സംസ്ഥാനത്ത് 28 ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ ഒരുങ്ങി ഗതാഗത വകുപ്പ്
സംസ്ഥാനത്തെ വാഹന ഫിറ്റ്നസ് പരിശോധനാ സംവിധാനം പൂർണ്ണമായും ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി 28 ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷനുകൾ (എ ടി എസ്) ആരംഭിക്കുന്നു. തൈക്കാട് പോലീസ് ട്രെയിനിംഗ് കോളേജിൽ നടന്ന പതിനേഴാമത് ബാച്ച് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ട്രെയിനികളുടെ പാസിങ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ചുകൊണ്ട് ഗതാഗത വകുപ്പ് മന്ത്രി സി. പി. ജോൺ ആണ് ഇക്കാര്യം അറിയിച്ചത്.
ഓരോ ജില്ലയിലും രണ്ട് എടിഎസ് വീതമായിരിക്കും സ്ഥാപിക്കുക. പരമ്പരാഗത പരിശോധനാ രീതികൾക്ക് പകരം മെഷീൻ അധിഷ്ഠിതവും ഔട്ട്സോഴ്സ് പിന്തുണയുള്ളതുമായ ആധുനിക സംവിധാനങ്ങളിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ആധുനികവൽക്കരണത്തിന്റെയും ഓട്ടോമേഷന്റെയും നിർണായക ഘട്ടത്തിലാണ് പുതിയ തലമുറ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ സേവനത്തിലേക്ക് പ്രവേശിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സ്മാർട്ട് മൂവ് ആപ്ലിക്കേഷൻ: രാജ്യത്ത് കമ്പ്യൂട്ടർവൽക്കരണം ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനങ്ങളിൽ ഒന്നായ കേരളം വികസിപ്പിച്ച സ്മാർട്ട് മൂവ് ആപ്ലിക്കേഷനാണ് ദേശീയതലത്തിലെ പരിവാഹൻ സംവിധാനത്തിന് അടിസ്ഥാനമായത്. വാഹൻ, സാരഥി പ്ലാറ്റ്ഫോമുകളിൽ കേരള എംവിഡി ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം നിരവധി മെച്ചപ്പെടുത്തലുകൾ വരുത്തിയിട്ടുണ്ട്.
അക്രഡിറ്റഡ് ഡ്രൈവിംഗ് ട്രെയിനിംഗ് ആൻഡ് ടെസ്റ്റിംഗ് സെന്ററുകൾ വഴി ലൈസൻസ് പരീക്ഷകൾ കൂടുതൽ സുതാര്യവും ആധുനികവുമാക്കും.
എംവിഡി വകുപ്പിന്റെ നവീകരണത്തിനായി പ്രത്യേക ഫണ്ട് രൂപീകരിക്കും. ഐസിടി ഉപകരണങ്ങൾ, എൻഫോഴ്സ്മെന്റ് ടാബുകൾ, എ എൻ പി ആർ (Automatic Number Plate Recognition) ക്യാമറകൾ എന്നിവ വ്യാപകമായി ഉപയോഗിക്കും.
സംസ്ഥാനത്തെ റോഡുകളിൽ സർവീസ് നടത്തുന്ന വാഹനങ്ങളുടെ യഥാർത്ഥ കണക്ക് കണ്ടെത്താൻ വാഹന സെൻസസ് ആരംഭിക്കും. വാഹൻ ഡാറ്റ കൂടുതൽ കൃത്യമാക്കുന്നതിലൂടെ സെർവർ ഡൗൺടൈം കുറയ്ക്കാനും സേവനങ്ങൾ വേഗത്തിലാക്കാനും സാധിക്കും.
പൊതുഗതാഗത സംവിധാനത്തിന്റെ ഗുണമേന്മ ഉയർത്താൻ എല്ലാ സ്റ്റേജ് കാരിയേജുകൾക്കുമായി ഓട്ടോമേറ്റഡ് റൂട്ട് മാനേജ്മെന്റ് സംവിധാനം നടപ്പിലാക്കും. തത്സമയ ഡാറ്റയുടെ അടിസ്ഥാനത്തിൽ ബസ് സർവീസുകൾ നിരീക്ഷിക്കാനും സമയക്രമം നിയന്ത്രിക്കാനും ഇതിലൂടെ സാധിക്കും. യൂറോപ്പ്, അമേരിക്കൻ മാതൃകയിൽ മൊബൈൽ ആപ്പ് വഴി പൊതുഗതാഗത വിവരങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കും.
ഷെയർ ട്രാൻസ്പോർട്ട്, വൈദ്യുത വാഹനങ്ങളുടെ ഉപയോഗം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഗ്രാമപ്രദേശങ്ങളിലെ കണക്റ്റിവിറ്റി മെച്ചപ്പെടുത്താനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സർക്കാർ ലക്ഷ്യമിടുന്നു. എ എൻ പി ആർ അധിഷ്ഠിത ഡാഷ് ക്യാമറകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് റോഡ് സുരക്ഷാ നിർവഹണം ശക്തിപ്പെടുത്തും. അന്തർ സംസ്ഥാന ഗതാഗത സംവിധാനം മെച്ചപ്പെടുത്താൻ അയൽ സംസ്ഥാനങ്ങളുമായി ധാരണയിലെത്തും.
നിയമങ്ങൾ, സാങ്കേതിക വിദ്യകൾ, പൊതുസേവന രംഗത്തെ മാറ്റങ്ങൾ എന്നിവയെക്കുറിച്ചുള്ള പുതു അറിവുകൾ ഉദ്യോഗസ്ഥർ നിരന്തരമായി ഉൾക്കൊള്ളണം. ജനങ്ങളോടുള്ള പെരുമാറ്റത്തിൽ അച്ചടക്കവും മര്യാദയും പുലർത്താനും യൂണിഫോമിന്റെ ഗൗരവം കാത്തുസൂക്ഷിക്കാനും ഉദ്യോഗസ്ഥർ ശ്രദ്ധിക്കണം. നികുതി വെട്ടിപ്പ് തടയുന്നതിലും നികുതി ശേഖരണം കാര്യക്ഷമമാക്കുന്നതിലും ഉദ്യോഗസ്ഥർ നിർണായക പങ്ക് വഹിക്കേണ്ടതുണ്ട്.
പരിശീലനം വിജയകരമായി പൂർത്തിയാക്കിയ 32 അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ട്രെയിനികളാണ് പരേഡിൽ പങ്കെടുത്തത്. മന്ത്രി ട്രെയിനികളുടെ പരേഡ് പരിശോധന നടത്തുകയും സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് നേതൃത്വം നൽകുകയും ചെയ്തു. തുടർന്ന് സ്ലോ, ക്വിക്ക് ടൈം മാർച്ച് പാസ്റ്റും നടന്നു.
പരിശീലന കാലയളവിൽ മികച്ച പ്രകടനം കാഴ്ചവെച്ച ട്രെയിനികൾക്കുള്ള മെഡലുകളും പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരുടെ മികച്ച സേവനത്തിനുള്ള അംഗീകാരമായി ഏർപ്പെടുത്തിയ കേരള ചീഫ് മിനിസ്റ്റേഴ്സ് ട്രാൻസ്പോർട്ട് മെഡലുകളും മന്ത്രി സമ്മാനിച്ചു.
ഗതാഗത കമ്മിഷണർ നാഗരാജു ചക്കിലം, അഡീഷണൽ ട്രാൻസ്പോർട്ട് കമ്മിഷണർ പ്രമോജ് ശങ്കർ പി.എസ്, പോലീസ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പൽ ജയശങ്കർ ആർ, വൈസ് പ്രിൻസിപ്പൽ എസ്. അജയ് കുമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.











