കരുമാലൂർ-കുന്നുകര വികസന പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കണം: മന്ത്രി അബ്ദുൽ ഗഫൂ‍‍ർ

post

കരുമാലൂർ, കുന്നുകര ഗ്രാമപഞ്ചായത്തുകളിൽ പൈപ്പ് ലൈനുകൾ സ്ഥാപിച്ച് ഗാർഹിക പൈപ്പിടലും റോഡ് പുനരുദ്ധാരണ പ്രവൃത്തികളും സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി വി ഇ അബ്ദുൾ ഗഫൂർ പറഞ്ഞു. ജില്ലാ കളക്ടർ ജി പ്രിയങ്കയുടെ നേതൃത്വത്തിൽ കളക്ടറേറ്റിൽ പദ്ധതിയുമായി ബന്ധപ്പെട്ട് ചേർന്ന അവലോകന യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. നിലവിൽ പൈപ്പുകൾ ഇടുന്നതിന് നൽകിയിട്ടുള്ള കരാർ റദ്ദാക്കാനും പ്രവൃത്തി ഗ്രാമപഞ്ചായത്തുകൾ ഏറ്റെടുത്ത് നടപ്പിലാക്കാനും മന്ത്രി അനുമതി നൽകി.

ഇരു പഞ്ചായത്തുകൾക്കും ബിൽ നൽകുന്നതിന് അനുസരിച്ച് 4.5 കോടി രൂപ വീതം ലഭ്യമാക്കും. പഞ്ചായത്ത് തന്നെ ടെൻഡർ നടപടികൾ പൂർത്തിയാക്കണം. റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് എസ്റ്റിമേറ്റ് എടുത്ത് പ്രൊപ്പോസൽ സമർപ്പിക്കണം. പത്ത് ദിവസത്തിനുള്ളിൽ നടപടികൾ സ്വീകരിക്കുന്നതിന് കേരള വാട്ടർ അതോറിറ്റി, പൊതുമരാമത്ത് വകുപ്പുകളെ മന്ത്രി ചുമതലപ്പെടുത്തി. പ്രവൃത്തികൾക്കായി റോഡ് കുഴിക്കുന്ന സാഹചര്യമുണ്ടായാൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേർന്ന് സംയുക്ത യോഗം ചേർന്ന് തീരുമാനമെടുക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. ഉദ്യോഗസ്ഥർ പദ്ധതികളുടെ പുരോഗതി കൃത്യമായി വിലയിരുത്തണമെന്ന് ജില്ലാ കളക്ടർ യോഗത്തിൽ നിർദേശം നൽകി.

ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ കുന്നുകര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗീതാ കൃഷ്ണൻ, കരുമാലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി എ മുജീബ് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ മനോജ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.