തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അജൈവ മാലിന്യങ്ങള്‍ ഉടന്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം

post

കണ്ണൂ൪: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ശേഖരിച്ചുവെച്ചിരിക്കുന്ന അജൈവ മാലിന്യങ്ങള്‍ ഉടന്‍ നീക്കം ചെയ്യണമെന്ന് ജില്ലാഭരണകൂടം ആവശ്യപ്പെട്ടു. എഡിഎം ഇ പി  മേഴ്സിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മാലിന്യസംസ്‌കരണ- മഴക്കാലപൂര്‍വ്വ ശുചിത്വ ക്യാമ്പയിനുമായി ബന്ധപ്പെട്ട യോഗത്തിലാണ് തീരുമാനം.

നിലവില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ശേഖരിച്ചുവെച്ചിരിക്കു അജൈവ മാലിന്യത്തിന്റെ വിശദാംശങ്ങള്‍ അറിയിക്കുന്ന മുറയ്ക്ക് അവ ശേഖരിക്കുമെന്ന് ക്ലീന്‍ കേരള കമ്പനി അറിയിച്ചിട്ടുണ്ട്. ജില്ലയിലെ ഏഴ് ഗ്രാമ പഞ്ചായത്തുകളില്‍ നിന്നായി 7 ടണ്‍ മാലിന്യം ഇതിനോടകം തന്നെ കമ്പനി  നീക്കം ചെയ്തു കഴിഞ്ഞു. ദിവസേന നാല് ലോഡ് മാലിന്യം ശേഖരിച്ച് സംസ്‌കരിക്കുന്നതിനായി കെ ഇ എല്ലിന് കൈമാറുമെന്നും കമ്പനി അറിയിച്ചു. 

മാലിന്യനീക്കം സംബന്ധിച്ച് കൃത്യമായ സമയക്രമം തയ്യാറാക്കി നല്‍കുന്നതിന് ക്ലീന്‍ കേരള കമ്പനിയോട് ജില്ലാഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നുള്ള മാലിന്യ ശേഖരണത്തിന്റെ മേല്‍നോട്ടം അതത് തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്കാണ്. ഹരിത കര്‍മ്മ സേന വഴി വീടുകളില്‍ നിന്നും അജൈവ മാലിന്യങ്ങള്‍ ശേഖരിക്കാനാണ് തീരുമാനം. മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിച്ചു കൊണ്ട് തന്നെ എല്ലാ തദ്ദേശസ്ഥാപനങ്ങളും നിര്‍വഹിക്കണമെന്നും എഡിഎം അറിയിച്ചു. വാര്‍ഡ് തലത്തിലുള്ള ശുചിത്വ കൂട്ടായ്മയില്‍ 50 വീടിന് നാല് അംഗങ്ങള്‍ വീതമുള്ള ശുചിത്വ സ്‌ക്വാഡുകള്‍ രൂപീകരിക്കും.  വാര്‍ഡ്തല ക്ലസ്റ്ററുകള്‍ പുറമേ വാര്‍ഡുകളെ ചെറു ക്ലസ്റ്ററുകളായി തിരിച്ച് വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തുന്നതിന് വളണ്ടിയര്‍മാരെ നിയമിക്കാവുന്നതാണെന്നും എഡിഎം അറിയിച്ചു. 

എഡിഎമ്മിന്റെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ഡിഡിപി ടി ജെ അരുണ്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍, ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍, ശുചിത്വമിഷന്‍ ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ എം രാജീവന്‍, ക്ലീന്‍ കേരള കമ്പനി ജില്ലാ മാനേജര്‍ ആശംസ്, പൊലീസ്, ഫയര്‍ ആന്റ് റെസ്‌ക്യൂ, ആര്‍ടിഒ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.