100 ദിനത്തിനുള്ളിൽ 100 തദ്ദേശസ്ഥാപനങ്ങളിൽ ഓട്ടോ ഫെയർമീറ്റർ ക്യാമ്പ്

post

100 തദ്ദേശസ്ഥാപനങ്ങളിൽ ഓട്ടോറിക്ഷ ഫെയർമീറ്റർ ക്യാമ്പ് 



ഫെയർ മീറ്റർ വെരിഫിക്കേഷൻ ക്യാമ്പ് സംസ്ഥാനതല ഉദ്ഘാടനം മന്ത്രി അനൂപ് ജേക്കബ് നിർവഹിച്ചു


നൂറുദിവസംകൊണ്ട് സംസ്ഥാനത്തെ 100 പഞ്ചായത്ത്, നഗരസഭാ തലങ്ങളിൽ ഓട്ടോറിക്ഷ ഫെയർ മീറ്റർ വെരിഫിക്കേഷൻ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ, ലീഗൽ മെട്രോളജി മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. കൂത്താട്ടുകുളം മുൻസിപ്പൽ ടൗൺഹാളിൽ വെരിഫിക്കേഷൻ ക്യാമ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.


സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തിയാണു ലീഗൽ മെട്രോളജി വകുപ്പ് ജൂലൈ മുതൽ എല്ലാ ജില്ലയിലും വെരിഫിക്കേഷൻ ക്യാമ്പുകൾ നടപ്പാക്കുന്നത്. താലൂക്ക് ആസ്ഥാനത്തുനിന്ന് 15 കിലോമീറ്ററോ അതിലധികമോ ദൂരമുള്ള തദ്ദേശസ്ഥാപനങ്ങളിലാണു ക്യാമ്പുകൾ ആരംഭിക്കുന്നത്. ഇതിലൂടെ തൊഴിലാളികൾക്ക് ദൂരയാത്രയും സമയനഷ്ടവും തൊഴിൽ നഷ്ടവും ഒഴിവാക്കാം. ക്യാമ്പുകളുടെ വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. 100 ദിവസത്തിൽ പരിമിതപ്പെടുത്താതെ പദ്ധതി തുടർന്നുപോകാനാണു വകുപ്പ് ലക്ഷ്യംവയ്ക്കുന്നത്. ഓട്ടോറിക്ഷ തൊഴിലാളികൾ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി അഭ്യർഥിച്ചു. പിറവം മണ്ഡലത്തിലെ തിരുമാറാടി, പാമ്പാക്കുട പഞ്ചായത്തുകളിലും ക്യാമ്പ് നടത്തും.


സർക്കാരിന്റെ നൂറുദിന പദ്ധതിയിൽ ആദ്യത്തേതായി പ്രിയദർശിനി സൗജന്യബസ് യാത്രാ നടപ്പാക്കിക്കഴിഞ്ഞു. ഭക്ഷ്യവകുപ്പ് അർഹതപ്പെട്ട കുടുംബങ്ങൾക്കു നൂറുദിവസം കൊണ്ട് 50,000 മുൻഗണനാ റേഷൻ കാർഡുകൾ നൽകും. ഉപഭോക്തൃവകുപ്പ് 1000 സ്‌കൂളുകളിൽ കൺസ്യൂമർ ക്ലബുകൾ ആരംഭിക്കും. ഇതുപോലെ എല്ലാ സർക്കാർ വകുപ്പുകളും വിവിധ പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു. ആദ്യദിവസത്തെ ക്യാമ്പിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ മന്ത്രി വിതരണം ചെയ്തു.


കൂത്താട്ടുകുളം നഗരസഭാ ചെയർമാൻ റെജി ജോൺ അധ്യക്ഷത വഹിച്ചു. കെ ഫ്രാൻസിസ് ജോർജ് എം പി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാധാകൃഷ്ണൻ, ലീഗൽ മെട്രോളജി കൺട്രോളർ രാജേഷ് സാം, ലീഗൽ മെട്രോളജി മധ്യമേഖല ജോയിന്റ് കൺട്രോളർ കെ ഷീലൻ, പാമ്പാക്കുട ബ്ലാക്ക് പഞ്ചായത്ത് പ്രസിഡന്റ് നെവിൻ ജോർജ്, പിറവം നഗരസഭാധ്യക്ഷൻ കെ ആർ പ്രദീപ്കുമാർ, കേരള പഞ്ചായത്ത് അസോസിയേഷൻ വൈസ് പ്രസിഡന്റ് കെ ആർ ജയകുമാർ, കൂത്താട്ടുകുളം നഗരസഭ വൈസ് ചെയർമാൻ ലിസി ജോസ്, തിരുമാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ കെ വർഗീസ്, പാമ്പാക്കുട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല ബാബു, രാമമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസി രാജു, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ട്രേഡ് യൂണിയൻ പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.