വരുമാനദായകമായ സംരംഭങ്ങൾക്ക് പിന്തുണ നൽകുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

post

വിവിധമേഖലകളിലെ തൊഴിലാളികളുടെക്ഷേമം ഉറപ്പാക്കാൻ കാലോചിതമായ പദ്ധതികൾ നടപ്പാക്കുമെന്ന് തൊഴിൽ വനിതാ- ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. സംസ്ഥാന തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൗജന്യ പഠനോപകരണ കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കടപ്പാക്കട സ്പോർട്സ് ക്ലബ്ബിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.വരുമാനദായകമായ സംരംഭങ്ങൾ നടത്താൻ തൊഴിലാളികൾക്ക് സാമ്പത്തിക സഹായം നൽകും.


തയ്യൽ-വസ്ത്ര നിർമ്മാണ മേഖലയയിലെ സ്ത്രീ തൊഴിലാളികൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ ലഭ്യമാക്കും. ബോർഡിന്റെ ക്ഷേമപ്രവർത്തനങ്ങൾ വിപുലീകരിക്കണം. പഠന-പാഠ്യേതര കാര്യങ്ങളിൽ മികവ് പുലർത്തുന്ന തൊഴിലാളികളുടെ മക്കൾക്ക് പിന്തുണ ഉറപ്പാക്കുകയാണ്- മന്ത്രി കൂട്ടിച്ചേർത്തു.


വിദ്യാർത്ഥികൾക്കുള്ള സൗജന്യ പഠന കിറ്റ് മന്ത്രി വിതരണം ചെയ്തു. ക്ഷേമനിധി ബോർഡ് അംഗം എൻ സി ബാബു അധ്യക്ഷനായി. അഡിഷണൽ ലേബർ കമ്മീഷണർ രഞ്ജിത്ത് പി മനോഹർ, ബോർഡ് അംഗം എലിസബത്ത് അസീസി, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സിന്ധു കെ എസ്, കേരള ഗ്രാമീൺ ബാങ്ക് ചീഫ് മാനേജർ സീനാമോൾ, ഫെഡറൽ ബാങ്ക് ബ്രാഞ്ച് മാനേജർ ശ്രീരാജ്, ഐഡിബിഐ ബാങ്ക് അസിസ്റ്റന്റ് മാനേജർ സജിത്ത്, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.