യുവ ആപ്ദാ മിത്ര സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു
ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 150 എൻ എസ് എസ് വോളന്റിയർമാർക്കായി കൊട്ടിയം ക്രിസ്തു ജ്യോതിസ് ആനിമേഷൻ സെന്ററിൽ നടന്നുവന്ന ഏഴ് ദിവസത്തെ ദുരന്തനിവാരണ പരിശീലന ക്യാമ്പ് 'യുവ ആപ്ദാ മിത്ര' സമാപിച്ചു. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ജി നിർമൽകുമാർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സമൂഹ അധിഷ്ഠിത ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ യുവജന പങ്കാളിത്തം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ദേശീയ -സംസ്ഥാന-ജില്ലാ ദുരന്തനിവാരണ അതോറിറ്റികൾ, സംസ്ഥാന നാഷണൽ സർവീസ് സ്‌കീം എന്നിവ സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ദുരന്തനിവാരണത്തിന്റെ അടിസ്ഥാന ആശയങ്ങൾ, ദുരന്ത സാധ്യതകൾ കുറയ്ക്കൽ, തിരച്ചിലും രക്ഷാപ്രവർത്തനവും കാര്യക്ഷമമാക്കൽ, പ്രഥമശുശ്രൂഷ, അടിയന്തര സഹായമെത്തിക്കൽ, മുന്നറിയിപ്പ് സംവിധാനങ്ങൾ, റോഡ് സുരക്ഷ, ആൾക്കൂട്ട നിയന്ത്രണം, സന്നദ്ധ മനോഭാവ രൂപീകരണം, വ്യക്തത്വ വികസനം, ഒത്തൊരുമയോടെയുള്ള പ്രവർത്തനം തുടങ്ങി വിവിധ വിഷയങ്ങളിൽ ക്യാമ്പ് അംഗങ്ങൾക്ക് പരിശീലനം നൽകി. അഗ്‌നിരക്ഷാ സേന, പോലീസ്, ആരോഗ്യം, ദുരന്തനിവാരണം, മോട്ടോർ വാഹന വകുപ്പുകൾ, കുടുംബശ്രീ സ്നേഹിത ഹെൽപ് ഡെസ്‌ക്ക്, യൂണിസെഫ് തുടങ്ങി വിവിധ ഏജൻസികളിലെയും വിദഗ്ധരാണ് ക്ലാസുകൾ നയിച്ചത്. ദുരന്തങ്ങളിലും മറ്റ് അടിയന്തര സാഹചര്യങ്ങളിലും പ്രാദേശിക - ജില്ലാ ഭരണകൂടങ്ങളെ സഹായിക്കാൻ പ്രാപ്തരായ സന്നദ്ധ പ്രവർത്തകരെ പരിശീലിപ്പിച്ചെടുക്കുകയാണ് ക്യാമ്പിന്റെ ലക്ഷ്യം. പരിശീലനം പൂർത്തിയാക്കിയവർക്ക് ഐ.ഡി കാർഡ്, യൂണിഫോം, എമർജൻസി റസ്പോൺസ് കിറ്റ് എന്നിവ വരും ദിവസങ്ങളിൽ ലഭ്യമാക്കും.
സമാപന യോഗത്തിൽ നാഷണൽ സർവീസ് സ്‌കീം ഡിസാസ്റ്റർ മാനേജ്മെന്റ് ട്രെയിനിംഗ് പ്രോഗ്രാം ജില്ലാ കോർഡിനേറ്റർ ഡോ. ജി ഗോപകുമാർ അധ്യക്ഷനായി. ദുരന്തനിവാരണ വിഭാഗം ജൂനിയർ സൂപ്രണ്ട് എം രമേശൻ, നാഷണൽ സർവീസ് സ്‌കീം വിവിധ സെല്ലുകളുടെ ജില്ലാ ചാർജ് വഹിക്കുന്ന ജി സുരേഷ്, എ അരുൺകുമാർ, ജി ആശ, ഡോ. ഇ മനു, ജില്ലാ ഹസാഡ് അനലിസ്റ്റ് പ്രേം ജി പ്രകാശ്, ഡിസാസ്റ്റർ മാനേജ്മെന്റ് പ്ലാൻ കോർഡിനേറ്റർ എസ് മീനു തുടങ്ങിയവർ പങ്കെടുത്തു.









