മാതൃക ടൗണ്ഷിപ്പ്; ഗുണഭോക്താക്കളെ ചേർത്തു പിടിച്ച് റവന്യു മന്ത്രി
ദുരന്തബാധിതർക്കായി നിർമ്മിച്ച മാതൃക ടൗൺഷിപ്പിന്റെ ഉദ്ഘാടനവേദി വൈകാരിക നിമിഷങ്ങൾക്കാണ് സാക്ഷിയായത്. ഒറ്റ രാത്രിയിൽ എല്ലാം നഷ്ടമായപ്പോൾ പകച്ചുനിന്ന നാളുകളിൽ കൂടെ നിന്ന് ധൈര്യം പകർന്ന റവന്യു മന്ത്രി കെ രാജൻ അരികിൽ എത്തിയതും സന്തോഷാശ്രുക്കളുമായി അവർ ഓടിയെത്തി. കെട്ടിപ്പിടിച്ചും പൊട്ടിക്കരഞ്ഞും നന്ദിയും സ്നേഹവും അതിജീവിതർ പ്രകടിപ്പിച്ചു. മന്ത്രിക്കൊപ്പം കണ്ടു നിന്നവരും കണ്ണുകൾ തുടച്ചു.
സർക്കാരിനൊപ്പം പുതുജീവിതത്തിലേക്ക് കടക്കുകയാണ് പാറക്കള വീട്ടിൽ ശോഭന.
ഒന്നാം സോണിൽ 92 മത് നമ്പർ വീടിന്റെ പട്ടയം ഏറ്റു വാങ്ങുമ്പോൾ ഒരിക്കൽ നഷ്ടപ്പെട്ടുവെന്ന് കരുതിയ സുരക്ഷയും സ്ഥിരതയും വീണ്ടും കൈവന്നതിന്റെ സന്തോഷത്തിലാണ് ശോഭനയും കുടുംബവും. റവന്യു മന്ത്രി ചേർത്ത് പിടിച്ച് ധൈര്യം പകരുമ്പോൾ അവരുടെ അടക്കിപ്പിടിച്ച നൊമ്പരങ്ങൾ കണ്ണുനീരായി ഒഴുകി.
ടൗൺഷിപ്പ് അത്ഭുതമെന്ന് വിജയൻ
നിരവധി പ്രതിസന്ധികളെ അതിജീവിച്ചിട്ടും സർക്കാർ യാഥാർഥ്യമാക്കി തന്ന ടൗൺഷിപ്പ് അത്ഭുതമാണെന്ന് ഒന്നാം സോണിൽ ഡി-38 മത് നമ്പർ വീട് ലഭിച്ച കണ്ണൻകൈ വീട്ടിൽ വിജയൻ. വിജയന്റെ കുടുംബത്തിന് ചൂരൽമലയിൽ അരനൂറ്റാണ്ടോളം നീണ്ട വേരുകളുണ്ട്. കൊടും ദുരന്തത്തിൽ നാടും വീടും അകപ്പെട്ട് പോയപ്പോൾ സർക്കാരിന്റെ ഇടപെടലാണ് കരുത്ത് പകർന്നതെന്ന് വിജയൻ ഓർത്തെടുത്തു.
ചൂരൽമലയിൽ വർഷങ്ങളായുണ്ടായിരുന്ന വസ്ത്ര വ്യാപാരം പൂർണമായി ഉരുളെടുത്തു. ടൗൺഷിപ്പിലെ വീട്ടിലേക്ക് താമസം മാറുമ്പോൾ കൽപ്പറ്റ നഗരത്തിൽ വീണ്ടും സംരംഭം ആരംഭിക്കാനാണ് ആഗ്രഹിക്കുന്നത്. ആദ്യ പടിയായി മൈക്രോ പ്ലാനിൽ നിന്നും ഒരു ലക്ഷം രൂപ പാസ്സായ സന്തോഷവും വിജയൻ പങ്കുവച്ചു. കാലാവസ്ഥ പ്രതികൂലമായിട്ടും നിരവധി നിയമ പോരാട്ടങ്ങൾ നേരിടേണ്ടി വന്നിട്ടും വെറും 11 മാസങ്ങൾകൊണ്ട് ഇത്രയും മനോഹരമായ വീടുകൾ ഒരുക്കിയതിൽ തികച്ചും സന്തുഷ്ടനാണെന്നും വിജയൻ പറഞ്ഞു.
ടൗൺഷിപ്പ് ആശ്വാസവും സുരക്ഷയും ഉറപ്പാക്കുന്നു
വർഷങ്ങളോളം അധ്വാനിച്ച് കെട്ടിപ്പടുക്കുകയായിരുന്ന വീട്ടിന്റെ നിർമ്മാണം അവസാന ഘട്ടത്തിലെത്തിയപ്പോഴാണ് ദുരന്തം എല്ലാം കവർന്നെടുത്തത്.
ചൂരൽമല സി ആർ എസ്റ്റേറ്റ് നിവാസികളായ റീന - സന്ദീപ് ദമ്പതികൾ ഓർമ്മകളിൽ ശേഷിക്കുന്ന ആ വീടിനെക്കുറിച്ചും നഷ്ടപ്പെട്ട പ്രിയപ്പെട്ടവരെയും കണ്ണീരോടെ ഓർത്തു. പ്രതീക്ഷ നിറയുന്ന പുതു ജീവിതത്തിലേക്ക് കടക്കാൻ ഇനി ടൗൺഷിപ്പിലെ ഒന്നാം സോണിലെ ബി- 23ാം നമ്പർ വീട് ഇനി ഇവർക്കു സ്വന്തമാണ്. ദുരന്തത്തെ അതിജീവിച്ച് പുതുജീവിതത്തിലേക്ക് കടക്കുന്ന തങ്ങളെ പോലെ അനേകർക്ക് ഈ ടൗൺഷിപ്പ് ആശ്വാസവും സുരക്ഷയും ഉറപ്പാക്കുന്നുവെന്നും റീന പറഞ്ഞു.
ഇനി കുടുംബത്തോടൊപ്പം ടൗൺഷിപ്പിൽ
പത്ത് വർഷത്തോളം വിദേശത്ത് അധ്വാനിച്ച് നേടിയ സ്വപ്നങ്ങളൊക്കെ ഒരു നിമിഷത്തിൽ നഷ്ടമായെങ്കിലും വീണ്ടും കുടുംബത്തോടൊപ്പം ഒരുമിച്ച് ജീവിക്കാൻ കഴിയുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ചൂരൽമല കലാഭവൻ വീട്ടിൽ പുഷ്പലത പറഞ്ഞു.
ടൗൺഷിപ്പിൽ ഒന്നാം സോണിൽ 62ാം നമ്പർ വീടാണ് പുഷ്പലതയ്ക്ക് ലഭിച്ചത്.
ഒരുമയോടെ ജീവിച്ചിരുന്ന ഒരു ജനതയ്ക്ക് വീണ്ടും സന്തോഷത്തോടെ കൈകോർത്ത് മുന്നോട്ട് പോകാനുള്ള അവസരം ലഭിച്ചതിൽ സർക്കാരിനു നന്ദിയുണ്ടെന്നും അറിയിച്ചു. വീടും സ്ഥലവും ഉൾപ്പെടെയുള്ള സമ്പാദ്യങ്ങൾ നഷ്ടപ്പെട്ടത് വലിയ തിരിച്ചടിയായിരുന്നു.
മക്കളും മരുമക്കളും അച്ഛനും അമ്മയും കൊച്ചുമക്കളുമായി ചൂരൽമലയിൽ കൂട്ടുകുടുംബമായി ജീവിച്ചിരുന്ന കാലം ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഘട്ടമായിരുന്നുവെന്ന് അവർ ഓർത്തെടുത്തു. പ്രതിസന്ധികൾക്കുശേഷം വീണ്ടും നാട്ടുകാരുമായി ഒന്നിക്കാൻ കഴിയുന്നതാണ് ഏറ്റവും വലിയ ആശ്വാസമെന്നും അവർ പറഞ്ഞു.
മൂത്ത മകനും ടൗൺഷിപ്പിൽ വീട് ലഭിച്ചിട്ടുണ്ടെന്നും ഇനി ശേഷിക്കുന്ന കാലം കുടുംബത്തോടൊപ്പം ടൗൺഷിപ്പിൽ സമാധാനത്തോടെയും സന്തോഷത്തോടെയും കഴിയാനാണ് ആഗ്രഹമെന്നും പുഷ്പലത വ്യക്തമാക്കി.
സുരക്ഷിതമായ പാർപ്പിടം സ്വന്തമായതിൽ ആശ്വാസമെന്ന് സന്തായി
മാതൃക ടൗൺഷിപ്പിലെ ഒന്നാം സോണിൽ 60-ാം നമ്പർ വീട് ഇനി സന്തായി എന്ന ഗൃഹനായികയ്ക്ക് സ്വന്തം. പുതിയ വീടിന്റെ ചുവരുകളിൽ സ്വപ്നങ്ങൾക്കൊപ്പം മായാത്ത ഓർമ്മകളും നിഴലിക്കുന്നു.
മുണ്ടക്കൈ–ചൂരൽമല ദുരന്തം സന്തായിൽ നിന്ന് കവർന്നെടുത്തത് വീട് മാത്രമല്ല തന്റെ ജീവിതപങ്കാളിയെയും മകളെയും കൂടിയാണ്.
ഇന്ന് മകൻ രാഹുലിനൊപ്പം പട്ടയം ഏറ്റുവാങ്ങാൻ എത്തിയപ്പോൾ സന്തോഷത്തിനൊപ്പം വേദനയും അവരുടെ കണ്ണുകളിൽ നിറഞ്ഞിരുന്നു.
ദുരന്തത്തിന്റെ വേദനകൾ അതിജീവിച്ച് മകനൊപ്പമുള്ള പുതിയ ജീവിതത്തിലേക്ക് ആത്മവിശ്വാസത്തോടെ മുന്നേറുകയാണ് സന്തായി.
സുരക്ഷിതമായ ഒരു പാർപ്പിടം സ്വന്തമായതിൽ വലിയ ആശ്വാസമെന്നും സന്തായി പറഞ്ഞു.
കിളി പറഞ്ഞ കഥയിൽ ഇനി പുതിയ അധ്യായം
ഉരുൾ ദുരന്തത്തിന് മുമ്പ് കുഞ്ഞു സഹോദരി സ്കൂൾ മാസികയിൽ എഴുതിയ ദുരന്തത്തെക്കുറിച്ചുള്ള കഥ ലെനയും നേരിൽ കണ്ടിരുന്നു. "ഇവിടെ ഒരാപത്ത് വരുമെന്നും കുട്ടികളെ രക്ഷപ്പെട്ടോളൂ" എന്നും ഒരു കിളി കുട്ടികളോട് പറയുന്നതാണ് കഥയുടെ ആശയം.
ഡിഗ്രി മൂന്നാം വർഷ വിദ്യാർത്ഥിനിയായ ലെനയ്ക്ക് അന്ന് അത് കഥ മാത്രമായിരുന്നു. എന്നാൽ ദിവസങ്ങൾക്കകം അതേ വിഷയം ലെനയുടെ ജീവിതത്തിലെ കഠിനമായ യാഥാർത്ഥ്യമായി മാറി. ഉറ്റവർ
നഷ്ടപ്പെട്ട വേദന അവളെ ഒരുപാട് ബാധിച്ചിരുന്നു. പക്ഷേ ഇന്ന് ലെന സന്തോഷത്തിലാണ്; ഒന്നാം സോണിലെ 76-ാം നമ്പർ വീടിന്റെ പട്ടയം ഏറ്റുവാങ്ങാൻ കഴിഞ്ഞതിന്റെ സന്തോഷം. എല്ലാം നഷ്ടപ്പെട്ട ശേഷം സ്വന്തമായി ഒരു വീട് ലഭിച്ചതെന്നത് ലെനയുടെ ജീവിതത്തിൽ പുതു ആത്മവിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും അടയാളമാണ്. ഒരിക്കൽ വായിച്ച കഥയിലെ ഏറ്റവും പ്രതീക്ഷ നിറഞ്ഞ പുതിയ അധ്യായമായി ടൗൺഷിപ്പ് മാറുകയാണ്.
ഷാമിലിന്റെത് ഇരട്ടി സന്തോഷം
ജീവിതം സ്വപ്നങ്ങളാൽ നിറഞ്ഞ ദിവസങ്ങളിലായിരുന്നു ഷാമിലിനെ തേടി ദുരന്തം എത്തിയത്. സ്വപ്നമായി ഉയർന്നു കൊണ്ടിരുന്ന വീടും ഉമ്മയുടെ കടമുറിയും കൺമുന്നിൽ നിന്നും നഷ്ടമായി. എന്നാൽ ജീവിതത്തെ കൈവിടാൻ ഷാമിൽ തയ്യാറായിരുന്നില്ല.
ഇന്ന്, മാതൃക ടൗൺഷിപ്പിന്റെ ആദ്യഘട്ട പുനരധിവാസത്തിൽ മൂന്നാം സോണിലെ 210-ാം നമ്പർ വീടിന്റെ പട്ടയം കൈയിൽ ലഭിക്കുമ്പോൾ, അത് ഒരു വീടെന്നതിലുപരി പ്രതീക്ഷയുടെ വാതിൽ കൂടിയായിരുന്നു ഷാമിലിന്. അതോടൊപ്പം ഉമ്മയുടെ തയ്യൽ കടയ്ക്കുള്ള നഷ്ടപരിഹാരം ലഭിക്കുന്നതിലുള്ള ഇരട്ടി സന്തോഷത്തിലുമാണ്. തനിക്കൊപ്പം മറ്റ് കുടുംബങ്ങൾക്കും ഒരുമിച്ച് വീട് ലഭിച്ചതിലുള്ള സന്തോഷവും ഷാമിൽ പങ്കുവെച്ചു.









