അനധികൃത മത്സ്യബന്ധനം : കർശന നടപടികൾ സ്വീകരിക്കും
ട്രോൾബാൻ കാലയളവിൽ സർക്കാർ ഏർപ്പെടുത്തിയ മത്സ്യബന്ധന നിരോധനം ലംഘിച്ച് യന്ത്രവത്കൃത മത്സൃബന്ധനയാനങ്ങൾ ഉൾപ്പെടെ ചില യാനങ്ങൾ അനധികൃതമായി മത്സ്യബന്ധനം നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള നിയമലംഘനങ്ങൾ കടലിലെ മത്സ്യസമ്പത്തിന്റെ സ്വാഭാവിക പ്രജനന പ്രക്രിയയെ പ്രതികൂലമായി ബാധിക്കുകയും കുഞ്ഞുമത്സ്യങ്ങളുടെ നാശത്തിനും ഭാവിയിലെ മത്സ്യലഭ്യത കുറയുന്നതിനും കാരണമാകുകയും ചെയ്യും. ഇത് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെയും സാമ്പത്തിക ഭദ്രതയും പ്രതികൂലമായി ബാധിക്കുന്നു. മത്സ്യങ്ങളുടെ പ്രജനന കാലഘട്ടമായ തെക്ക് പടിഞ്ഞാറൻ മൺസൂൺകാലത്ത് കടൽ മത്സ്യ സമ്പത്ത് സംരക്ഷിക്കുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ ലംഘിക്കുന്നത് ഗൗരവകരമായി കാണുന്നതാണ്. മത്സ്യങ്ങളുടെ പ്രജനന കാലയളവിൽ അവയ്ക്ക് സംരക്ഷണം നൽകുന്നതിനും സമുദ്രത്തിലെ മത്സ്യസമ്പത്ത് നിലനിർത്തുന്നതിനുമായാണ് ട്രോൾബാൻ നടപ്പിലാക്കുന്നത്. നിരോധന കാലയളവിൽ നിയമവിരുദ്ധമായി മത്സ്യബന്ധനം നടത്തുന്നവർ പരിസ്ഥിതി സംരക്ഷണത്തിനും മത്സ്യത്തൊഴിലാളികളുടെ ദീർഘകാല ഉപജിവനത്തിനും ഭീഷണിയാകുന്ന പ്രവർത്തനങ്ങളാണ് നടത്തുന്നത്. ട്രോൾ ബാൻ കാലയളവിൽ നാളിതുവരെ 10 നിയമലംഘനങ്ങൾ ഫിഷറീസ് വകുപ്പും മറൈൻ എൻഫോഴ്‌സ്മെന്റം സംയുക്തമായി പട്രോളിംഗ് നടത്തി പിടികൂടുകയും 1,98,150 രൂപ പിഴയിനത്തിലും മത്സ്യലേലത്തിലും കൂടി ഈടാക്കിയിട്ടുണ്ട്.
നിരോധന കാലയളവിൽ നിയമങ്ങൾ ലംഘിച്ച് കടലിലിറങ്ങുന്ന മത്സ്യബന്ധന യാനങ്ങൾ പിടിച്ചെടുക്കുന്നതുൾപ്പെടെയുള്ള കർശനമായ നടപടികൾ സ്വീകരിക്കും. ഉത്തരവാദിത്തമുള്ള മത്സ്യബന്ധന രീതികൾ പിന്തുടരാനും, ട്രോൾബാൻ നിർദ്ദേശങ്ങളും നിരോധന നിയമങ്ങളും പൂർണ്ണമായി പാലിക്കാനും എല്ലാ മത്സ്യത്തൊഴിലാളികളും യാന ഉടമകളും സഹകരിക്കേണ്ടതാണ്. മത്സ്യസമ്പത്തിന്റെ സംരക്ഷണം ഉറപ്പാക്കുന്നത് മത്സ്യത്തൊഴിലാളികളുടെ തന്നെ ഭാവി സുരക്ഷയ്യും ഉപജീവന സ്ഥിരതയ്ക്കും അനിവാര്യമാണ്. . കടൽ സുരക്ഷയും മത്സ്യസമ്പത്തിന്റെ സംരക്ഷണവും ഉറപ്പാക്കുന്നതിനായി ഫിഷറീസ് വകുപ്പിന്റെ നിരീക്ഷണ സംവിധാനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അടിയന്തരമായി ബന്ധപ്പെട്ട തീരദേശ ഫിഷറീസ് സ്റ്റേഷനുകളിലെയോ കൺട്രോൾ റൂമിലെയോ അധികാരികളെ വിവരം അറിയിക്കണം.











