ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങളുമായി മെഗാ വെർച്വൽ ജോബ് ഫെയർ

post

ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങളുമായി വിജ്ഞാനകേരളം വെർച്വൽ ജോബ് ഫെയർ ജനുവരി 31 ന് തലശ്ശേരി ബ്രണ്ണൻ കോളേജിൽ നടക്കും. സംസ്ഥാന സർക്കാരിന്റെ ഡി ഡബ്ല്യു എം എസ് പോർട്ടൽ മുഖേന അപേക്ഷിക്കുന്ന പ്ലസ് ടു മുതൽ ബിരുദാനന്തര ബിരുദം വരെ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാം.

പ്ലസ്ടു യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കായി 7000 ലധികം എൻട്രി ലെവൽ അവസരങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഐടിഐ യോഗ്യതയുള്ളവർക്ക് നിർമാണം, ഇലക്ട്രിക്കൽ, മെക്കാനിക്കൽ മേഖലകളിലായി 30,000 ഒഴിവുകളും ഡിപ്ലോമധാരികൾക്കായി 19,000 ത്തിലധികം സ്‌കിൽ അധിഷ്ഠിത തൊഴിലവസരങ്ങളും മേളയിലുണ്ട്. ബിരുദധാരികളായ നോൺടെക്നിക്കൽ ഉദ്യോഗാർഥികൾക്കായി ഫിനാൻസ്, സെയിൽസ്, സർവീസ്, മാനേജ്‌മെന്റ് മേഖലകളിലായി 9000 ത്തിലധികം ഒഴിവുകളുണ്ട്. ടെക്നിക്കൽ ബിരുദധാരികൾക്കായി സോളാർ, ബിഐഎം, ഡിസൈൻ തുടങ്ങിയ മേഖലകളിലായി 3000 ഒഴിവുകളും ഹെൽത്ത്‌കെയർ പ്രൊഫഷണലുകൾക്കായി 3000 ത്തിലധികം അവസരങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. പോസ്റ്റ് ഗ്രാജ്വേറ്റ് ഉദ്യോഗാർഥികൾക്കായി 30 ലധികം സീനിയർ സ്പെഷ്യലിസ്റ്റ്, ടീം ലീഡർ ഒഴിവുകൾ വിജ്ഞാനകേരളം കണ്ണൂർ ജോബ് ഫെയറിൽ ഒരുക്കിയിട്ടുണ്ട്.

പൂർണമായും ഓൺലൈൻ പ്ലാറ്റ്ഫോമിൽ സംഘടിപ്പിക്കുന്ന വെർച്വൽ ജോബ് ഫെയറിൽ സംസ്ഥാനത്തുടനീളമുള്ള ഉദ്യോഗാർഥികൾക്ക് വിവിധ സ്ഥാപനങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്താനും അവസരം ലഭിക്കും. https://forms.gle/kpLUfxyoRTBbqvQUA ലിങ്ക് വഴി അപേക്ഷിക്കാം. രജിസ്ട്രേഷൻ സംബന്ധിച്ച വിശദാംശങ്ങളും മറ്റ് തൊഴിൽ വിവരങ്ങളും ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റിയിൽ പ്രവർത്തിക്കുന്ന ജോബ് സ്റ്റേഷൻ മുഖേനയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന തൊഴിൽകേന്ദ്രം മുഖേനയും ലഭ്യമാണ്. ജില്ലയിൽ നിലവിൽ എല്ലാ ശനിയാഴ്ചകളിലും വെർച്വൽ തൊഴിൽ മേളകൾ സംഘടിപ്പിക്കുന്നുണ്ട്.