ചാൽ ബീച്ച് ടൂറിസം; പരിസ്ഥിതി സൗഹാർദ പദ്ധതികൾക്ക് രൂപരേഖ
ബ്ലൂ ഫ്ലാഗ് അംഗീകാരം ലഭിച്ച അഴീക്കോട് ചാൽ ബീച്ചിൽ പരിസ്ഥിതി സൗഹാർദമായ ടൂറിസം പദ്ധതികൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി കെ.വി സുമേഷ് എം.എൽ.എയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ബീച്ച് സന്ദർശിച്ചു. പദ്ധതികളുടെ പ്രാഥമിക സാധ്യതകളും അടിസ്ഥാന സൗകര്യ വികസനവും സംഘം വിലയിരുത്തി.
ചാൽ ബീച്ചിനെ ഗ്രീൻ വെഡിംഗ് ഡെസ്റ്റിനേഷനായി വികസിപ്പിക്കുക, ഹെർബൽ ഗാർഡൻ ഒരുക്കുക, അനൗൺസ്മെന്റ് സിസ്റ്റം, ലൈഫ് ഗാർഡ് ടവർ, ഷവർ സൗകര്യം, ഇരിപ്പിടങ്ങൾ, ലൈറ്റുകൾ, സി.സി.ടി.വി. ക്യാമറകൾ എന്നിവ സ്ഥാപിക്കുക, ബീച്ച് ഭിന്നശേഷി സൗഹൃദമാക്കുക തുടങ്ങിയ സൗകര്യങ്ങളാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നത്.
അഴീക്കോട് ചാൽ ബീച്ചിൽ നടപ്പിലാക്കേണ്ട ടൂറിസം പദ്ധതികൾ ചർച്ച ചെയ്യുന്നതിന് കെ.വി സുമേഷ് എം എൽ എ യുടെ അധ്യക്ഷതയിൽ സംസ്ഥാന ടൂറിസം വകുപ്പ് സെക്രട്ടറി കെ ബിജുവിന്റെ ചേംബറിൽ ചേർന്ന യോഗത്തിന്റെ തുടർച്ചയായാണ് സന്ദർശനം. രണ്ടുകോടി രൂപയുടെ ഡിപിആർ തയ്യാറാക്കി രണ്ടാഴ്ചയ്ക്കകം സമർപ്പിക്കാൻ ഡി ടി പി സി ചെയർമാൻ കൂടിയായ ജില്ലാ കളക്ടറോട് യോഗം നിർദേശിച്ചു.
അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സനില, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ടി.വി പ്രഭാത്, ആർക്കിടെക്റ്റ് എന്നിവർ സന്ദർശനത്തിൽ പങ്കെടുത്തു.









