വനിതകൾക്ക് സിനിമമേഖലയിൽ പ്രാതിനിധ്യം ഉറപ്പാക്കാൻ പരിശീലന പരിപാടിയുമായി ചലച്ചിത്ര അക്കാദമി
സിനിമ മേഖലയിൽ സ്ത്രീ പ്രാതിനിധ്യം വർദ്ധിപ്പിക്കുക ലക്ഷ്യമിട്ട് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ആവിഷ്‌കരിച്ച തൊഴിൽപരിശീലനപരിപാടിയുടെ ആദ്യഘട്ടമായ ഓറിയന്റേഷൻ ക്യാമ്പ് സെപ്റ്റംബർ 27,28,29 തീയതികളിലായി തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ നടക്കും.
സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അഡ്വ.വി.കെ പ്രശാന്ത് എം.എൽ.എ ,മേയർ ആര്യാ രാജേന്ദ്രൻ, ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, കെ.എസ്.എഫ്.ഡി.സി ചെയർമാൻ ഷാജി എൻ. കരുൺ, സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ, കേരള നോളജ് എക്കണോമി മിഷൻ ഡയറക്ടർ ഡോ.പി.എസ്. ശ്രീകല, വനിതാ വികസന കോർപ്പറേഷൻ ഡയറക്ടർ ബിന്ദു വി.സി, സർവവിജ്ഞാനകോശം ഡയറക്ടർ ഡോ.മ്യൂസ് മേരി ജോർജ്, അക്കാദമി ജനറൽ കൗൺസിൽ അംഗങ്ങളായ കുക്കു പരമേശ്വരൻ, ലക്ഷ്മി രഘുനാഥൻ, സെക്രട്ടറി സി.അജോയ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു..
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി തെരഞ്ഞെടുക്കപ്പെട്ട 47 വനിതകളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. മൂന്നു ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിൽ ഫിലിം എഡിറ്റർ ബീനാപോൾ, ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ജില്ലാ ഗവൺമെന്റ് പ്ളീഡർ ഡോ.ടി. ഗീനാകുമാരി, ഫിലിം മാർക്കറ്റിംഗ് ഡിസൈനർ ഡോ.സംഗീത ജനചന്ദ്രൻ, ഛായാഗ്രാഹകൻ കെ.ജി ജയൻ, നിർമ്മാതാക്കളായ ജി.സുരേഷ് കുമാർ, ജി.പി വിജയകുമാർ, മേക്കപ്പ് ആർട്ടിസ്റ്റ് മിറ്റ എം.സി, കലാസംവിധായകൻ അനീസ് നാടോടി, പ്രൊഡക്ഷൻ ഡിസൈനർ ജോസഫ് നെല്ലിക്കൽ, പബ്ളിസിറ്റി ഡിസൈനർ ആന്റണി സ്റ്റീഫൻ എന്നിവർ വിവിധ സെഷനുകൾ നയിക്കും.
പ്രൊഡക്ഷൻ മാനേജ്മെന്റ്, ലൈറ്റിംഗ്, ആർട്ട് ആന്റ് ഡിസൈൻ, കോസ്റ്റ്യൂം, മേക്കപ്പ്, പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവിഷൻ, മാർക്കറ്റിംഗ് ആന്റ് പബ്ളിസിറ്റി എന്നീ മേഖലകളിലാണ് പരിശീലനം നൽകുന്നത്. നടിയും കോസ്റ്റ്യൂം ഡിസൈനറുമായ കുക്കു പരമേശ്വരനാണ് ക്യാമ്പ് ഡയറക്ടർ. ക്യാമ്പിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്നവർക്കായി തീവ്രപരിശീലനപരിപാടി സംഘടിപ്പിക്കും. തുടർന്ന് സിനിമകളുടെ വിവിധ സാങ്കേതിക വിഭാഗങ്ങളിൽ പ്രവർത്തിക്കാനുള്ള അവസരം നൽകും.