സഹകരണ മേഖല ശക്തിപ്പെടുത്തി പുതുയുഗ കേരളം സാധ്യമാക്കും: മന്ത്രി എം. ലിജു

post

അന്തർദേശീയ സഹകരണ ദിനാഘോഷവും സംസ്ഥാന സഹകരണ അവാർഡ് വിതരണവും ഉദ്ഘാടനം ചെയ്തു


സഹകരണ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തി പുതുയുഗ കേരളം യാഥാർഥ്യമാക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് സഹകരണ വകുപ്പ് മന്ത്രി എം. ലിജു പറഞ്ഞു. അന്തർദേശീയ സഹകരണ ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലെ ട്രാവൻകൂർ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച പൊതുസമ്മേളനവും സഹകരണ അവാർഡ് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.


കേരളത്തിന്റെ സമഗ്ര വികസനത്തിൽ സഹകരണ പ്രസ്ഥാനങ്ങൾക്ക് നിർണായക പങ്കുണ്ട്. സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച 'പബ്ലിക് - കോ ഓപ്പറേറ്റീവ് പാർട്ണർഷിപ്പ്' പദ്ധതിയിലൂടെ പൊതുമേഖലയും സർക്കാരും നിക്ഷേപ താൽപര്യമുള്ള സഹകരണ പ്രസ്ഥാനങ്ങളും കൈകോർത്ത് സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ പങ്കാളികളാകുന്ന പുതിയ ആശയം നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.


സംസ്ഥാന ജി.ഡി.പിയിൽ മികച്ച സംഭാവന നൽകുന്ന സഹകരണ മേഖലയിൽ ഏകദേശം മൂന്നര ലക്ഷം കോടി രൂപയുടെ വാർഷിക ബിസിനസാണ് നടക്കുന്നത്. നിലവിൽ പതിനാറായിരത്തിലധികം സഹകരണ സംഘങ്ങൾ സംസ്ഥാനത്തുണ്ട്. സഹകരണ മേഖലയെ കൂടുതൽ പുരോഗതിയിലേക്ക് നയിക്കുന്നതിനായി കഴിഞ്ഞ ഒരു മാസമായി വിദഗ്ധർ, സംഘടനാ പ്രതിനിധികൾ, ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ എന്നിവരുമായി സർക്കാർ വിശദമായ ചർച്ചകൾ നടത്തിവരികയാണെന്നും മന്ത്രി കൂട്ടിിച്ചേർത്തു.


'ആശ്വാസം' ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി

വായ്പ തിരിച്ചടവിൽ ബുദ്ധിമുട്ടുന്നവർക്ക് വലിയ ആശ്വാസം നൽകുന്ന മൂന്ന് മാസത്തെ പ്രത്യേക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയായ 'ആശ്വാസം' സർക്കാർ നടപ്പാക്കി. ഈ പദ്ധതിയിലൂടെ പിഴപ്പലിശ പൂർണമായും ഒഴിവാക്കുകയും പലിശയിൽ വൻ ഇളവുകൾ നൽകുകയും ചെയ്യും. ആറു വർഷത്തിലധികമായി കുടിശ്ശികയായി കിടക്കുന്ന കിട്ടാക്കടങ്ങൾ തിരിച്ചുപിടിക്കാനും സഹകരണ സംഘങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും ഈ പദ്ധതി ഏറെ സഹായകമാകും.


വായ്പാ കുടിശ്ശികയുടെ പേരിൽ അംഗങ്ങളോടും പൊതുജനങ്ങളോടും മോശമായി പെരുമാറുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നത് ഒരു കാരണവശാലും അനുവദിക്കില്ലെന്ന് മന്ത്രി കർശന മുന്നറിയിപ്പ് നൽകി. സഹകരണ സംഘങ്ങളിൽ എത്തുന്ന എല്ലാവരോടും ഉദ്യോഗസ്ഥർ മാന്യമായും മനുഷ്യത്വപരമായും പെരുമാറണം. ലഭിക്കുന്ന എല്ലാ അപേക്ഷകൾക്കും കൃത്യമായ രസീത് നൽകുകയും അർഹമായ ആനുകൂല്യങ്ങൾ വ്യക്തമായി എഴുതി അറിയിക്കുകയും വേണം. ഇതുസംബന്ധിച്ച് എല്ലാ സഹകരണ സംഘങ്ങൾക്കും കർശന നിർദേശം നൽകിയിട്ടുണ്ട്.


റിസ്‌ക് ഫണ്ടിൽ ഇളവുകളും നിക്ഷേപക സുരക്ഷയും

കുടിശ്ശികയുള്ളവർക്കും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുടുംബങ്ങൾക്കും മാരകരോഗങ്ങൾ ബാധിച്ചവർക്കും റിസ്‌ക് ഫണ്ടിന്റെ ആനുകൂല്യം ലഭ്യമാക്കുന്ന രീതിയിൽ നിലവിലെ നിബന്ധനകളിൽ സർക്കാർ മാറ്റം വരുത്തും. സഹകരണ സംഘം അംഗങ്ങളുടെ ചികിത്സാ സഹായവുമായി ബന്ധപ്പെട്ട് കെട്ടിക്കിടക്കുന്ന ആയിരത്തിലധികം അപേക്ഷകളിൽ ഉടൻ തീരുമാനമെടുത്ത് സഹായം വിതരണം ചെയ്യും.


ഡിപ്പോസിറ്റേഴ്‌സ് ഗ്യാരന്റി സ്കീം: നിക്ഷേപകരുടെ വിശ്വാസം സംരക്ഷിക്കുന്നതിനായി ഡിപ്പോസിറ്റേഴ്‌സ് ഗ്യാരന്റി സ്‌കീമിൽ എല്ലാ സഹകരണ സംഘങ്ങളെയും നിർബന്ധമായും അംഗങ്ങളാക്കും. സ്‌കീമിൽ അംഗമാകാത്ത സംഘങ്ങളുടെ വിവരങ്ങൾ ഉടൻ പരസ്യപ്പെടുത്തും. നിലവിൽ ലിക്വിഡേഷനിലായ സംഘങ്ങൾക്ക് മാത്രം സഹായം നൽകുന്ന രീതി മാറ്റി, പ്രതിസന്ധിയിലാകുന്ന സംഘങ്ങളെ സഹായിക്കുന്നതിന് സ്‌കീമിലുള്ള 315 കോടി രൂപ ഉപയോഗിക്കാൻ ആവശ്യമായ ചട്ടഭേദഗതി കൊണ്ടുവരും.


വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി

സഹകരണ സംഘങ്ങളുടെ പുനരുജ്ജീവനത്തിനുള്ള റിവൈവൽ ഫണ്ട് വിതരണം ഇനി മുതൽ കർശന മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും. വ്യക്തമായ പ്രൊഫഷണൽ റിവൈവൽ പ്ലാൻ സമർപ്പിക്കുന്ന സംഘങ്ങൾക്ക് മാത്രമേ ഫണ്ട് അനുവദിക്കൂ. പ്രവർത്തനങ്ങളിൽ വീഴ്ച്ച വരുത്തി സംഘങ്ങളെ തകർച്ചയിലാക്കിയ ഉദ്യോഗസ്ഥർക്കും ഭരണസമിതി അംഗങ്ങൾക്കുമെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കും. നഷ്ടപ്പെട്ട പൊതുപണം സർചാർജ് ഉൾപ്പെടെയുള്ള നിയമനടപടികളിലൂടെ തിരിച്ചുപിടിക്കും. നബാർഡ്, എൻ.സി.ബി.സി തുടങ്ങിയ ദേശീയ ഏജൻസികളുമായി സഹകരിച്ച് കൂടുതൽ വികസന പദ്ധതികൾ നടപ്പാക്കാനും സർക്കാർ ശ്രമിക്കുന്നുണ്ട്.


ചിലയിടങ്ങളിലെ ഒറ്റപ്പെട്ട പോരായ്മകൾ പരിഹരിക്കാൻ സർക്കാർ ശക്തമായി ഇടപെടുന്നുണ്ടെന്നും സഹകരണ മേഖല പൂർണമായും തകർച്ചയിലാണെന്ന പ്രചാരണം തെറ്റാണെന്നും മന്ത്രി പറഞ്ഞു. നിക്ഷേപകരുടെ പണം സംരക്ഷിക്കുന്നതിനൊപ്പം ദുരിതമനുഭവിക്കുന്ന സാധാരണക്കാരുടെ പ്രശ്‌നങ്ങൾക്കും മാനുഷിക പരിഹാരം കണ്ടെത്തുകയാണ് സർക്കാർ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ 2025ലെ മികച്ച സഹകരണ സംഘങ്ങൾക്കുള്ള സംസ്ഥാന അവാർഡുകളും മികച്ച സഹകാരിക്കുള്ള റോബർട്ട് ഓവൻ പുരസ്‌കാരം നേടിയ കെ. എ. ചന്ദ്രൻ ഉൾപ്പെടെയുള്ള പുരസ്‌കാര ജേതാക്കൾക്കുള്ള അവാർഡുകളും മന്ത്രി വിതരണം ചെയ്തു.


സുധീർഷ പാലോട് എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എം. വിൻസെന്റ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശനി, സഹകരണ ആഡിറ്റ് ഡയറക്ടർ ഡോ. റെജിൽ എം. സി, കേരള സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ് മോഹനൻ മാസ്റ്റർ, കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് കൺവീനർ സി. കെ. ഷാജി മോഹനൻ എന്നിവർ സന്നിഹിതരായിരുന്നു. സഹകരണ സംഘം രജിസ്ട്രാർ എസ്. പ്രേംകൃഷ്ണൻ സ്വാഗതവും ജോയിന്റ് രജിസ്ട്രാർ ബിന്ദു ഐ. പി നന്ദിയും പറഞ്ഞു.