ശബരിമല തീര്‍ത്ഥാടകര്‍ക്ക് കുന്നംകുളത്ത് വിശ്രമ ഇടത്താവളമൊരുങ്ങി

post

തൃശ്ശൂര്‍: ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ കുന്നംകുളത്തെ ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ ശബരിമല മണ്ഡലകാലത്തോടനുബന്ധിച്ച് ഭക്തര്‍ക്ക് വിശ്രമിക്കാനുള്ള ഇടത്താവളം തയ്യാറായി. ഗുരുവായൂര്‍ റോഡിലെ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്തുള്ള ഇന്‍ഫര്‍മേഷന്‍ സെന്റില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ വിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്തു. 

മണ്ഡല, മകരവിളക്ക് സമയങ്ങളില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ഇവിടെ വിശ്രമിക്കാനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിശ്രമിക്കുന്നതോടൊപ്പം ഇവര്‍ക്ക് കുളിക്കാനും സ്വന്തമായി ഭക്ഷണം പാകം ചെയ്ത് കഴിക്കുന്നതിനുമുള്ള സൗകര്യമുണ്ട്.

കുന്നംകുളം നഗരസഭ ചെയര്‍പേഴ്‌സന്‍ സീത രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ജില്ലയിലെ ക്ഷേത്രങ്ങളെ കുറിച്ച് മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് എന്നീ ഭാഷകളില്‍ തയ്യാറാക്കിയ ലഘുലേഖയുടെ പ്രകാശനം ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ കെ ബി മോഹന്‍ദാസ് നിര്‍വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ പി എം സുരേഷ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഗീതാ ശശി, കെ കെ മുരളി, മിഷ സെബാസ്റ്റ്യന്‍, കെ കെ ആനന്ദന്‍, വാര്‍ഡ് കൗണ്‍സിലര്‍ മിനി മോന്‍സി, വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, അയ്യപ്പസേവാ സംഘം പ്രതിനിധി വാസുണ്ണി സ്വാമി, ബഥനി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. പത്രോസ് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ കളക്ടര്‍ എസ് ഷാനവാസ് സ്വാഗതവും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. എ കവിത നന്ദിയും പറഞ്ഞു.