ആശുപത്രികൾ നടത്തുന്നത് സമാനതകളില്ലാത്ത പ്രവർത്തനം

post

തിരുവനന്തപുരം: കോവിഡ് -19 പ്രതിരോധത്തിന് ജില്ലയിലെ ആശുപത്രികൾ നടത്തുന്നത് സമാനതകളില്ലാത്ത പ്രവർത്തനം.  മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി എന്നിവിടങ്ങളിലാണ് കോവിഡ് -19 ഐസോലേഷൻ വാർഡുകൾ  പ്രധാനമായും സജ്ജികരിച്ചിരിക്കുന്നത്. കൂടാതെ എസ്.എ.ടി, മാനസികരോഗ്യ കേന്ദ്രം, പേരൂർക്കട ആശുപത്രി, നെടുമങ്ങാട്, നെയ്യാറ്റിൻകര, പാറശാല, ചിറയിൻകീഴ് എന്നിവിടങ്ങളിലെ താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിലും ഐസൊലേഷൻ വാർഡുകൾ ഒരുക്കി. ജില്ലയിലെ ഒൻപത് സ്വകാര്യ ആശുപത്രികളും കോവിഡ് നിരീക്ഷണ - പ്രതിരോധ പ്രവർത്തങ്ങളിൽ പങ്കാളികളാണ്.

സംസ്ഥാനത്ത് കോവിഡ് രോഗം സ്ഥിതികരിച്ചതു മുതൽ ജില്ലയിലെ ആശുപത്രികളിൽ അടിയന്തിര സാഹചര്യം നേരിടാനുള്ള എല്ലാം മുന്നൊരുക്കങ്ങളും നടത്തിയിരുന്നു. പ്രത്യേക കോവിഡ് -19 ഓ.പികൾ, ഫാർമസികൾ എന്നിവ ആരംഭിക്കുകയും ചെയ്തു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 225 ഐസോലേഷൻ വാർഡുകളും ജനറൽ ആശുപത്രിയിൽ 50,   എസ്. എ. ടിയിൽ 45, ജില്ലയിലെ മറ്റ് സർക്കാർ ആശുപത്രികളിൽ ആകെക്കൂടി 60 വാർഡുകളും ക്രമീകരിച്ചു. സ്വകാര്യ ആശുപത്രികളിൽ 745 എണ്ണവും ഒരുക്കി.

കോവിഡ് രോഗികളുമായി നിരന്തരം സമ്പർക്കത്തിൽ ഏർപ്പെടുന്ന ആരോഗ്യപ്രവർത്തകർക്ക് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ  വിദഗ്ധ പരിശീലനം നൽകിയിരുന്നു. സ്വകാര്യ ആശുപത്രികളിലെ അടക്കമുള്ള ഡോക്ടർമാർ, നഴ്‌സുമാർ പാരാമെഡിക്കൽ സ്റ്റാഫ്, പിജി മെഡിക്കൽ വിദ്യാർത്ഥികൾ തുടങ്ങി ശുചീകരണ തൊഴിലാളികൾക്ക് വരെ പ്രത്യേക പരിശീലവും നൽകി. പേഴ്‌സണൽ പ്രൊട്ടക്ഷൻ എക്യുമെൻസ് (പി.പി.ഇ) ഉപയോഗിക്കുന്നത് മുതൽ കൈകഴുകുന്നതിനുള്ളപരിശീലനം വരെ ഇതിൽ ഉൾപ്പെട്ടിരുന്നു. ഇന്റൻസിവ്  കെയർ തുടങ്ങി വിവിധ പരിശീലനങ്ങൾ ഇപ്പോഴും മെഡിക്കൽ കോളേജിൽ പുരോഗമിക്കുന്നു.

രോഗികളുടെ പരിശോധിക്കുന്നതിനാൽ ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഇ.സി.ജി മെഷീൻ, ഡയാലിസിസ് മെഷീൻ, എക്‌സ്-റേ തുടങ്ങിയ മെഡിക്കൽ ഉപകരണങ്ങൾ ഓരോതവണയും ഉപയോഗത്തിനു ശേഷവും അണു വിമുക്തമാക്കാനുള്ള സംവിധാനങ്ങളും ആശുപത്രികളിൽ സജ്ജീകരിച്ചു. ആംബുലൻസുകൾ അണുവിമുക്തമാക്കാൻ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ നേതൃത്വത്തിലുള്ള ടീം മെഡിക്കൽ കോളേജിലും  ജനറൽ ആശുപത്രിയിലും പ്രവർത്തിച്ചുവരുന്നു. ലോകാരോഗ്യ സംഘടനയുടെ കോവിഡ് -19 മാർഗ നിർദേശ പ്രകാരമുള്ള ചികിത്സയാണ് ആശുപത്രികളിൽ നടക്കുന്നത്. ഇതിനായി ഡോക്ടർമാരും പാരാമെഡിക്കൽ അംഗങ്ങളും മികച്ച ടീമായി ആശുപത്രികളിൽ പ്രവർത്തിച്ചു.

ചികിത്സയോടൊപ്പം മാനസികാരോഗ്യത്തിന്പ്രത്യേക സൗകര്യം എല്ലാം ആശുപത്രികളും നൽകി.  ഇതിനായി സന്നദ്ധസംഘടനകളുടെ സഹായത്തോടെ പുസ്തകങ്ങളടക്കം വാർഡുകളിൽ എത്തിച്ചു നൽകുന്നു. ഐസോലേഷനിൽ കഴിയുന്നവർക്കായി പോഷകസമൃദ്ധമായ പ്രത്യേക ഭക്ഷണമാണ് ആശുപത്രി കാന്റീൻനിൽ നിന്നും നൽകിവരുന്നത്.