും മന്ത്രി പറഞ്ഞു. ആരോഗ്യ, വ്യവസായ, ഗതാഗത മേഖലകളിലെ വികസനസാധ്യതകൾ കൂടി ഉൾപ്പെടുത്തി തദ്ദേശസ്ഥാപനങ്ങളും എം.എൽ.എയും ഏകോപനത്തോടെ പ്രവർത്തിക്കുന്നത് വികസനരേഖയുടെ വിജയത്തിന് സഹായകമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മണ്ഡലത്തിലെ അഞ്ച് സർക്കാർ ഹൈസ്കൂളുകൾ ആധുനികവത്കരിക്കുന്ന പദ്ധതിയിൽ ഒന്നോ രണ്ടോ സ്കൂളുകളുടെ ചുമതല വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുക്കണമെന്ന് ചർച്ചയിൽ പങ്കെടുത്ത അഡ്വ. കെ. പ്രവീൺ കുമാർ എം.എൽ.എ. ആവശ്യപ്പെട്ടു. എൽ.പി. സ്കൂളുകൾക്ക് പുതിയ കെട്ടിടങ്ങൾ നിർമിക്കാൻ സഹായം നൽകണമെന്നും അദ്ദേഹം അഭ്യർഥിച്ചു. മാധ്യമപ്രവർത്തകൻ ഫിജി ജോണി മോഡറേറ്ററായ ചർച്ചയിൽ കൊയിലാണ്ടി നഗരസഭാ ചെയർമാൻ യു.കെ. ചന്ദ്രൻ, വിവിധ തദ്ദേശസ്ഥാപന പ്രതിനിധികൾ, വിദഗ്ധർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.









