ജലോത്സവത്തിന് ആവേശകരമായ സമാപനം; വയൽക്കര വെങ്ങാട്ട് ജലരാജാക്കമ്മാർ

post

ആവേശത്തിരമാലകൾ തീർത്ത 'മഹാത്മാഗാന്ധി ട്രോഫി ഉത്തരമലബാർ ജലോത്സവം 2026'-ൽ 25 പേർ തുഴയുന്ന വിഭാഗത്തിൽ വയൽക്കര വെങ്ങാട്ട് ജലരാജാക്കന്മാരായി. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ഫൈനലിൽ ന്യൂ ബ്രദേഴ്‌സ് മയിച്ച രണ്ടാം സ്ഥാനവും വി.ബി.സി കുറ്റിവയൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനലിൽ നടന്ന ജലമേളയിൽ വൻ ജനാവലിയാണ് മത്സരങ്ങൾക്ക് സാക്ഷ്യം വഹിച്ചത് . കാണികളുടെ ആവേശകരമായ ആർപ്പുവിളികൾക്കും ആർപ്പുരവങ്ങൾക്കുമിടയിലൂടെയാണ് ഓരോ വള്ളങ്ങളും ഫിനിഷിംഗ് പോയിന്റിലേക്ക് കുതിച്ചെത്തിയത്.


സംഘടക സമിതി ചെയർമാൻ സന്ദീപ് വാര്യർ എം.എൽ.എ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ചാമ്പ്യന്മാർക്ക് മഹാത്മാഗാന്ധി എവർറോളിംഗ് ട്രോഫിയോടൊപ്പം തൃക്കരിപ്പൂർ എം.എൽ.എ നൽകുന്ന സ്ഥിരം എം.എൽ.എ ട്രോഫിയും സമ്മാനിച്ചു.

15 പേർ തുഴയുന്ന പുരുഷ വിഭാഗത്തിൽ അഴീക്കോടൻ അച്ചാംതുരുത്തി ഒന്നാം സ്ഥാനവും വയൽക്കര വെങ്ങാട്ട് രണ്ടാം സ്ഥാനവും ന്യൂ ബ്രദേഴ്‌സ് മയിച്ച മൂന്നാം സ്ഥാനവും നേടി.

വനിതാ വിഭാഗത്തിൽ വയൽക്കര വെങ്ങാട്ട് ഒന്നാം സ്ഥാനം കരസ്ഥമാക്കി. കൃഷ്ണപിള്ള കാവുംചിറ രണ്ടാം സ്ഥാനവും പാലിച്ചോൻ അച്ചാംതുരുത്തി മൂന്നാം സ്ഥാനവും നേടി.