സംയോജിത മത്സ്യ വിഭവ പരിപാലനം പദ്ധതി: കുപ്പം പാറമ്മൽ കടവിൽ ചെമ്മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

post

'ഉൾനാടൻ ജല ആവാസ വ്യവസ്ഥയിൽ സംയോജിത മത്സ്യ വിഭവ പരിപാലനം' പദ്ധതിയുടെ ഭാഗമായി എഴോം ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ കുപ്പം പുഴയിലെ പാറമ്മൽ കടവിൽ അഞ്ച് ലക്ഷം ചെമ്മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. എഴോം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എൻ ഗീത ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം പി.പി സുകുമാരൻ അധ്യക്ഷനായി.

സംസ്ഥാനത്തെ ജല സ്രോതസുകളിൽ മത്സ്യോൽപാദനം വർധിപ്പിക്കുക, മത്സ്യ ബന്ധനത്തിലൂടെ ഉപജീവനം നയിക്കുന്നവരുടെ ഉന്നമനം എന്നീ ലക്ഷ്യത്തോടെയാണ് സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ കീഴിൽ പദ്ധതി നടപ്പാക്കുന്നത്.

പഞ്ചായത്തംഗം കെ.വി മനീഷ, മുൻ പഞ്ചായത്തംഗം കെ രജീഷ്, ഫിഷറീസ് മാനേജ്മെന്റ് കൗൺസിൽ അംഗം പി.പി രാജേഷ്, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ പി പ്രഭാഷ്ലാൽ, പ്രൊജക്റ്റ് കോ ഓർഡിനേറ്റർ ബൈജു, അക്വാകൾചർ പ്രമോട്ടർമാർ, മത്സ്യകർഷകർ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.