പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ക്യാമ്പയിൻ ജൂൺ 28ന്

post

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ക്യാമ്പയിൻ, ഹ്യൂമൻ പാപ്പിലോമ വൈറസ് വാക്‌സിനേഷൻ എന്നിവയുടെ സംയുക്ത ഇന്റർ സെക്റ്റർ യോഗം ജില്ലാ കളക്ടർ ശിഖ സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്നു. പൾസ് പോളിയോ ഇമ്യൂണൈസേഷൻ ക്യാമ്പയിനിന്റെ ഭാഗമായി ജൂൺ 28ന് ജില്ലയിലെ അഞ്ച് വയസ്സിന് താഴെയുള്ള 1,73,897 കുട്ടികൾക്ക് പോളിയോ നൽകും.


പോളിയോ പ്രതിരോധ ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയിലെ ആശുപത്രികൾ, ജനകീയാരോഗ്യ കേന്ദ്രങ്ങൾ, അങ്കണവാടികൾ എന്നിവിടങ്ങളിലായി 1,975 ബൂത്തുകളും നാലായിരത്തിലധികം വളന്റിയെഴ്സിനേയും സജ്ജീകരിക്കും. യാത്രികർക്കായി ബസ് സ്റ്റാന്റുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലായി 32 ട്രാൻസിറ്റ് ബൂത്തുകളിലും അതിഥി തൊഴിലാളികൾക്കായി മൈഗ്രന്റ് സൈറ്റുകളിലും, എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള ആദിവാസി ഉന്നതികൾ അടക്കമുള്ള പ്രദേശങ്ങളിലേക്ക് പ്രത്യേകം സജ്ജമാക്കിയ മൊബൈൽ ടീം വഴി വീടുകളിലെത്തിയും വാക്സിൻ നൽകും.


കേരളത്തിൽ 2000ന് ശേഷവും ഇന്ത്യയിൽ 2011 ന് ശേഷവും പോളിയോ രോഗം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും നമ്മുടെ അയൽ രാജ്യങ്ങളിൽ പോളിയോ രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ രോഗസാധ്യത ഒഴിവാക്കുന്നതിനായാണ് അഞ്ച് വയസ്സിൽ താഴെയുള്ള എല്ലാ കുഞ്ഞുങ്ങൾക്കും പോളിയോ തുള്ളിമരുന്ന് നൽകുന്നത്.


യോഗത്തിൽ ഗർഭാശയഗള കാൻസറിനെ പ്രതിരോധിക്കുന്നതിനുള്ള എച്ച്.പി.വി വാക്സിനേഷൻ ക്യാമ്പയിൻ പൂർണമായി നടപ്പിലാക്കുന്നതിന് വേണ്ട നടപടികൾ എടുക്കാൻ തീരുമാനിച്ചു. ക്യാമ്പയിൻ വഴി മെയ്‌ 31നകം 14 മുതൽ 15 വയസ്സ് വരെ പ്രായമുള്ള എല്ലാ പെൺകുട്ടികൾക്കും ഒറ്റ ഡോസ് വാക്സിൻ എടുപ്പിക്കുന്നതിന് അങ്കണവാടികൾ, സ്കൂളുകൾ എന്നിവ കേന്ദ്രീകരിച്ച് അറിയിപ്പ് നൽകും. എച്ച്.പി.വി വാക്‌സിനേഷൻ എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും സൗജന്യമായി ലഭിക്കും.


കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. എൻ.എ ഷീജ വിഷയം അവതരിപ്പിച്ചു. വിവിധ വകുപ്പ് പ്രതിനിധികൾ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.