പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കെ നീലകണ്ഠൻ എം എൽ എ നിർവഹിച്ചു
പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഉദുമ നിയോജകമണ്ഡലം എം എൽ എ കെ നീലകണ്ഠൻ നിർവഹിച്ചു. ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രൻ നാലാംവാതുക്കൽ അധ്യക്ഷനായിരുന്നു. ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.രേഖ കെ ടി മുഖ്യപ്രഭാഷണം നടത്തി.
ചടങ്ങിൽ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുഹറാബി, ഉദുമ ഗ്രാമപഞ്ചായത്ത് മെമ്പർ കെ പ്രമീള, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ധന്യ ദയാനന്ദ്, സംസ്ഥാനതല നിരീക്ഷകൻ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് ട്രെയിനിങ് കോർഡിനേറ്റർ കെ എൻ അജയ്, ഐ എ പി കാസറഗോഡ് സെക്രട്ടറി ഡോ ഉദയ് ശ്രീനിവാസ്, റോട്ടറി ഡിസ്ട്രിക്റ്റ് പൾസ് പോളിയോ ചെയർമാൻ ഡോ സി എച്ച് ജനാർദ്ദന നായിക്, ഉദുമ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. അനിൽകുമാർ, ജില്ലാ എം സി എച്ച് ഓഫീസർ സ്റ്റെല്ല ജോസഫ്, ഐ സി ഡി എസ് സൂപ്പർവൈസർ ടി രമ എന്നിവർ സംസാരിച്ചു. ജില്ലാ ആർ സി എച്ച് ഓഫീസർ ഡോ ദിവ്യ വി എസ് സ്വാഗതവും ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് മഠത്തിൽ നന്ദിയും പറഞ്ഞു.
ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ ആഭിമുഖ്യത്തിൽ, ഐ എ പി, റോട്ടറി എന്നിവയുടെ സഹകരണത്തോടെ ഉദുമ കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ചാണ് ജില്ലാതല ഉദ്ഘാടന പരിപാടി സംഘടിപ്പിച്ചത്.
മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും പകരുന്നതും കുട്ടികളിൽ സ്ഥിരമായ അംഗവൈകല്യത്തിനോ മരണത്തിനോ കാരണമാകുന്നതുമായ വൈറസ് രോഗമാണ് പോളിയോമയലൈറ്റിസ് (പിള്ളവാതം). ഫലപ്രദമായ ചികിത്സയില്ലാത്ത ഈ രോഗത്തിന് നൂറു ശതമാനം ഫലപ്രദമായ പ്രതിരോധ മാർഗ്ഗം ഓറൽ പോളിയോ വാക്സിൻ (തുള്ളിമരുന്ന്) നൽകുക എന്നത് മാത്രമാണ്. ഇന്ത്യയിൽ അവസാനമായി പോളിയോ റിപ്പോർട്ട് ചെയ്തത് 2011-ൽ ആണെങ്കിലും 2014-ലാണ് രാജ്യം ഔദ്യോഗികമായി പോളിയോ മുക്തമായി പ്രഖ്യാപിക്കപ്പെട്ടത്. എന്നാൽ അയൽരാജ്യങ്ങളിൽ ഇപ്പോഴും കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് 5 വയസ്സിന് താഴെയുള്ള എല്ലാ കുട്ടികൾക്കും പ്രതിരോധശേഷി ഉറപ്പാക്കാൻ ലക്ഷ്യമിട്ട് പൾസ് പോളിയോ വാക്സിനേഷൻ പരിപാടി തുടരുന്നത്.
ജില്ലയിലെ അങ്കണവാടികൾ, സ്കൂളുകൾ, ആരോഗ്യ കേന്ദ്രങ്ങൾ, ബസ്റ്റാൻഡുകൾ റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ ബൂത്തുകൾ സജ്ജീകരിച്ചിരുന്നു. കൂടാതെ ആളുകൾക്ക് എത്തിച്ചേരുവാൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലും ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകളിലും കുട്ടികൾക്ക് തുള്ളിമരുന്ന് നൽകുന്നതിനായി മൊബൈൽ ടീമുകളും സജ്ജീകരിച്ചിരുന്നു









