പട്ടികവിഭാ​ഗ വനിതകളുടെ ഉന്നമനത്തിന് കരുത്തായി 'ദാക്ഷായണി സ്വയംസഹായ സംഘങ്ങള്‍ പദ്ധതി'

post

സംസ്ഥാനത്തെ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍പ്പെട്ട വനിതകളുടെ സാമ്പത്തിക ശാക്തീകരണത്തിനും സംരംഭകത്വ വികസനത്തിനുമായി ദാക്ഷായണി സ്വയംസഹായ സംഘങ്ങള്‍ എന്ന പുതിയ പദ്ധതിയുമായി പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗ വികസന വകുപ്പ്. പിന്നാക്ക മേഖലയിലെ സ്ത്രീകൾക്ക് സാമ്പത്തിക സുരക്ഷിതത്വം കൈവരിക്കാൻ സാധിക്കാത്ത സാഹചര്യത്തിന് ശാശ്വത പരിഹാരമെന്നോണമാണ് പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. വനിതകളെ സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ മികച്ച സാമ്പത്തിക പിന്തുണയാണ് വകുപ്പ് ഈ പദ്ധതിയിലൂടെ ഉറപ്പുനൽകുന്നത്. ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒരേയൊരു ദളിത് വനിതയായ ദാക്ഷായണി വേലായുധന്റെ സ്മരണാർത്ഥം, ദാക്ഷായണി വേലായുധന്റെ ജന്മദിനത്തിലാണ് പദ്ധതിയ്ക്ക് തുടക്കമിടുന്നത്. പദ്ധതിയുടെ പൈലറ്റ് ഘട്ടം പാലക്കാട് ജില്ലയില്‍ ശേഷം സംസ്ഥാനത്തെ മറ്റുജില്ലകളിലേക്ക് വ്യാപിപ്പിക്കും.


പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഈ പദ്ധതിയിലൂടെ പട്ടിക വിഭാഗങ്ങളില്‍പ്പെട്ട വനിതാ ഗ്രൂപ്പുകള്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനും നിലവിലുള്ള സംരംഭങ്ങള്‍ വിപുലീകരിക്കാനും വന്‍ സാമ്പത്തിക പിന്തുണയാണ് നല്‍കുന്നത്. ഇതിലൂടെ സ്വയംസഹായ സംഘങ്ങള്‍ക്ക് സ്വാശ്രയത്വം കൈവരിക്കുന്നതിന് സാധിക്കും. സര്‍ക്കാര്‍ വകുപ്പുകളിലോ, അംഗീകൃത ഏജന്‍സികളിലോ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 18 വയസ് പൂര്‍ത്തിയായ വിഭാഗക്കാരുടെ ഗ്രൂപ്പുകള്‍ക്കാണ് പദ്ധതി ആനുകൂല്യം ലഭിക്കുന്നത്.


പുതിയ സംരംഭം ആരംഭിക്കുന്നതിന് പദ്ധതിയുടെ ആകെ ചെലവിന്റെ 75 ശതമാനം സര്‍ക്കാര്‍ സബ്‌സിഡിയായി അനുവദിക്കും. പരമാവധി 10 ലക്ഷം രൂപ വരെയാണ് സബ്‌സിഡി ലഭിക്കുക. ശേഷിക്കുന്ന 25 ശതമാനം തുക ബാങ്കുകളിലൂടെയോ പട്ടികജാതി-പട്ടികവര്‍ഗ വികസന കോര്‍പ്പറേഷനിലൂടെയോ വായ്പയായി കണ്ടെത്തണം.


കുറഞ്ഞത് രണ്ട് വര്‍ഷമായി വിജയകരമായി പ്രവര്‍ത്തിച്ചു വരുന്ന നിലവിലെ സംരംഭങ്ങള്‍ വികസിപ്പിക്കുന്നതിനും പദ്ധതി സഹായം നല്‍കും. ഇതിനായി പരമാവധി അഞ്ച് ലക്ഷം രൂപ വരെ സബ്‌സിഡി അനുവദിക്കും.


ബി.പി.എല്‍ കുടുംബങ്ങള്‍, ദുര്‍ബല വിഭാഗങ്ങള്‍, അവിവാഹിതരായ അമ്മമാര്‍, വിധവകള്‍, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാര്‍, സ്റ്റാര്‍ട്ടപ്പ് മിഷനിലോ നോര്‍ക്കയിലോ രജിസ്റ്റര്‍ ചെയ്തവര്‍, പ്രൊഫഷണല്‍ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയ തൊഴില്‍രഹിതര്‍ എന്നിവര്‍ക്ക് പദ്ധതിയില്‍ പ്രത്യേക മുന്‍ഗണന ലഭിക്കും. പിന്നാക്ക മേഖലകളിലെ സ്ത്രീകൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികൾ മറികടക്കാനും, അവരെ മുഖ്യധാരയിലെത്തിക്കാനും ഈ പദ്ധതി വഴി സാധിക്കും.


കേരളത്തിലെ സാമൂഹിക പരിഷ്കരണ ചരിത്രത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച ദാക്ഷായണി വേലായുധന്റെ നാമധേയത്തിലുള്ള ഈ പദ്ധതി, പരമ്പരാഗത തൊഴിൽ മേഖലകളിൽ നിന്ന് മാറി, പുതിയ കാലത്തെ സംരംഭകത്വ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന പട്ടികജാതി വിഭാഗത്തിലെ വനിതകൾക്ക് ഒരു വലിയ കൈത്താങ്ങായിരിക്കും.