പരിസ്ഥിതി ലോല പ്രദേശ നിർണയം: കേരളത്തിന്റേത് കൃത്യമായ പഠനമെന്ന് മുഖ്യമന്ത്രി

post

പരിസ്ഥിതി ലോല പ്രദേശ (ഇ എസ് എ) നിർണയവുമായി ബന്ധപ്പെട്ട വിഷയത്തിൽ രാജ്യത്ത് ഏറ്റവും കൃത്യവും വിശദവുമായ പഠനം നടത്തിയ സംസ്ഥാനം കേരളമാണെന്നും, ഇത് കേന്ദ്രതലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വി. ഡി. സതീശൻ പറഞ്ഞു. ഇ എസ് എ നിർണയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സെക്രട്ടേറിയറ്റിൽ ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.


ഉയർന്ന ജനസാന്ദ്രതയുണ്ടായിട്ടും സംസ്ഥാനത്തിന് മികച്ച വനവിസ്തൃതിയും പച്ചപ്പും നിലനിർത്താൻ കഴിഞ്ഞിട്ടുണ്ട്. ഇടുക്കി ഉൾപ്പെടെയുള്ള ജില്ലകളിൽ മുൻകാലങ്ങളിൽ തെറ്റായി വനമായി വിജ്ഞാപനം ചെയ്യപ്പെട്ട പ്രദേശങ്ങൾ ഒഴിവാക്കുമെന്ന ഉറപ്പ് സർക്കാർ നടപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


ഭൂമിയുമായി ബന്ധപ്പെട്ട കേസുകളിൽ ഉൾപ്പടെ ഹൈക്കോടതിയിലും മറ്റ് കോടതികളിലും സമർപ്പിക്കുന്ന സത്യവാങ്മൂലങ്ങളിൽ സർക്കാർ വകുപ്പുകൾ ഏകീകൃത നിലപാട് സ്വീകരിക്കണം. ഇത് സംബന്ധിച്ച് അഡ്വക്കേറ്റ് ജനറലിന് (എ.ജി) നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി യോഗത്തിൽ അറിയിച്ചു. പരിസ്ഥിതി ലോല പ്രദേശങ്ങളുടെ വിസ്തൃതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ സമർപ്പിച്ച കണക്കുകൾ പൂർണ്ണമായും കൃത്യമാണെന്ന് യോഗം വിലയിരുത്തി.


കേന്ദ്ര സമിതിയെ ബോധ്യപ്പെടുത്തും: പരിസ്ഥിതി സംരക്ഷണത്തിൽ കേരളം സ്വീകരിച്ചിട്ടുള്ള സുപ്രധാന നടപടികൾ കേന്ദ്രതല ഇ എസ് എ സമിതിയെ കൃത്യമായി ബോധ്യപ്പെടുത്താൻ യോഗത്തിൽ തീരുമാനമായി. മുൻകാലങ്ങളിൽ തെറ്റായി വനഭൂമിയായി രേഖപ്പെടുത്തിയ ജനവാസ മേഖലകളെ ഒഴിവാക്കുമെന്ന സർക്കാരിന്റെ ഉറപ്പ് പാലിക്കും. സെക്രട്ടേറിയറ്റിൽ ചേർന്ന ഉന്നതതല യോഗത്തിൽ മന്ത്രിമാരായ സണ്ണി ജോസഫ്, ഷിബു ബേബി ജോൺ, ടി. സിദ്ദിഖ്, എ. പി. അനിൽകുമാർ, അനൂപ് ജേക്കബ്, ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, വിവിധ വകുപ്പ് സെക്രട്ടറിമാർ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.