രാജ്യത്തിന്റെ പരമാധികാരം വിളംബരം ചെയ്യുന്ന ദിനം

post

രാജ്യത്തിന്റെ പരമാധികാരം വിളംബരം ചെയ്യുന്ന ദിനമാണ് റിപ്പബ്ലിക് ദിനമെന്നും രാജ്യത്തിന്റെ മതേതരത്വവും പരമാധികാരവും അഖണ്ഡതയും പരിപാലിക്കപ്പെടണമെന്നും രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. റിപ്പബ്ലിക് പരേഡിൽ അഭിവാദ്യം സ്വീകരിച്ച ശേഷം കണ്ണൂർ കളക്ടറേറ്റ് മൈതാനിയിൽ റിപ്പബ്ലിക് ദിന സന്ദേശം നൽകുകയായിരുന്നു മന്ത്രി. വൈവിധ്യങ്ങൾ നിറഞ്ഞ ഇന്ത്യയുടെ അഖണ്ഡത നഷ്ടപ്പെടുത്തരുത്. പൗരന്റെ ജനാധിപത്യപരമായ അവകാശ ലംഘനത്തിനെതിരെ പോരാടുക തന്നെ വേണം. അമൂല്യമായ ഭരണഘടനയ്ക്ക് വിധേയമായ ജനാധിപത്യം പരിപാലിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കണെമെന്നും മന്ത്രി പറഞ്ഞു. അതിദാരിദ്ര്യമുക്തം, ക്രമസമാധാന പരിപാലനം, വിദ്യാഭ്യാസം ഉൾപ്പെടെയുള്ള രംഗങ്ങളിൽ കേരളം രാജ്യത്തിന് മാതൃകയാണെന്നും മന്ത്രി പറഞ്ഞു.

വർണാഭമായി റിപ്പബ്ലിക് പരേഡ്

റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ കളക്ടറേറ്റ് മൈതാനിയിൽ നടന്ന പരേഡ് പ്രൗഢോജ്ജ്വലമായി. കമാൻഡർ അഭിഷേക് ഷിറ, സെക്കൻഡ് ഇൻ കമാണ്ടന്റ് ടി.എം.വിപിൻ എന്നിവർ നേതൃത്വം നൽകി. കെ.എ.പി നാലാം ബറ്റാലിയൻ മാങ്ങാട്ടുപറമ്പ്, കണ്ണൂർ സിറ്റി പോലീസ്, കണ്ണൂർ റൂറൽ ഡിസ്ട്രിക്ട് പോലീസ്, വനിതാ പോലീസ്, എക്സൈസ്, വനം വകുപ്പ് സേന വിഭാഗങ്ങൾ, വിവിധ കോളേജ്, സ്‌കൂൾ എന്നിവിടങ്ങളിലെ എൻ.സി.സി, എസ്.പി.സി, സ്‌കൗട്ട് ആൻഡ് ഗൈഡ്സ്, ജൂനിയർ റെഡ് ക്രോസ് ഉൾപ്പെടെ 24 പ്ലാറ്റൂണുകൾ അണിനിരന്നു.

കണ്ണൂർ ഡി.എസ്.സി, ആർമി പബ്ലിക് സ്‌കൂൾ, കടമ്പൂർ എച്ച്.എസ്.എസ്, സെന്റ് തെരേസാസ് സ്‌കൂൾ എന്നിവയുടെ ബാൻഡും ചടങ്ങിലെ മുഖ്യാതിഥി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് അഭിവാദ്യം അർപ്പിച്ചു. കുടുംബശ്രീ കണ്ണപുരം ബഡ്‌സ് സ്‌കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ച ബാൻഡ് പരേഡിലെ വേറിട്ട അനുഭവമായി. കുടുംബശ്രീ, എക്സൈസ്, ശുചിത്വമിഷൻ, ജില്ലാ മെഡിക്കൽ ഓഫീസ്, പോലീസ് എന്നിവയുടെ നിശ്ചലദൃശ്യങ്ങളും റിപ്പബ്ലിക് ദിന പരേഡിൽ അണിനിരന്നു.

കെ.എ.പി നാലാം ബറ്റാലിയൻ മാങ്ങാട്ടുപറമ്പിനെ ഏറ്റവും മികച്ച പ്ലാറ്റൂണായി തെരഞ്ഞെടുത്തു. വിവിധ വിഭാഗങ്ങളിൽ മികച്ച പ്ലാറ്റൂണിനുള്ള പുരസ്‌കാരം നേടിയവർ: എൻ.സി.സി സീനിയർ വിഭാഗം എം.ജി.കോളേജ്, പി.ആർ.എൻ.എസ്.എസ് കോളേജ്, എൻ സി സി സ്‌കൂൾ വിഭാഗം ചൊവ്വ ഹയർ സെക്കൻഡറി സ്‌കൂൾ, എസ്.പി.സി വിഭാഗം അഞ്ചരക്കണ്ടി എച്ച്.എസ്.എസ്, സ്‌കൗട്ട് ആൻഡ് ഗൈഡ്സ് വിഭാഗം ബോയ്സ് കടമ്പൂർ എച്ച്.എസ്.എസ്, ഗേൾസ് കാടാച്ചിറ എച്ച്.എസ്.എസ്, ജൂനിയർ റെഡ് ക്രോസ് ബോയ്‌സ് കാടാച്ചിറ എച്ച്.എസ്.എസ്, ഗേൾസ് വിഭാഗം കൂടാളി എച്ച്.എസ്.എസ്. വിജയികൾക്കുള്ള ട്രോഫിയും സർട്ടിഫിക്കറ്റും ജില്ലാ കലക്ടർ അരുൺ കെ. വിജയൻ സമ്മാനിച്ചു.

തുടർന്ന് ജില്ലയിലെ സംഗീത അധ്യാപകർ ആലപിച്ച ദേശഭക്തി ഗാനം, സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ വിജയികളായ വിദ്യാർഥികളുടെ കലാ പരിപാടികൾ എന്നിവ അരങ്ങേറി.

കണ്ണൂർ കോർപ്പറേഷൻ മേയർ പി ഇന്ദിര, കെ.വി സുമേഷ് എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, ജില്ലാ കലക്ടർ അരുൺ കെ വിജയൻ, ഡെപ്യൂട്ടി മേയർ കെ.പി താഹിർ, കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ലിഷ ദീപക്, സിറ്റി പോലീസ് കമ്മീഷണർ പി നിതിൻരാജ്, റൂറൽ ജില്ലാ പോലീസ് മേധാവി അനൂജ് പലിവാൽ, അസിസ്റ്റന്റ് കലക്ടർ എഫ്തെദ മുഫസിർ, എ ഡി എം കലാഭാസ്‌കർ, കണ്ണൂർ ഡിഎസ്.സി സെന്റർ കമാൻഡന്റ് പരംവീർ സിംഗ് നാഗ്ര, ജനപ്രതിനിധികൾ, ഉദ്യാഗസ്ഥർ എന്നിവർ സന്നിഹിതരായി.