താൽക്കാലിക ജെ.എച്ച്.ഐമാരുടെ സേവന കാലാവധി നീട്ടിയത് പകർച്ചവ്യാധി പ്രതിരോധത്തിന്: വ്യാജ പ്രചാരണങ്ങൾ വസ്തുതാവിരുദ്ധമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ്
സംസ്ഥാനത്ത് കാലവർഷം ശക്തമായിരിക്കുന്ന സാഹചര്യത്തിൽ പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ തടയുന്നതിനും ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനുമാണ് താൽക്കാലിക ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ (JHI) സേവന കാലാവധി നീട്ടിയതെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് അറിയിച്ചു. കോവിഡ് കാലഘട്ടത്തിൽ നിയമിതരായ 505 താൽക്കാലിക ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് II ജീവനക്കാരുടെ സേവനമാണ് മൂന്ന് മാസത്തേക്ക് കൂടി നീട്ടാൻ സർക്കാർ തീരുമാനിച്ചത്. ഇത് പുതിയ നിയമനമോ സ്ഥിരനിയമനമോ അല്ലെന്നും ഇതിനെതിരെയുള്ള വ്യാജ പ്രചാരണങ്ങൾ തികച്ചും വസ്തുതാവിരുദ്ധമാണെന്നും വകുപ്പ് വ്യക്തമാക്കുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പൊതുജനാരോഗ്യ പ്രവർത്തനങ്ങൾക്ക് യാതൊരു തടസ്സവും ഉണ്ടാകാതിരിക്കാനാണ് ഈ തികച്ചും താൽക്കാലികവും സാഹചര്യബന്ധിതവുമായ ഭരണപരമായ തീരുമാനം. മഴക്കാലത്ത് ഡെങ്കിപ്പനി, എലിപ്പനി, വയറിളക്കം, വൈറൽ പനി തുടങ്ങിയ രോഗങ്ങൾക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കേണ്ടതുണ്ട്.
കോവിഡനന്തര കാലത്തും തദ്ദേശ സ്ഥാപനങ്ങളിലെ ശുചിത്വ പ്രവർത്തനങ്ങൾ, പകർച്ചവ്യാധി നിരീക്ഷണം, ഉറവിട നശീകരണം, ബോധവൽക്കരണം, ഫീൽഡ് പരിശോധനകൾ തുടങ്ങിയ ആരോഗ്യപരമായ കാര്യങ്ങളിൽ ഈ ജീവനക്കാർ വിലപ്പെട്ട സേവനമാണ് നിർവഹിച്ചുവരുന്നത്. നിലവിലെ സാഹചര്യത്തിൽ ഇവരുടെ സേവനം അവസാനിപ്പിക്കുന്നത് തദ്ദേശ സ്ഥാപനങ്ങളിലെ ആരോഗ്യ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് മാസത്തെ കാലാവധി കൂടി അനുവദിച്ചത്.
ചില കേന്ദ്രങ്ങൾ ഈ തീരുമാനത്തെ തെറ്റായി വ്യാഖ്യാനിച്ച്, പി.എസ്.സി. നിയമനങ്ങളെയും എംപ്ലോയ്‌മെന്റ് രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികളെയും അവഗണിക്കുന്ന നടപടിയാണെന്ന് പ്രചരിപ്പിക്കുന്നത് പൂർണ്ണമായും തെറ്റാണ്. സർക്കാർ ഭരണഘടനാപരമായ എല്ലാ നിയമന സംവിധാനങ്ങളെയും പൂർണമായി ബഹുമാനിക്കുന്നു. പി.എസ്.സി. വഴിയുള്ള നിയമനങ്ങളും മറ്റ് നിയമാനുസൃത നടപടിക്രമങ്ങളും അവയുടെ സമയക്രമത്തിനനുസരിച്ച് തന്നെ തുടരും. ഈ ഇടക്കാല തീരുമാനം അവയ്ക്ക് പകരമോ അവയെ മറികടക്കുന്നതോ അല്ല.
ജനങ്ങളുടെ ജീവനും ആരോഗ്യസുരക്ഷയും ഉറപ്പാക്കുക എന്നതാണ് സർക്കാരിന്റെ പ്രഥമ ഉത്തരവാദിത്തം. ജനങ്ങളുടെ ക്ഷേമം മുൻനിർത്തി പൊതുജനാരോഗ്യം സംരക്ഷിക്കാൻ ആവശ്യമായ എല്ലാ ഇടപെടലുകളും ഉത്തരവാദിത്തത്തോടെയും സമയോചിതമായും തുടർന്നും സ്വീകരിക്കുമെന്നും തദ്ദേശസ്വയംഭരണ വകുപ്പ് അധികൃതർ വ്യക്തമാക്കി.











