പരിമിതികൾ പരിധികളായില്ല; അവർ 55 പേർ ഇനി അധ്യാപനത്തിലേക്ക്
രണ്ടു പേർക്ക് ഓഫീസ് സ്റ്റാഫായും നിയമനം
കാഴ്ചയുടെ പരിമിതിയെന്ന കടമ്പ മറികടന്നാണ് തലശ്ശേരി പുനിയിൽ വീട്ടിൽ അപർണ്ണ ഹൈസ്‌കൂൾ അധ്യാപനം എന്ന സ്വപ്നത്തിലേക്ക് നടന്നു കയറിയത്. സഹായമായത് എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി സംവരണ നിയമനവും. ദീനുൽ ഇസ്ലാം സഭ ഹൈസ്‌കൂളിൽ ഗണിതവിഭാഗം ഹൈസ്‌കൂൾ അധ്യാപികയായാണ് അപർണ്ണക്ക് നിയമനം ലഭിച്ചത്. അപർണ ഉൾപ്പെടെ ജില്ലയിലെ ഭിന്നശേഷിക്കാരായ 55 പേർക്കാണ് സംസ്ഥാന പൊതുവിദ്യാഭ്യാസ കുപ്പ് എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി സംവരണ നിയമന പ്രകാരം അധ്യാപകരായുള്ള നിയമന ഉത്തരവ് നൽകിയത്. ഓഫീസ് അസിസ്റ്റന്റ്, പാർട്ട് ടൈം മീനിയൽ തസ്തികയിൽ രണ്ടുപേർക്കും നിയമനം നൽകി. ശിക്ഷക് സദനിൽ നടന്ന ചടങ്ങിൽ ജില്ലാ പൊതുവിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡി.ഷൈനി ഉദ്യോഗാർഥികൾക്ക് നിയമന ഉത്തരവ് നൽകി ചടങ്ങ് ഉദ്ഘാടനം ചെയ്തു.

40 ശതമാനം കാഴ്ച്ച പരിമിതിയുള്ള കെ.ടി. അപർണ്ണക്ക് ഗണിതത്തിൽ എം.എസ്‌സിയും ബിഎഡും ഉണ്ട് . 'അമ്മ സുധാറാണി തയ്യൽ തൊഴിലാളിയാണ്. അച്ഛൻ ഒ.അശോകൻ കൂലിപ്പണിക്കാരനും. എന്നാൽ ഈ പരിമിതികളും കാഴ്ചയുടെ വെല്ലുവിളിയും എല്ലാം നേരിട്ടാണ് ഉന്നത വിദ്യാഭ്യാസം നേടിയത്. തിരുവങ്ങാട് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലാണ് എസ്.എസ്.എൽ.സി, പ്ലസ് ടു എന്നിവ പൂർത്തിയാക്കിയത്. തലശ്ശേരി ഗവ.ബ്രണ്ണൻ കോളേജിൽ ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. കണ്ണൂർ യൂണിവേഴ്‌സിറ്റി ക്യാമ്പസ് ധർമ്മശാലയിൽ നിന്ന് ബി.എഡും നേടി . എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി സംവരണ നിയമനം അപർണ്ണക്ക് ജീവിതത്തിൽ പുതിയ വെളിച്ചമായി മാറുകയാണ്.
ചടങ്ങിൽ എസ്.എസ്.കെ. ജില്ലാ പ്രൊജക്റ്റ് ഓഫീസർ ഇ.സി.വിനോദ് അധ്യക്ഷനായി. വിദ്യകിരണം ജില്ലാ കോ ഓർഡിനേറ്റർ കെ.സി.സുധീർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരായ പി.ശകുന്തള, വി.ദീപ, കണ്ണൂർ ഡി.ഡി.ഇ ഓഫീസ് ജൂനിയർ സൂപ്രണ്ട് എ.പി.സജീവൻ, കെ.രാജീവൻ, വിവിധ അധ്യാപക സംഘടനാ പ്രതിനിധികൾ, സ്‌കൂൾ മാനേജർമാർ എന്നിവർ പങ്കെടുത്തു.









